കുട്ടനാട്ടില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അതിക്രമം

Monday 5 May 2014 9:26 pm IST

ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും സിപിഎം അക്രമം; ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളായ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി രാമങ്കരി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ മാമ്പുഴക്കരി വാഴക്കൂട്ടത്തില്‍ സജീവ്‌ (33), സഹോദരന്‍ സന്തോഷ്‌ (29) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. കുത്തേറ്റ സന്തോഷിന്റെ നില അതീവ ഗുരുതരമാണ്‌. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ശരീരമാസകലം ഇരുമ്പുവടിക്ക്‌ അടിയേറ്റ സന്തോഷിന്റെ നിലയും ഗുരുതരമാണ്‌.
ഞായറാഴ്ച രാത്രി 11.30ഓടെ എടത്വാ പള്ളിക്ക്‌ സമീപമായിരുന്നു സംഭവം. വള, മാല കച്ചവടക്കാരായ ഇവര്‍ കടയടയ്ക്കുമ്പോഴാണ്‌ പത്തോളം സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്‌. ഡിവൈഎഫ്‌ഐ നേതാവ്‌ പാണ്ടങ്കരി സ്വദേശി ജസ്റ്റസ്‌, കുഴിക്കാല കോളനി നിവാസികളായ സന്തു, ഉണ്ണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
രാമങ്കരി പ്രദേശത്ത്‌ സ്ഥിരമായി അക്രമം നടത്തിയിരുന്ന സിപിഎം അക്രമികള്‍ കുട്ടനാടിന്റെ മറ്റുഭാഗങ്ങളില്‍ അക്രമം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ എടത്വായിലും അക്രമം നടത്തിയത്‌. രാമങ്കരി എല്‍സി സെക്രട്ടറി രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിലെ ഒരുവിഭാഗമാണ്‌ കുട്ടനാട്ടില്‍ അക്രമങ്ങള്‍ നടത്തുന്നതത്രെ.
യഥാര്‍ഥ പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരികയും സിപിഎം അക്രമം അടിച്ചമര്‍ത്താന്‍ പോലീസ്‌ തയാറാകുകയും ചെയ്തില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന്‌ അണികളെ നിലയ്ക്ക്‌ നിര്‍ത്താന്‍ സിപിഎം ഉന്നത നേതൃത്വം തയാറാകണമെന്നും ആര്‍എസ്‌എസ്‌ താലൂക്ക്‌ കാര്യകാരിയും ബിജെപി കുട്ടനാട്‌ നിയോജക മണ്ഡലം കമ്മറ്റിയും ആവശ്യപ്പെട്ടു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ ഡിവൈഎഫ്‌ഐക്കാരെ എടത്വാ പോലീസ്‌ അറസ്റ്റ്‌ ചെയ്തതായി അറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.