പടിഞ്ഞാറന്‍മേഖലയില്‍ വയല്‍, തണ്ണീര്‍ത്തടം നികത്തല്‍ വ്യാപകം

Tuesday 6 May 2014 9:10 pm IST

കുമരകം: കുമരകം മേഖലയില്‍ വയല്‍, തണ്ണീര്‍ത്തടം നികത്തില്‍ വ്യാപകം. ഒപ്പം രാഷ്ട്രീയക്കാരുടെ കൊടികുത്തലും കൊടിയൂരലും സജീവം. അഞ്ചോ പത്തോ സെന്റു സ്ഥലം പുരവയ്ക്കാനോ ചെറു കച്ചവടം നടത്താനോ സാധാരണക്കാരന്‍ നികത്താന്‍ തുനിയുന്നിടത്താണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കൊടികള്‍ക്കധികം ആയുസ്സുണ്ടാകില്ലെന്ന് നാട്ടില്‍ പാട്ടാണ്. കാണേണ്ടവരെ കാണേണ്ടവിധത്തില്‍ കണ്ടുകഴിഞ്ഞാല്‍ കൊടി അപ്രത്യക്ഷമാകും. അതോടെ നിലം നികത്തല്‍ തുടരുകയും ചെയും. കുമരകം ആറ്റാമംഗലം പള്ളി മുതല്‍ ചെങ്ങളം വരെയുള്ള റോഡ്‌സൈഡിലാണ് നിലംനികത്തലും കൊടികുത്തലും നിര്‍ബാധം നടക്കുന്നത്. ഭൂമാഫിയയും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ വാങ്ങിക്കൂട്ടുന്ന തണ്ണീര്‍ത്തടങ്ങള്‍ക്കും നിലത്തിനുമൊന്നും നികത്തലിന് ഒരു രാഷ്ട്രീയ കക്ഷികളില്‍ നിന്നും തടസമോ കൊടികുത്തലോ നേരിടേണ്ടി വരുന്നില്ല. ഭൂമാഫിയ നിലവും തണ്ണീര്‍ത്തടങ്ങളും വാങ്ങിക്കൂട്ടുന്നതിനു മുമ്പുതന്നെ കിട്ടേണ്ടത് സംസ്ഥാനതലം മുതല്‍ പഞ്ചായത്തു തലംവരെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ കയ്യിലെത്തുന്നതിനാലാണ് യാതൊരു തടസവും നിലം നികത്തലിന് ഇക്കൂട്ടര്‍ക്കുണ്ടാകാത്തത്. ഇങ്ങനെ വാങ്ങിക്കൂട്ടുന്ന വമ്പിച്ച ഭൂവിഭാഗങ്ങളുടെ ബിനാമികള്‍ മന്ത്രിമാരുടെയും മുന്‍ മന്ത്രിമാരുടെയും മക്കളാണെന്നതും കുമരകംകാര്‍ക്കിടയില്‍ സംസാരവിഷയമാണ്. ഏക്കറുകണക്കിന് നിലങ്ങള്‍ വാങ്ങി നികത്തുന്ന ഭൂമാഫിയക്കെതിരെ ചെറുവിരല്‍ പോലുമിളക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകുന്നില്ല. തലചായ്ക്കാനിടത്തിനായി ഭൂമി നികത്തുന്നിടത്ത് കൊടിനാട്ടി അവരില്‍ നിന്നും പണം പിടുങ്ങുന്ന ഇവരുടെ നയത്തോട് പൊതുജനങ്ങള്‍ക്ക് വന്‍ എതിര്‍പ്പാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.