കുറ്റിപ്പുറത്ത് ഉഗ്രശേഷിയുള്ള ബോംബുകള്‍

Saturday 6 January 2018 2:55 am IST

കുറ്റിപ്പുറം: ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന് താഴെ നിന്ന് ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍ (മൈനുകള്‍) കണ്ടെത്തി. കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകര്‍ക്കാന്‍ സൈന്യം  ഉപയോഗിക്കുന്ന തരം ബോംബാണിവ. വ്യാഴാഴ്ച വൈകിട്ട് വളാഞ്ചേരി സ്വദേശിയായ യുവാവാണ് കുഴിബോംബ് ആദ്യം കണ്ടത്. സംശയം തോന്നിയ ഇയാള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ പാലത്തിന്റെ ആറാമത്തെ തൂണിന് ചുവട്ടില്‍ നിന്ന് തുണി സഞ്ചികളും, ചിതറിക്കിടക്കുന്ന അഞ്ച് കുഴിബോംബുകളും കണ്ടെത്തി. അപകട സാധ്യതയുള്ളതിനാല്‍ ഇവ  മലപ്പുറം എആര്‍ ക്യാമ്പിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയോടെ തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ ഉള്‍െപ്പടെ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ സംഘം ശേഖരിച്ചു.  

ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പക്ക് ഏതാനും മീറ്ററുകള്‍  അകലെയാണ് ഇവ കിടന്നിരുന്നത്.  പാലം തകര്‍ക്കാനുള്ള ശേഷി കുഴി ബോംബുകള്‍ക്കുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി ഐജി പറഞ്ഞു. എആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനായി എന്‍എസ്ജി സംഘം ഇന്നെത്തും.

കണ്ടെത്തിയ ബോംബുകളിലൊന്നിന്റെ ചിത്രം ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) അവരുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. സംഭവത്തില്‍ ഭീകര സംഘടനകളുടെ പങ്ക് പോലീസ് തള്ളിയിട്ടില്ല. ചരിത്ര പ്രസിദ്ധമായ കുറ്റിപ്പുറം പാലത്തിനും, ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ മിനിപമ്പയ്ക്കും വളരെ അടുത്ത് നിന്നാണ് കുഴി ബോംബുകള്‍ കണ്ടെത്തിയത്. ഇവ പ്രാദേശികമായി നിര്‍മ്മിക്കാനാകില്ലെന്നാണ് ബോംബ് സ്‌ക്വാഡിലെ വിദഗ്ധര്‍ വ്യക്തമാക്കി.  ബോംബുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. ഇന്ന് എന്‍എസ്ജിയും എത്തുന്നതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകും

22 വര്‍ഷം മുമ്പ് മലപ്പുറം കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്ന് പൈപ്പ് ബോംബുകള്‍ പിടിച്ചെടുത്ത കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ കേസിലെ മുഖ്യപ്രതി തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ഷുഹൈബിനെ അടുത്തിടെയാണ് അറസ്റ്റിലായത്. ഇയാള്‍ ഗുജറാത്തില്‍ നടന്ന മുപ്പത്തഞ്ചോളം സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ്. ഈ സാഹചര്യത്തില്‍ കുറ്റിപ്പുറത്ത് ബോംബുകള്‍ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.