മെട്രോ നിര്‍മാണം തടസ്സപ്പെടുത്തരുത്‌: ആര്യാടന്‍

Monday 5 May 2014 10:08 pm IST

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരത്തില്‍ നിന്നും സിപിഎം പിന്മാറണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്‌ . തുടര്‍ന്നും ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയാറാണ്‌.
വിഷയവുമായി ബന്ധപ്പെട്ട്‌ സര്‍വ കക്ഷി യോഗം വിളിക്കാന്‍ തയാറാണെന്നും ആര്യാടന്‍ പറഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതില്‍പ്പെടുന്ന കൊച്ചി മെട്രോ സമയബന്ധിതമായി തീര്‍ക്കാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ നിര്‍മാണം തടസപ്പെടുത്തുന്നത്്‌ ശരിയല്ല. ഏഴിന്‌ തിരുവനന്തപുരത്ത്‌ ചേരുന്ന അവലോകന യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായി ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുക സ്വാഭിവകമാണ്‌. ഇതിനോട്‌ എല്ലാവരം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാരും കെഎംആര്‍എല്ലും ചേര്‍ന്ന്‌ സ്വീകരിച്ചിട്ടുണ്ട്‌. നിര്‍മാണം പൂര്‍ണമായും തീരാതെ യാത്രാബുദ്ധിമുട്ട്‌ ശ്വാശതമായി പരിഹരിക്കാന്‍ സാധിക്കില്ല. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ നിന്നും നാലുമാസമെങ്കിലും വൈകിയായിരിക്കും പദ്ധതി പൂര്‍ത്തിയാവുക. സുതാര്യതയോടെ പദ്ധതി നടപ്പാക്കുമ്പോള്‍ അതനുസരിച്ച്‌ നടപടിക്രമങ്ങള്‍ക്ക്‌ കാലതാമസം നേരിടും. റോളിംഗ്‌ സ്റ്റോക്കിന്റെ കാര്യത്തില്‍ റീടെണ്ടര്‍ വിളിച്ചതും ഇതിന്റെ ഭാഗമാണ്‌. സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്റെ നിര്‍ദേശാനുസരണമാണ്‌ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.
മെട്രോയ്ക്കായി 40 ഏക്കര്‍ സ്ഥലമാണ്‌ വേണ്ടത്‌ ഇതില്‍ 32 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബാക്കി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന്‌ മെയ്‌ 16 ന്‌ ശേഷം പരിഹാരമാകുമെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായുള്ള ഗതാഗതകുരുക്ക്‌ പരിഹരിക്കാന്‍ തമ്മനം-പുല്ലേപ്പടി റോഡ്‌ വികസനത്തിനായി ഭുമി ഏറ്റെടുക്കുന്നതിന്‌ സര്‍ക്കാര്‍ കൊച്ചി നഗരസഭയ്ക്ക്‌ ഫണ്ട്‌ നേരത്തെ നല്‍കിയിട്ടുള്ളതാണ്‌. ഭൂമി ഏറ്റെടുക്കേണ്ടത്‌ നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.