ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല കാമ്പസിന്‌ മുഖ്യമന്ത്രി ശിലയിട്ടു

Sunday 18 September 2011 9:10 pm IST

കൊച്ചി: രാജ്യത്തെ മാരിടൈം മേഖലയുടെ കുതിച്ചുചാട്ടത്തിന്‌ വന്‍പ്രതീക്ഷനല്‍കുന്ന ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ കൊച്ചി മുഖ്യകാമ്പസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നിര്‍വഹിച്ചു. അന്താരാഷ്ട്ര ഷിപ്പിംഗ്‌ മേഖലയിലെ മാറിവരുന്ന നൂതന പ്രവണതകളോട്‌ പൊരുത്തപ്പെട്ടു പോവുന്നതിനുള്ള ആധുനിക പഠന സൗകര്യങ്ങളും അഫിലിയേഷനുമുള്ള രാജ്യത്തെ ഏക സര്‍വകലാശാലയായ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ പ്രധാന ക്യാമ്പസിന്റേയും, അക്കാദമിക്ക്‌ ബ്ലോക്കിന്റേയും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. രാവിലെ 11ന്‌ മരട്‌ ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ അദ്ധ്യക്ഷതവഹിച്ചു. കൊച്ചിയിലെ മാരിടൈം കാമ്പസ്‌ സര്‍വകലാശാലാ പദവിയിലേക്ക്‌ ഉയര്‍ത്തണം എന്നും ഇതിനുള്ള എല്ലാവിധ പിന്‍തുണയും സഹായവും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ആവശ്യത്തിനായി മരട്‌ പ്രദേശത്തുതന്നെ 60 ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ ശ്രമം ആരംഭിക്കും. മാരിടൈം രംഗത്തെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും ഈ മേഖലയില്‍ ഏറെ മുന്നേറ്റം നടത്തുവാനും കൈവന്നിരിക്കുന്ന അവസരം പാഴാക്കികളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല എന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊച്ചിയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ കബോട്ടേജ്‌ നിയമത്തില്‍ വേണ്ട ഭദഗതികള്‍ വരുത്തി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു. ശിലാസ്ഥാപനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങ്‌ മുഖ്യമന്ത്രി നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. നിര്‍മാണം പൂര്‍ത്തിയാക്കിയ മാരിടൈം മാനേജുമെന്റ്‌ ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ നിര്‍വഹിച്ചു. നോട്ടിക്കല്‍ സയന്‍സ്‌, മറൈന്‍ എഞ്ചിനീയറിംഗ്‌ ബ്ലോക്ക്‌ സംസ്ഥാന എക്സൈസ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എ, ഷിപ്പിംഗ്‌ മന്ത്രാലയം സെക്രട്ടറി കെ.മോഹന്‍ദാസ്‌, ഐഎംയു വൈസ്‌ ചാന്‍സലര്‍ ഡോ.പി.വിജയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യയിലെ ചെന്നൈ, വിശാഖപട്ടണം, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഏഴ്‌ മാരിടൈം സ്ഥാപനങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടാണ്‌ മാരിടൈം സര്‍വകലാശാല നിലവില്‍ വന്നിരിക്കുന്നത്‌. കൊച്ചിയിലെ കേന്ദ്രത്തിനായി കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റാണ്‌ ഐലന്റിലും കുണ്ടന്നൂരിലുമായി 12.6 ഏക്കര്‍ സ്ഥലം നല്‍കിയത്‌. അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്‌ ഇന്നലെ ഉദ്ഘാടനം ചെയ്ത ഐഎംയു മെയിന്‍ ക്യാമ്പസും അക്കാഡമിക്ക്‌ ബ്ലോക്കുകളും. വിവിധ തലങ്ങളിലുള്ള മാരിടൈം ബിരുദ, ബിരുദാനന്തര കോഴ്സുകളാണ്‌ ഇവിടെ ആരംഭിക്കുക. ഭാവിയില്‍ ഒരു സമ്പൂര്‍ണ മാരിടൈം സര്‍വകലാശാലയായി കൊച്ചി കാമ്പസ്‌ മാറും എന്ന പ്രതീക്ഷയാണ്‌ നിലനില്‍ക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.