പുതിയ നിര്‍ദേശവും അംഗീകരിച്ചില്ല; സുബ്രതോ റോയി ജയിലില്‍ തന്നെ

Tuesday 6 May 2014 3:07 pm IST

ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കോടതി നേരത്തേ ആവശ്യപ്പെട്ടതനുസരച്ച് നിക്ഷേപകരുടെ പണം കെട്ടിവെക്കാന്‍ സഹാറാ ഗ്രൂപ്പിന് കഴിയാത്തതാണ് ജാമ്യാപേക്ഷ വീണ്ടും തള്ളാന്‍ കാരണം. ഇതോടെ സുബ്രതോ റോയി ജയിലില്‍ തുടരും. ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ജെ എസ് കേഖര്‍ എന്നിവരാണ് റോയിയുടെ ജ്യാമ്യാപേക്ഷ പരിഗണിച്ചത്. 10,000 കോടി രൂപ കെട്ടിവെക്കുകയാണെങ്കില്‍ ബുബ്രതോ റോയിക്ക് ജാമ്യം നല്‍കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 5000 കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായും 500 കോടി രൂപ പണമായും കെട്ടിവെക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത 24,000 കോടി രൂപ പല തവണകളായി നല്‍കാമെന്ന് റോയിയുടെ അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഈ നിര്‍ദ്ദേശം തള്ളിയ കോടതി പുതിയ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വന്‍കിട വ്യവസായ ഗ്രൂപ്പായ സഹാറ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകര്‍ക്കു തിരിച്ചു നല്‍കണമെന്നാണു സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി) നിര്‍ദേശിച്ചിരുന്നത്. സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പറേഷന്‍, സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ പേരിലായിരുന്നു നിക്ഷേപം സ്വീകരിച്ചത്. 15 ശതമാനം പലിശ നിരക്കിലാണ് മൂന്നു കോടി നിക്ഷേപകരില്‍ നിന്ന് ഇത്രയും തുക സഹാറഗ്രൂപ്പ് സമാഹരിച്ചത്. മൂന്നു മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ റോയി പണം മടക്കി നല്‍കിയില്ല. മാര്‍ച്ച് നാലാം തീയതി മുതല്‍ ജയിലില്‍ കഴിയുകയാണ് സുബ്രത റോയ്. പണം തിരികെ നല്‍കുന്നതിന് ഇതിനിടെ തന്നെ പല നിര്‍ദ്ദേശങ്ങളും സഹാറ മുന്നോട്ട് വച്ചെങ്കിലും കോടതിക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.