മോദിക്കെതിരായ നീക്കം കേന്ദ്രം ഉപേക്ഷിച്ചു

Tuesday 6 May 2014 11:01 am IST

ന്യൂദല്‍ഹി: യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തില്‍ ബിജെപിയുടെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. യുപിഎയിലെ ഘടകകക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ മോദിക്കെതിരായ രാഷ്ട്രീയ നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചത്‌.
അലഹബാദ്‌ ഹൈക്കോടതിയോട്‌ ജഡ്ജിയെ വിട്ടുനല്‍കണമെന്ന്‌ ആവശ്യപ്പെട്ടത്‌ പിന്‍വലിക്കാനും യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പിന്‌ ശേഷം അധികാരത്തിലെത്തുന്ന പുതിയ കേന്ദ്രസര്‍ക്കാരിന്‌ വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നുമാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മോദിക്കെതിരായി കോണ്‍ഗ്രസ്‌ നടത്തിയ ഹീനമായ രാഷ്ട്രീയ പകപോക്കല്‍ ഫലത്തില്‍ അവര്‍ക്ക്‌ നാണക്കേടായി മാറി.
എന്‍സിപിയും നാഷണല്‍ കോണ്‍ഫറന്‍സുമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട്‌ രംഗത്തെത്തിയിരുന്നത്‌. ഇതോടെ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയമിച്ചാല്‍ തന്നെ വിപരീത ഫലം മാത്രമേ ഉണ്ടാകൂവെന്നും സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.
ആര്‍ക്കിടെക്റ്റായ യുവതിയെ ഗുജറാത്ത്‌ സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച്‌ നിരീക്ഷിച്ചെന്ന ആരോപണത്തേപ്പറ്റി അന്വേഷിക്കാന്‍ ജഡ്ജിമാര്‍ ആരും തയ്യാറായിരുന്നില്ല. ഇതോടെ 1998ല്‍ വാരാണസിയില്‍ നിന്നും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ലോക്സഭയിലേക്ക്‌ മത്സരിക്കാന്‍ ശ്രമിച്ച അലഹബാദ്‌ ഹൈക്കോടതിയിലെ മുന്‍ ജഡ്ജ്‌ 80കാരനായ അചല്‍ ബിഹാരി ശ്രീവാസ്തവയെ കോണ്‍ഗ്രസ്‌ തപ്പിയെടുത്തു. ഇതിനിടെയാണ്‌ ഘടകകക്ഷികള്‍ കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ തിരിഞ്ഞത്‌.
കേന്ദ്ര നിയമമന്ത്രി കപില്‍ സിബലും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമാണ്‌ നരേന്ദ്രമോദിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നത്‌ നിയമവിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റവുമാണെന്ന നിലപാടുകള്‍ തള്ളിക്കൊണ്ടാണ്‌ കോണ്‍ഗ്രസ്‌ മോദിക്കെതിരെ പകപോക്കലുമായി മുന്നോട്ടു നീങ്ങിയത്‌. അതിനിടെ യുപിഎയിലെ പ്രബലമായ രണ്ടുഘടകക്ഷികളും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന്‌ എന്‍സിപി നേതാവ്‌ ശരദ്‌ പവാര്‍ പ്രധാനമന്ത്രിയെ നേരിട്ട്‌ അറിയിക്കുകയും സംഭവത്തില്‍ മോദിക്കെതിരായ അന്വേഷണം ആവശ്യമില്ലെന്ന്‌ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍ പരസ്യമായി പറയുകയും ചെയ്തു. യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തെറ്റാണെന്ന്‌ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്രമന്ത്രി ഫാറുഖ്‌ അബ്ദുള്ളയും വ്യക്തമാക്കി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മണിക്കൂറുകളില്‍ ഇത്തരത്തിലുള്ള നടപടി ശരിയല്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു നടത്തേണ്ടിയിരുന്നതെന്നും ഒമര്‍ പറഞ്ഞു.
ഇതിനു പുറമേ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചുവിടുമെന്ന്‌ ബിജെപിയും വ്യക്തമാക്കിയതോടെയാണ്‌ കമ്മീഷനെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന്‌ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും പിന്മാറിയത്‌. എന്‍സിപിയും നാഷണല്‍ കോണ്‍ഫറന്‍സും നരേന്ദ്രമോദിക്കനുകൂലമായ നിലപാട്‌ സ്വീകരിക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ ഫലം വന്നതിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയിലുണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളുടെ സൂചനയും നല്‍കുന്നുണ്ട്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.