കരാറുകാരന് പണം നല്‍കിയില്ല: കണമലപാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

Tuesday 6 May 2014 9:15 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ ഉള്‍പ്പെടെ മലയോര മേഖലയിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനായി കണമലയില്‍ നിര്‍മ്മാണമാരംഭിച്ച പാലത്തിന്റെ പണികള്‍ സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായി. കഴിഞ്ഞവര്‍ഷം നിര്‍മ്മാണമാരംഭിച്ച പാലം വരുന്ന ശബരിമല തീര്‍ത്ഥാടനകാലത്ത് പൂര്‍ത്തിയാക്കി തുറക്കുമെന്ന് വകുപ്പ്മന്ത്രിതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണികള്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പാലത്തിന്റെ നിര്‍മ്മാണവേഗത കുറഞ്ഞതാണ് മേഖലയില്‍ ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. 96 മീറ്റര്‍ നീളവും 11.23 മീറ്റര്‍ വീതിയുമുള്ള മലയോര മേഖളയിലെ പമ്പാനദിക്കു കുറുകെയുള്ള വലിയ പാലം നിര്‍മ്മാണത്തിനായി 7.6കോടി രൂപയാണ് വക കൊളളിച്ചിരിക്കുന്നത്. എന്നാല്‍ മൂന്നുകോടിയിലധികം രൂപയുടെ പണികള്‍ നടത്തിയ കരാറുകാരന് 1കോടി 60 ലക്ഷം രൂപമാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. നിര്‍മ്മാണ മേഖലയിലെ കടുത്ത പ്രതിസന്ധിക്കിടയിലും പാലംപണികള്‍ തുടങ്ങിയെങ്കിലും സമയബന്ധിതമായി പണം ലഭിക്കാത്ത് പാലം നിര്‍മ്മാണത്തെ ബാധിക്കുമെന്നും കരാറുകാരനും പറയുന്നു. പണം ലഭിച്ചാല്‍ പാലത്തിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി തീര്‍ത്ഥാടനകാലത്തിനു മുമ്പ് പൂര്‍ത്തീകരിക്കുവാന്‍ ആകുമെന്നും കരാറുകാരന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലഭിക്കാനുള്ള രണ്ടുകോടിയിലധികം രൂപയ്ക്കായി മാസങ്ങളായി നടക്കുകയാണെന്നും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കരാറുകാരന്‍ പറഞ്ഞു. പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പണം ലഭിച്ചാല്‍ മാത്രമേ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകൂയെന്നും കരാറുകാരന്‍ പറഞ്ഞു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ അഞ്ചുമാസം മാത്രം ബാക്കി നില്‍ക്കെ കണമല പാലത്തിന്റെ പമികള്‍ അനിശ്ചിതത്വത്തിലായതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. തീര്‍ത്ഥാടനകാലം ആരംഭിക്കുമ്പോഴേക്കും പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നും പാലം നിര്‍മ്മാണ ചുമതല നോക്കുന്ന പത്തനംതിട്ട എഎക്‌സ്ഇ സിസിലി ജോസഫ് ജന്മഭൂമിയോട് പറഞ്ഞു. കണമലയില്‍ നിലവിലുള്ള കോസ്‌വെ അപകടത്തിലായതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതത്തിനായി കാത്തുകിടക്കേണ്ടുന്ന ഗതികേടിനെതുടര്‍ന്നാണ് കണമലയില്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുമരാമത്ത് മന്ത്രി പി.കെ. ഇബ്രാഹിംകുഞ്ഞ് നേരിട്ടെത്തി 125 ദിവസത്തിനുള്ളില്‍ പാലം പണികള്‍ പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച ദിവസത്തിനുള്ളില്‍ പാലത്തിന്റെ ബിമുകള്‍ മാത്രമാണ് ഉയര്‍ന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നിര്‍മ്മാണമാരംഭിച്ച കണമല പാലത്തിന്റെ നിര്‍ മ്മാണ അനിശ്ചിതത്വത്തിനു പിന്നില്‍ മലയോര മേഖലയോടുള്ള കടുത്ത അവഗണനയാണെന്നും നാട്ടുകാര്‍ പറഞ്ഞു. കോട്ടയം- പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വനപ്രദേശത്തെ പാലം നിര്‍മ്മാണംതന്നെ ഏറെ നിയമപോരാട്ടങ്ങളെ തുടര്‍ന്നാണ് ആരംഭിക്കാനായത്. ശബരിമല തീര്‍ത്ഥാടനവികസന പദ്ധതികളുടെ പേരില്‍ ആരംഭിച്ച കണമല പാലം നിര്‍മ്മാണം മന്ദഗതിയിലായതിനു പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും വരുന്ന തീര്‍ത്ഥാടനകാലത്തിനു മുമ്പ് പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.