മൊബൈല്‍ കടയിലെ അക്രമം: അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്

Monday 5 May 2014 9:34 pm IST

ചങ്ങനാശേരി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സ്‌പോട്ട് അടിച്ചുതകര്‍ത്ത് ഉടമയേയും ജീവനക്കാരനേയും ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച്ചയായിട്ടും അറസ്റ്റുണ്ടാകാത്തതില്‍ വ്യാപാരി വ്യവസായി സമിതി അറസ്റ്റ് വൈകിയതില്‍ പ്രതിഷേധിച്ച് ബഹുജനപ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് ഇന്ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. സിപിഎം ഏരിയ സെക്രട്ടറി കെ.സി. ജോസഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.ഐ. എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം എം.ആര്‍. ഫസില്‍, ഏരിയ ട്രഷറര്‍ ജി. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിക്കും. എംസി റോഡില്‍ മുനിസിപ്പല്‍ ഓഫീസിനു മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ കടയുടമ മാമ്മൂട് കാരയ്ക്കാട്ട് വീട്ടില്‍ സന്തോഷ് തോമസ്(34), ജീവനക്കാരനായ കൊടിയനാട്ട്കുന്ന് കണ്ണംകുളം റ്റോമി(20) എന്നിവര്‍ക്ക് പരിക്കേറ്റു. രാവിലെ ഷോപ്പിലെത്തിയ മൂവര്‍സംഘം 130 രൂപയ്ക്ക് വോഡഫോണ്‍ റീച്ചാര്‍ജ് ചെയ്തശേഷം മടങ്ങി. ഈ സംഘം വൈകുന്നേരം തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. കടയുടെ വിലപിടിപ്പുള്ള ഗ്ലാസ് കൗണ്ടര്‍ അടിച്ചുതകര്‍ക്കുകയും മൊബൈല്‍ ഫോണുകള്‍ കേടുവരുത്തുകയും ജീവനക്കാരെ മര്‍ദ്ദിച്ചശേഷം കടയുടെ ഷട്ടര്‍ വലിച്ചടച്ച് ഓടിരക്ഷപ്പെടുകയും ചെയ്തു. കടയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ ഈ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പരാതിപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.