മദ്യപരുടെ സ്വന്തം സര്‍ക്കാര്‍

Monday 5 May 2014 8:38 pm IST

ജനങ്ങളെ കുടിപ്പിച്ചു കിടത്തി ഭരണം നടത്തുന്ന ഒരു സര്‍ക്കാരായി കേരള ഭരണം മാറിയിരിക്കുന്നു. മുഖ്യമന്ത്രി, എക്സൈസ്‌ മന്ത്രി, പാര്‍ട്ടിയിലെ ഉന്നതര്‍ എല്ലാവര്‍ക്കും അടഞ്ഞുകിടക്കുന്ന ബാറുകളെക്കുറിച്ച്‌ വലിയ വേവലാതിയാണ്‌. വീട്ടമ്മയെ മദ്യപിച്ചെത്തി ബലാത്സംഗം ചെയ്തു! ദല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയവരെല്ലാം മദ്യലഹരിയിലായിരുന്നു. 84കാരിയെ ബലാത്സംഗം നടത്തി കൊന്നവര്‍ മദ്യപിച്ചിരുന്നു. മദ്യപിച്ചെത്തിയ കുടുംബനാഥന്‍ മകളെ പീഡിപ്പിച്ചു. ഭാര്യയെ കഴുത്തറുത്ത്‌ കൊന്ന ഭര്‍ത്താവ്‌ മദ്യപിച്ചിരുന്നു. മദ്യപിച്ച്‌ വണ്ടിയോടിച്ച്‌ ബസ്സ്‌ അപകടത്തില്‍പ്പെട്ടു. മദ്യപന്‍ നടുറോഡില്‍ അഴിഞ്ഞാടി സ്ത്രീകളെ ഉപദ്രവിച്ചു. വീട്ടില്‍ ഗൃഹനാഥന്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച്‌ കുട്ടി മരിച്ചു. സ്ത്രീകളില്‍ മദ്യപാനാസക്തി വര്‍ധിച്ചുവരുന്നു.
മദ്യലഹരിയിലായിരുന്ന അച്ഛന്‍ മകളെ അനാശാസ്യത്തിന്‌ പ്രേരിപ്പിച്ചു. മദ്യം ലഭിക്കുവാന്‍ പണത്തിനായി കുട്ടിയെ വിറ്റു. സ്കൂള്‍ കുട്ടികള്‍ സംഘം ചേര്‍ന്ന്‌ മദ്യപിക്കുന്നത്‌ പതിവായിരിക്കുന്നു. ഗൃഹനാഥന്റെ മദ്യപാനം മൂലം കുടുംബം തകര്‍ന്നു. മദ്യലഹരിയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ്‌ അടിച്ചുകൊന്നു എന്നിങ്ങനെ എന്നും പ്രത്യക്ഷപ്പെടുന്ന ഇത്തരം സംഭവങ്ങളെ കുറിച്ചൊന്നും വിഷമമോ വേവലാതിയോ പ്രകടിപ്പിക്കാത്ത ഭരണനേതൃത്വത്തിന്‌ പൂട്ടിക്കിടക്കുന്ന ബാറുകളിലെ തൊഴിലാളികളെയോര്‍ത്ത്‌ കണ്ണുനീര്‍. വിഷമം. എന്തൊരു വിരോധാഭാസം. കേരളത്തിലെ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ബാര്‍ പ്രശ്നത്തില്‍ മുന്നോട്ടു വയ്ക്കാനുള്ളത്‌ നിയമലംഘനത്തിനും നിയമത്തില്‍ ഇളവുവരുത്തുവാനും സര്‍ക്കാര്‍ സംവിധാനം കൂട്ടുനില്‍ക്കണമെന്ന നിര്‍ദ്ദേശമാണ്‌.
അതിനായി കെപിസിസി പ്രസിഡന്റിന്റെ ഇക്കാര്യത്തിലുള്ള സമീപനം തെറ്റാണെന്നും പ്രായോഗികമല്ലെന്നും വരുത്തിത്തീര്‍ക്കണം. കേരളത്തിന്റെ ഒരു ഗതികേട്‌! കേരള ഖജനാവ്‌ ഓട്ടയായതിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ ഒരു വേവലാതിയുമില്ല. വരുമാനം നോക്കാതെ സുതാര്യ കേരളമെന്ന വ്യക്തി അധിഷ്ഠിതമായ സര്‍ക്കാര്‍ പരിപാടിക്കായി വാരിക്കോരി പണം വിതരണം ചെയ്ത്‌ ട്രഷറി കടുത്ത നിയന്ത്രണത്തില്‍ എത്തിച്ച ഒരു ഭരണത്തിന്റെ താല്‍പ്പര്യം മദ്യപന്മാര്‍ക്ക്‌ സൗകര്യമുണ്ടാക്കുകയെന്നതാണ്‌. മദ്യം വരുത്തിവയ്ക്കുന്ന മറ്റ്‌ സാമൂഹ്യപ്രശ്നങ്ങളൊന്നും ഉമ്മന്‍ചാണ്ടി ഭരണത്തിന്‌ പ്രശ്നമല്ലെന്നുവേണം കരുതുവാന്‍. ഖദര്‍ ധരിച്ച്‌ ഭരണം നടത്തുന്ന ഇത്തരം രാഷ്ട്രീയ കോമരങ്ങള്‍ മഹാത്മജിയുടെ പിന്തുടര്‍ച്ചക്കാരാണെന്ന്‌ പറയുന്നത്‌ തന്നെ നാണക്കേടാണ്‌.
"ഒരാള്‍ മാത്രം മദ്യത്തിനെതിരും മറ്റുള്ളവര്‍ അനുകൂലവുമാണെന്ന തരത്തില്‍" എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ അദ്ദേഹത്തിന്റെ കാപട്യം വിളിച്ചറിയിക്കുന്ന സംഭവമാണ്‌. ജനങ്ങളുടെ ശ്രേയസ്സും സുരക്ഷിതത്വവും വേദനയും മനസ്സിലാക്കുന്ന ഒരു രാഷ്ട്രീയനേതാവിനും മദ്യത്തിന്റെ ക്രമാതീതമായ ലഭ്യതയ്ക്കും ബാറുകളുടെ എണ്ണം പെരുകലിനെയും ഇക്കാര്യത്തിലുള്ള നിയമവ്യവസ്ഥയെ ലംഘിക്കുന്നതിനെയും അനുകൂലിക്കുക സാധ്യമല്ല. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഖദര്‍ ധാരികളായ ഭരണക്കാരും പ്രത്യയശാസ്ത്ര വക്താക്കളും കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബാറുകള്‍ അടഞ്ഞുകിടക്കുന്നതാണെന്നും കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്നവരും കഷ്ടത അനുഭവിക്കുന്നവരും ബാറുടമകളാണെന്നും സംസ്ഥാനത്തെ തൊഴില്‍ പ്രശ്നം ബാറുകളിലെ തൊഴിലാളികളുടെതാണെന്നും ജീവിതം വഴിമുട്ടി നില്‍ക്കുന്നത്‌ മദ്യപന്മാരുടെതാണെന്നും വച്ച്‌ കാച്ചുകയാണ്‌. അധാര്‍മികതയും കപടരാഷ്ട്രീയ തന്ത്രവും അവസരവാദവും നിറഞ്ഞ ഇത്തരക്കാരുടെ പ്രസ്തവനകള്‍ തികഞ്ഞ ജനദ്രോഹപരമായ നിലപാടുകളാണ്‌.
ഇക്കഴിഞ്ഞ പാര്‍ലമെന്റ്‌ ഇലക്ഷന്‌ കൈനീട്ടി വാങ്ങിയ കോടിക്കണക്കിന്‌ രൂപയുടെ ഇലക്ഷന്‍ ഫണ്ടിന്‌ പ്രത്യുപകാരമായിട്ടാണ്‌ പലരും ബാറുകള്‍ക്ക്‌ വേണ്ടി ഘോരം ഘോരം വാദിക്കുന്നതെന്ന്‌ വളരെ വ്യക്തമാണ്‌. ഈ ചര്‍ച്ചകളിലൂടെ ഇന്ന്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സുഖസൗകര്യങ്ങളില്‍ കഴിയുന്ന ബാറുടമകളുടെ പക്ഷം പറയുന്ന രാഷ്ട്രീയ നേതാക്കളെ ജനം തിരിച്ചറിയുന്നുണ്ട്‌ എന്നുകൂടെ രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കുന്നത്‌ നന്ന്‌. ബാറുകളുടെ പ്രശ്നത്തില്‍ നിലവിലെ നിയമങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്ന്‌ പറയുന്ന വി.എം.സുധീരനെ വേട്ടയാടി തോല്‍പ്പിക്കുന്നത്‌ സാംസ്ക്കാരിക കേരളത്തിന്റെ മൂല്യശോഷണമാണ്‌. കടകംപിള്ളി ഭൂമി തട്ടിപ്പ്‌, സോളാര്‍ പ്രശ്നം, പശ്ചിമഘട്ട സംരക്ഷണം, നെടുമ്പാശ്ശേരി സ്വര്‍ണം കടത്ത്‌, കാലിക്കറ്റ്‌ സര്‍വകലാശാല ഭൂമി കൈമാറ്റം, ആറന്മുള വിമാനത്താവളം, വെറ്റിലതുരുത്ത്‌-നെടിയതുരുത്ത്‌ റിസോര്‍ട്ട്‌ നിര്‍മാണം, ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍, പാടം നികത്തിയാല്‍ ഫൈനടച്ച്‌ കരഭൂമി സ്റ്റാറ്റസ്‌, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍, സീ പ്ലെയിന്‍ പദ്ധതി, കടല്‍മണല്‍ ഖാനനം, കരിമണല്‍ ഖാനനം, നെല്ലിയാമ്പതി പാട്ടക്കരാറുകള്‍ തുടങ്ങി സംസ്ഥാനം കണ്ട ചതി പദ്ധതികളിലും സംസ്ഥാന മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളിലെ ധാര്‍മികത കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെ. ഒപ്പം അദ്ദേഹത്തിന്റെ ബാറുകളുടെ കാര്യത്തിലുള്ള സമീപനവും.
യുഡിഎഫ്‌ സര്‍ക്കാര്‍ പുതിയ അബ്കാരി നയം സംബന്ധിച്ച്‌ പഠനങ്ങള്‍ക്കായി നിയോഗിച്ച ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുവാന്‍ എന്തിനാണ്‌ സര്‍ക്കാര്‍ വൈമനസ്യം കാണിക്കുന്നത്‌? ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തുക, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും അതിന്‌ മുകളിലുള്ള സ്റ്റാര്‍ ഹോട്ടലുകള്‍ക്കും മാത്രമായി പുതിയ ലൈസന്‍സ്‌ നല്‍കുക, കള്ളുഷാപ്പുകള്‍ രാവിലെ 8 മുതല്‍ രാത്രി എട്ടുമണിവരെ തുറന്നു പ്രവര്‍ത്തിക്കുക, പ്രായപൂര്‍ത്തിയാകാത്ത കുടിയന്മാരെ നിയന്ത്രിക്കുവാന്‍ അവര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ മാത്രം മദ്യം വില്‍ക്കുക തുടങ്ങിയവയാണ്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍ പാനലിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍. 1967 ല്‍ സംസ്ഥാനത്ത്‌ മദ്യനിരോധനം ഉപേക്ഷിച്ചതില്‍ പിന്നെ സംസ്ഥാനത്ത്‌ മദ്യ ഉപയോഗം വര്‍ഷംതോറും വര്‍ധിച്ചുവന്നതായി പാനല്‍ ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ വിദേശ മദ്യ ഉപയോഗത്തില്‍ 16 ശതമാനവും കേരളത്തിന്റെ സംഭാവനയാണത്രെ! സംസ്ഥാനത്തെ ആളോഹരി മദ്യ ഉപയോഗം 8.3 ലിറ്റര്‍ ആണ്‌. ഇത്‌ പഞ്ചാബിനേക്കാളും അമേരിക്കയേക്കാളും വരെ കൂടുതലാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരള ബിവറേജസ്‌ കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ എണ്ണം 9.5 ലക്ഷമാണ്‌. 12 ലക്ഷം കുപ്പി മദ്യം പ്രതിദിനം കെഎസ്ബിസി ഔട്ട്ലെറ്റുകളില്‍ നിന്നും ചെലവാകുന്നുണ്ട്‌.
സംസ്ഥാനത്തെ അഞ്ച്‌ ശതമാനം പേരും മദ്യത്തിന്‌ അടിമകളാണ്‌. സംസ്ഥാനത്തെ ഡൈവേഴ്സുകളില്‍ 80 ശതമാനവും മദ്യ ഉപയോഗം മൂലം കുടുംബത്തില്‍ ഉണ്ടാകുന്ന കലഹങ്ങള്‍ മൂലമാണെന്നതാണ്‌ വാസ്തവം. 4.9 ലക്ഷം റോഡ്‌ അപകടങ്ങളില്‍ 2011 ല്‍ മാത്രം 1.42 ലക്ഷം പേര്‍ മരിച്ചു. ഇതില്‍ 10553 ഡ്രൈവര്‍മാരും മദ്യപിച്ചിരുന്നു. 50000 ത്തിലധികം അപകടങ്ങളും മദ്യ ഉപയോഗം മൂലം സംഭവിച്ചതാണത്രെ! കുടുംബങ്ങളെ അശാന്തിയിലേക്കും സമൂഹങ്ങളെ അസ്ഥിരപ്പെടുത്തുന്നതിലേക്കും മദ്യം വഴിമാറ്റുന്നു എന്ന സൂചനയാണിതെല്ലാം നല്‍കുന്നത്‌. കേരളത്തിലെ ഓരോ പൗരനും പ്രതിവര്‍ഷം 1340 രൂപയുടെ മദ്യം അകത്താക്കുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 100 രൂപയുടെ മദ്യം വില്‍ക്കുമ്പോള്‍ സര്‍ക്കാരിന്‌ 80 രൂപ ലഭിക്കുന്നുണ്ട്‌. ആളോഹരി ഉപയോഗം കേരളത്തില്‍ 8.3 ലിറ്ററും പഞ്ചാബില്‍ 7.9 ലിറ്ററുമാണത്രെ! സംസ്ഥാനത്ത്‌ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വിഷമദ്യം കഴിച്ച്‌ ഉണ്ടായ മദ്യ ദുരന്തങ്ങളില്‍ 225 പേരെങ്കിലും മരിച്ചിട്ടുണ്ട്‌. 1982ല്‍ ഉണ്ടായ വൈപ്പിന്‍ വിഷമദ്യ ദുരന്തത്തില്‍ 78 പേര്‍ മരിക്കുകയും 63 പേര്‍ക്ക്‌ കണ്ണുകള്‍ നഷ്ടപ്പെടുകയും 15 പേര്‍ക്ക്‌ ചലനശക്തി നഷ്ടപ്പെടുകയും 650 കുടുംബങ്ങള്‍ക്ക്‌ ജീവിതം വഴിമുട്ടുകയും ചെയ്തു. കൊല്ലം വിഷമദ്യ ദുരന്തത്തില്‍ 35 മരണം ഉണ്ടായി. സംസ്ഥാനത്ത്‌ 85000 ത്തിലധികം അനധികൃത മദ്യ വിതരണ സംസ്ഥാനങ്ങളുണ്ട്‌.
വിഷമദ്യദുരന്തങ്ങള്‍ തടയുവാന്‍ സര്‍ക്കാര്‍ കാര്യമാത്ര പ്രസക്തമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും ഇടപെടലുകള്‍ക്ക്‌ ഫലം കാണുന്നില്ലെന്നും വീര്യം കൂട്ടുവാന്‍ ചേര്‍ത്ത രാസപദാര്‍ത്ഥം മൂലം മരണപ്പെട്ടത്‌ മലപ്പുറം ജില്ലയില്‍ 25 പേരാണ്‌. മദ്യപര്‍ക്ക്‌ സാധാരണ ജീവിതം അസാധ്യമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസ്സംഗതയാണ്‌ പുലര്‍ത്തുന്നത്‌. കാരണം സംസ്ഥാന റവന്യൂ വരവിന്റെ 40 ശതമാനവും ജനങ്ങളെ കുടിപ്പിച്ചിട്ടാണ്‌ സര്‍ക്കാരിന്‌ ലഭിക്കുന്നത്‌. ധാര്‍മികത കൈമോശംവരാത്ത നേതാക്കള്‍ക്ക്‌ മാത്രമേ ഇത്തരം കാര്യങ്ങളില്‍ ജനസൗഹൃദ, സാമൂഹ്യപ്രതിബദ്ധമായ നിലപാടുകളെടുക്കാനാകൂ. കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്‌ കേരളത്തില്‍ 337 മദ്യകടകളുണ്ട്‌. ഓരോ കടയും ഉദ്ദേശം 80000 മദ്യപന്മാരെയാണ്‌ തൃപ്തിപ്പെടുത്തുന്നത്‌. ഇത്‌ കൂടാതെയാണ്‌ 5000ത്തിലധികം വരുന്ന കള്ളുഷാപ്പുകള്‍. കേരളത്തില്‍ മദ്യപാനം മൂലം കുടുംബങ്ങളുടെ തകര്‍ച്ച, ഭാര്യാ-ഭര്‍ത്താക്കന്മാരുടെ വേര്‍പിരിയല്‍, കുട്ടികള്‍ അനാഥരാവുക, കരള്‍, ഹാര്‍ട്ട്‌ എന്നിവയ്ക്ക്‌ അസുഖങ്ങള്‍ വര്‍ധിക്കുക. കാന്‍സര്‍ രോഗങ്ങളുടെ എണ്ണം കൂടുക. റോഡപകടങ്ങള്‍ പെരുകുന്നു. സാമൂഹ്യ അതിക്രമങ്ങള്‍ വര്‍ധിക്കുകയും സാമൂഹ്യസുരക്ഷ കുറയുകയും ചെയ്യുന്നു. സ്ത്രീകള്‍ കൂടുതല്‍ അക്രമങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും വിധേയരാകുന്നു. മുതിര്‍ന്നവര്‍ കാണിക്കുന്ന മദ്യപാനാസക്തി ചെറുപ്പക്കാരെ മദ്യത്തിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ഇടവരുത്തുന്നു.
തികച്ചും അനാരോഗ്യകരമായ ചുറ്റുപാടിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും നടത്തുന്ന ബാറുകളാണ്‌ സംസ്ഥാനത്ത്‌ അടച്ചുപൂട്ടുവാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. വരുമാനത്തിന്റെ ഏറിയ പങ്കും ബാറുകളില്‍ ചെലവാക്കുന്ന മദ്യപന്മാരുടെ കുടുംബ തകര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടും അബ്കാരികളുടെ പകല്‍ കൊള്ളയും മദ്യപാനം മൂലമുള്ള സാമൂഹ്യ വിപത്തുക്കളും വിലയിരുത്തിയാണ്‌ കോടതി പല നിരീക്ഷണങ്ങളും നടത്തത്തിയിരിക്കുന്നത്‌. എന്നാല്‍ ഇതെല്ലാം വികലമായ നയരൂപീകരണത്താലും നിയമനിര്‍മാണത്താലും സര്‍ക്കാര്‍ ഉത്തരവു പ്രകാരവും മറികടക്കുവാനുള്ള കുബുദ്ധിയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലും യുഡിഎഫ്‌ യോഗത്തിലും സര്‍ക്കാര്‍-പാര്‍ട്ടി ഏകോപന സമിതിയിലും നടക്കുന്നത്‌. ഇക്കാര്യങ്ങളില്‍ കൃത്യമായ നിലപാട്‌ വെളിപ്പെടുത്താതെ സര്‍ക്കാരിനെ പഴി പറയുവാന്‍ കിട്ടിയ സന്ദര്‍ഭം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്‌ എല്‍ഡിഎഫ്‌ ചെയ്യുന്നത്‌. മദ്യം എന്ന സാമൂഹ്യവിപത്തിനെ കൈകാര്യം ചെയ്യുവാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന്‌ നടപടി സ്വീകരിക്കേണ്ടതിന്‌ പകരം പരസ്പ്പരം ചെളിവാരി എറിയുന്നത്‌ കേരള സമൂഹത്തിന്‌ ഗുണകരമാകില്ല.
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മദ്യപന്മാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയും ബാല കുടിയന്മാരെ നിയന്ത്രിക്കുകയും ഗുണനിലവാരമുള്ള മദ്യം ലഭ്യമാക്കുകയും മദ്യലഭ്യതയുടെ സമയം പരിമിതപ്പെടുത്തുകയും വിഷമദ്യ ദുരന്തങ്ങള്‍ ഒഴിവാക്കുകയും മദ്യം ഉപയോഗിച്ചതിനുശേഷമുള്ള ഡ്രൈവിംഗ്‌ തടയുകയും മദ്യപിച്ചിട്ടുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കനത്ത ശിക്ഷ നല്‍കുകയും ചെയ്യേണ്ടത്‌ സര്‍ക്കാരിന്റെ ബാധ്യതയാണ്‌. ഇക്കാര്യത്തിലെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച്‌ നീങ്ങണം, നമ്മുടെ കുട്ടികളുടെ ഭാവി ഓര്‍ത്തെങ്കിലും!
ഡോ. സി.എം. ജോയ്‌ e-mail: jcheenikkal@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.