വിദ്യാഭ്യാസത്തിലൂടെയേ സംസ്കാരമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകൂ: ചീഫ്ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍

Sunday 18 September 2011 9:08 pm IST

കാലടി: വിദ്യാഭ്യാസ കാലഘട്ടത്തില്‍നിന്നാണ്‌ തലമുറകളുടെ സംസ്കാരത്തെ വളര്‍ത്തിയെടുക്കുവാന്‍ കഴിയുകയുള്ളൂവെന്ന്‌ ഹൈക്കോടതി ചീഫ്ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍ പറഞ്ഞു. ബ്രഹ്മാനന്ദോദയം ഹയര്‍ സെക്കന്ററി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ജസ്റ്റിസ്‌. തലമുറകളെ ആഴത്തില്‍ സ്വാധീനിച്ച ആത്മീയാചാര്യനായിരുന്നു ബ്രഹ്മാനന്ദസ്വാമികള്‍. സമ്പൂര്‍ണ സാക്ഷരതയുള്ള കേരളം വിദ്യാഭ്യാസരംഗത്ത്‌ വന്‍ മുന്നേറ്റമാണ്‌ നടത്തുന്നതെന്നും ജസ്റ്റിസ്‌ പറഞ്ഞു. നന്മയിലൂടെ കുട്ടികളെ വളര്‍ത്തിയെടുക്കുന്ന കര്‍ത്തവ്യമാണ്‌ അധ്യാപകര്‍ ചെയ്യുന്നതെന്ന്‌ ചടങ്ങില്‍ സംസാരിച്ച ഹൈക്കോടതി ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു. ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിഡന്റ്‌ സ്വാമി അമലേശാനന്ദ അധ്യക്ഷത വഹിച്ചു. എം.പി. വീരേന്ദ്രകുമാര്‍ സ്വാമി ആഗമാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. ധനപാലന്‍ എംപി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബി. സാബു, ഡോ. കെ. കൃഷ്ണന്‍ നമ്പൂതിരിപ്പാട്‌, പി.എ. സത്യന്‍, എന്‍.എ. അനില്‍കുമാര്‍, എ.എം. ജയകുമാരി, എ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.