പുല്ലുമേട് ദുരന്തം: ഹരിഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Monday 19 September 2011 11:53 am IST

തിരുവനന്തപുരം: കഴിഞ്ഞ മണ്ഡലകാലത്ത്‌ മകരവിളക്ക്‌ ദര്‍ശനത്തിനിടെ 104 പേരുടെ മരണത്തിനിടയാക്കിയ ശബരിമലയിലെ പുല്ലുമേട്ടിലുണ്ടായ ദുരന്തത്തെ കുറിച്ച്‌ അന്വേഷിച്ച ജസ്റ്റീസ്‌ ഹരിഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നല്‍കി. റിപ്പോര്‍ട്ട്‌ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന്‌ ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ അടുത്ത മണ്ഡലകാലത്ത്‌ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുല്ലുമേട്ടിലെ അനിയന്ത്രിത പാര്‍ക്കിങ്ങും ആവശ്യത്തിന്‌ പോലീസുകാര്‍ ഡ്യൂട്ടിക്ക്‌ ഇല്ലാത്തതും വെളിച്ചക്കുറവും അപകടത്തിന്‌ കാരണമായെന്നാണ്‌ വിലയിരുത്തല്‍. ദുരന്തത്തിന്‌ മുമ്പ്‌ സംഭവിച്ച ജീപ്പ് അപകടം, കടയുടമകള്‍ തീര്‍ത്ഥാടകരെ ആക്രമിച്ചത്‌, പോലീസ്‌ ഉദ്യോഗസ്ഥര്‍ ആവശ്യത്തിന്‌ ഇല്ലാത്തത്‌, തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിന്‌ സ്ഥാപിച്ച ചങ്ങല എന്നിവ അപകട കാരണങ്ങളായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ജനുവരി 14ന്‌ നടന്ന ദുരന്തത്തില്‍ അന്യസംസ്ഥാനത്ത്‌ നിന്നുള്ള അയ്യപ്പഭക്തരുള്‍പ്പെടെ 104 പേരാണ്‌ മരിച്ചത്‌.