പേപ്പട്ടി കടിച്ച്‌ ആളുകള്‍ മരിക്കുന്നു: ആരോഗ്യവകുപ്പില്‍ വിവരങ്ങളില്ല

Monday 5 May 2014 9:44 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ തെരുവു നായ്ക്കളുടെ എണ്ണം വര്‍ധിക്കുകയും പേപ്പട്ടിയുടെ കടിയേറ്റ്‌ നിരവധി പേര്‍ ചികിത്സ തേടുകയും ചെയ്യുന്ന ഗുരുതര സാഹചര്യമുണ്ടായിട്ടും ഇത്‌ സംബന്ധിച്ച ഒരു വിവരവും ആരോഗ്യവകുപ്പ്‌ അധികൃതരുടെ പക്കലില്ല. പേ വിഷബാധയേറ്റ്‌ ആളുകള്‍ മരിക്കുന്ന സ്ഥിതി ഉണ്ടായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍പോലും ആരോഗ്യ വകുപ്പ്‌ അധികൃതര്‍ക്ക്‌ നല്‍കാന്‍ കഴിയുന്നുമില്ല.
തിരുവനന്തപുരത്തും കൊച്ചിയിലും കാസര്‍കോടും പേപ്പട്ടി ശല്യം രൂക്ഷമാണ്‌. എന്നാല്‍ സംസ്ഥാനത്ത്‌ എത്രപേര്‍ പേപ്പട്ടിയുടെ അക്രമണത്തിനിരയായി, എത്രപേര്‍ക്ക്‌ പ്രതിരോധ കുത്തിവയ്പ്പ്‌ നടത്തി, എല്ലാ ജില്ലകളിലും റാബീസ്‌ വാക്സിനുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന വിവരങ്ങളൊന്നും ആരോഗ്യവകുപ്പിന്റെ പക്കലില്ല. വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം രേഖകള്‍ വകുപ്പില്‍ ഉണ്ടോ എന്ന സംശയത്തിലാണ്‌ ഉദ്യോഗസ്ഥര്‍. ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ ഡോ. പി.കെ. ജമീലയെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും എടുക്കാന്‍ തയ്യാറായില്ല. പേപ്പട്ടി വിഷബാധ സംബന്ധിച്ച വിവരങ്ങള്‍ ഡിഎച്ച്‌എസ്‌ ഓഫീസില്‍ നിന്നാണ്‌ ലഭിക്കേണ്ടത്‌. എന്നാല്‍ ആരോഗ്യവകുപ്പിലെ എല്ലാ വിഭാഗത്തിലും അന്വേഷിച്ചിട്ടും പേപ്പട്ടി വിഷബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്നാണ്‌ മറുപടി ലഭിച്ചത്‌. സംസ്ഥാനത്തൊട്ടാകെ പേപ്പട്ടി ശല്യം പെരുകുമ്പോഴാണ്‌ ആരോഗ്യവകുപ്പിന്റെ അനാസ്ഥ.
തിരുവനന്തപുരത്ത്‌ അഞ്ചുവയസുകാരിയടക്കം നിരവധി പേര്‍ പേപ്പട്ടിയുടെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലും ഒരു കുട്ടിക്ക്‌ പട്ടിയുടെ കടിയേറ്റിരുന്നു. കൊല്ലത്തും, കൊച്ചിയിലും കാസര്‍കോടും സമാനമായ സംഭവങ്ങള്‍ ഉണ്ടായി. തെരുവുനായ്ക്കളുടെ എണ്ണതിലുണ്ടായ വര്‍ധന ഇതിന്‌ പ്രധാനകാരണമാണ്‌. നായ്ക്കളെ വന്ധീകരിക്കുന്നതിന്‌ കോര്‍പ്പറേഷന്‍ കൊണ്ടു വന്ന എല്ലാ പദ്ധതികളും പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷനുകളും സര്‍ക്കാരും പരസ്പരം പഴിചാരി രക്ഷപ്പെടാനാണ്‌ ശ്രമിച്ചത്‌.
മനുഷ്യരെ കൂടാതെ വളര്‍ത്തു മൃഗങ്ങളെയും പേപ്പട്ടി കടിച്ച്‌ പരിക്കേല്‍പ്പിച്ചിട്ടുണ്ട്‌. പട്ടിയെ വളര്‍ത്തുന്നവര്‍ പേവിഷബാധക്കെതിരെയുള്ള കുത്തിവെയ്പ്‌ എടുക്കണമെന്ന്‌ മൃഗസംരക്ഷണ വകുപ്പ്‌ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇവലഭ്യമാകുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തുന്നതില്‍ ആരോഗ്യവകുപ്പ്‌ പരാജയപ്പെട്ടിരിക്കുകയാണ്‌. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.