വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയവരെ ഓര്‍ത്തഡോക്സ്‌ വിശ്വാസികള്‍ മര്‍ദ്ദിച്ചു

Sunday 18 September 2011 9:18 pm IST

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ പള്ളിയോടക്കരക്കാരെ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട്‌ റോഡുപരോധിച്ച ഓര്‍ത്തഡോക്സ്‌ വിശ്വാസികള്‍ തല്ലിച്ചതച്ചു. ക്രൈസ്തവ പാതിരിമാരുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തില്‍ കുട്ടികളടക്കം ഇരുപതോളം പേര്‍ക്ക്‌ മര്‍ദ്ദനമേറ്റു. ഇവരില്‍ സാരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൈമറവുംകര പള്ളിയോടത്തിന്റെ ക്യാപ്റ്റന്‍ തൈമറവുംകര കൊച്ചുപൊയ്കയില്‍ അജികുമാര്‍(36), ഓതറ പുന്നശ്ശേരില്‍ അനില്‍കുമാര്‍(42), തൈമറവുംകര വട്ടത്തോട്ടില്‍ മോഹനന്‍(40) എന്നിവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഓതറ പുന്നശ്ശേരില്‍ സുനില്‍ കുമാര്‍(47), നെല്ലിക്കല്‍ വല്യപറമ്പില്‍ മുരളി(44) എന്നിവരെ മാലക്കര സ്വകാര്യ ആശുപത്രിയലും പ്രവേശിപ്പിച്ചു. ആറാട്ടുപുഴ ജംഗ്ഷന്‌ സമീപം ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു അക്രമം. അനില്‍കുമാറിന്റെ ഇടതുകൈയിലെ രണ്ടു വിരലുകള്‍ക്ക്‌ ഒടിവുണ്ട്‌. ഇതിന്‌ പുറമേ പുറത്ത്‌ രണ്ടിടങ്ങളിലായി പത്തലുകൊണ്ട്‌ അടിയേറ്റ ക്ഷതവുമുണ്ട്‌. മാലക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള സുനില്‍കുമാറിന്റെ വലതുകണ്ണിന്‌ താഴെ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്‌. പരിക്കേറ്റ മറ്റുള്ളവര്‍ക്കെല്ലാം ദേഹമാസകലം കമ്പുകൊണ്ട്‌ അടിയേറ്റ പാടുകളുമുണ്ട്‌. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തൈമറവുംകര പള്ളിയോടത്തിനുള്ള വഴിപാട്‌ വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ കരക്കാരെയാണ്‌ ആറാട്ടുപുഴ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ പള്ളി ഇടവകയിലെ ആളുകള്‍ വളഞ്ഞിട്ടുതല്ലിയത്‌. പൂവത്തൂര്‍ ആഞ്ഞിലിമൂട്ടില്‍കടവില്‍ കാത്തുകിടക്കുന്ന പള്ളിയോടത്തില്‍ കയറാന്‍ ക്യാപ്റ്റന്‍ അജികുമാറടക്കമുള്ളവര്‍ ടെമ്പോയില്‍ വരുകയായിരുന്നു. ആറാട്ടുപുഴ ഓര്‍ത്തഡോക്സ്‌ പള്ളിയ്ക്ക്‌ സമീപം ഉപരോധം നടക്കുന്നതിനാല്‍ മുക്കാല്‍ മണിക്കൂറിലേറെ ഇവര്‍ കാത്തുകിടന്നു. താമസിച്ചാല്‍ പള്ളിയോടത്തിലേറി വള്ളസദ്യയ്ക്കെത്താന്‍ കഴിയില്ലാ എന്നായപ്പോള്‍ ഉപരോധക്കാരെ സമീപിച്ച്‌ തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന്‌ ഇവര്‍ അഭ്യര്‍ത്ഥിച്ചു. വികാരി അഞ്ചുമിനിറ്റ്‌ കഴിഞ്ഞ്‌ പോകാമെന്ന്‌ പറഞ്ഞതിന്‌ ശേഷം അരമണിക്കൂര്‍ കഴിഞ്ഞിട്ടും പോകാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ വീണ്ടും ഉപരോധക്കാരെ സമീപിച്ച്‌ ക്ഷേത്രം അടച്ചു കഴിഞ്ഞാല്‍ വള്ളസദ്യയ്ക്ക്‌ എത്താനാവില്ലെന്നും അനുഷ്ഠാനത്തിന്‌ തടസ്സമുണ്ടാകുമെന്നും പറഞ്ഞപ്പോള്‍ ആചാരവും അനുഷ്ഠാനവുമൊക്കെ പണ്ട്‌ എന്നാക്രോശിച്ചുകൊണ്ട്‌ ഒരു സംഘം ആളുകള്‍ കൊടികെട്ടിയ പത്തലും വടിയും കൊണ്ട്‌ അക്രമിക്കുകയായിരുന്നുവെന്ന്‌ പരിക്കേറ്റവര്‍ പറഞ്ഞു. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയ കൊച്ചുകുട്ടികളടക്കമുള്ളവര്‍ക്ക്‌ മര്‍ദ്ദനമേറ്റു. അപ്രതീക്ഷിതമായ ആക്രമണമായതിനാല്‍ പ്രതിരോധിക്കാന്‍ പോലും സാധിച്ചില്ലെന്നും ക്യാപ്റ്റന്‍ അജികുമാര്‍ പറഞ്ഞു. മര്‍ദ്ദനത്തിന്‌ ശേഷം അക്രമികള്‍ ഓടി പള്ളിയ്ക്കുള്ളില്‍ കയറി രക്ഷപെട്ടു. പള്ളിയോടക്കരക്കാരെ മര്‍ദ്ദിക്കുന്ന വിവരം അറിഞ്ഞ്‌ പോലീസ്‌ എത്തിയെങ്കിലും നിസ്സംഗതപാലിച്ചെന്ന ആക്ഷേപവുമുണ്ട്‌. മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കിയ ആളെ കാട്ടിക്കൊടുത്തെങ്കിലും അറസ്റ്റുചെയ്യാന്‍പോലും പോലീസ്‌ വിസമ്മതിച്ചതായും പറയപ്പെടുന്നു. അക്രമം നടത്തി എട്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും അക്രമികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനായിട്ടില്ല. പത്തനംതിട്ട ഡിവൈഎസ്പി രഘുവരന്‍നായര്‍, സി.ഐ.സഖറിയ മാത്യു, ആറന്മുള എസ്‌ഐ സുരേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.