ബുധനാഴ്ചവരെ കനത്ത മഴ, കാറ്റ്‌; ജാഗ്രതാ നിര്‍ദ്ദേശം

Tuesday 6 May 2014 9:38 am IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. കന്യാകുമാരിക്ക്‌ സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ്‌ മഴയ്ക്ക്‌ കാരണമാകുന്നത്‌. തെക്കന്‍ ജില്ലകളിലാണ്‌ മഴ കൂടുതല്‍ രൂക്ഷമാകുക. മലയോര ജില്ലകളിലും തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളോട്‌ കടലില്‍ പോകരുതെന്ന്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ താമസിക്കുന്നവര്‍ സൂക്ഷിക്കണം. ടൂറിസ്റ്റുകളെ മലയോരങ്ങളിലേക്ക്‌ കയറ്റിവിടരുതെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. നദികളുടെ ജലനിരപ്പ്‌ പെട്ടന്ന്‌ ഉയരുന്ന മിന്നല്‍ പ്രളയത്തിന്‌ സാധ്യതയുള്ളതിനാല്‍ നദികളില്‍ കുളിക്കാനും മണല്‍വാരുന്നതിനും ഇറങ്ങരുത്‌. മലയോര മേഖകളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ട്‌. പെട്ടന്നു വെള്ളം പൊങ്ങുന്നതിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിലുണ്ട്‌. തീരമേഖലകളില്‍ കടല്‍ ക്ഷോഭം രൂക്ഷമാകുകയും കടല്‍ കയറ്റത്തിനുള്ള സാധ്യതയുമുണ്ട്‌.
കേരള തീരത്തു ശക്തമായ വടക്ക്‌ പടിഞ്ഞാറന്‍ കാറ്റിനു സാധ്യതയെന്ന്‌ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനാണ്‌ സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളില്‍ 13 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്‌. മൂന്നു ദിവസം വരെ മഴ തുടരാം. ന്യൂനമര്‍ദം കന്യാകുമാരി തീരത്തുനിന്നു കേരള തീരത്തേക്കും പിന്നീടു ലക്ഷദ്വീപിലേക്കും നീങ്ങും. തിരുവനന്തപുരത്തടക്കം തെക്കന്‍ കേരളത്തില്‍ ഇതിനകം കനത്ത മഴ ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ ഉച്ചമുതല്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ ഇടിയോടു കൂടിയ മഴയാണ്‌ പെയ്യുന്നത്‌. വേനല്‍ മഴയാണ്‌ പെയ്യുന്നതെങ്കിലും കാലവര്‍ഷത്തിന്റെ പ്രതീതിയാണ്‌ ഉണ്ടായിരിക്കുന്നത്‌. പകല്‍ നേരത്ത്‌ ശക്തമായ ചൂട്‌ ഉണ്ടാകേണ്ട കാലമായിട്ടും ചൂട്‌ നന്നേ കുറഞ്ഞിട്ടുണ്ട്‌.
വേനല്‍ മഴ സംസ്ഥാനത്ത്‌ ശക്തമായതോടെ വന്‍തോതില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. വേനല്‍ മഴയില്‍ സംസ്ഥാനത്ത്‌ 67 കോടിയോളം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ്‌ ഔദ്യോഗിക കണക്കുകള്‍. മഴക്കെടുതികള്‍ നേരിടാന്‍ എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഏത്‌ സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന നിര്‍ദ്ദേശവും കളക്ടര്‍മാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.