പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് പൊതു സ്വത്ത് - പിണറായി

Monday 19 September 2011 1:27 pm IST

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ പൊതു സ്വത്താണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സ്വത്ത്‌ എന്ത്‌ ചെയ്യണമെന്നുള്ളത്‌ ജനാധിപത്യ രീതിയില്‍ തീരുമാനിക്കണമെന്നും പിണറായി തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മേല്‍നോട്ടം രാജകുടുംബത്തില്‍ ന്നിന്ന്‌ മാറ്റി പ്രത്യേക സമിതിക്ക്‌ കൈമാറണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്ര മാതൃകയിലായിരിക്കണം ഭരണ സംവിധാനം നടപ്പിലാക്കേണ്ടത്‌. രാജകുടുംബത്തിന്‌ ഈ സമതിയില്‍ പ്രാതിനിധ്യം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കൈയിലാണ്‌. ഗുരുവായൂര്‍ ക്ഷേത്രം പണ്ട്‌ സാമൂതിരിയുടെ കൈവശമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിനിധി കൂടി ഉള്‍പ്പെടുന്ന ഭരണസംവിധാനമാണ്‌ അവിടെയുള്ളത്‌. അതിന്‌ സമാനമായി രാജകുടുംബത്തിന്റെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി പുതിയ ഭരണസമിതി രൂപീകരിക്കണമെന്നാണ്‌ സി.പി.എമ്മിന്റെ അഭിപ്രായം. രാജകുടുംബത്തിന്റെ സ്വത്ത്‌ എന്നത്‌ രാജ്യത്തിന്റെ സമ്പത്താണ്‌. അല്ലാതെ അത്‌ രാജകുടുംബത്തിന്‌ അവകാശപ്പെട്ടതല്ലെന്നും പിണറായി പറഞ്ഞു. ബി നിലവറ തുറക്കുന്നതിനെതിരെ ദേവപ്രശ്നം നടത്തിയ രാജകുടുംബത്തിന്റെ നടപടിയോട്‌ സുപ്രീംകോടതി സ്വീകരിച്ച നിലപാട്‌ ശ്രദ്ധേയമാണ്‌. അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്‌. അതേസമയം ക്ഷേത്രാചരങ്ങളും അനുഷ്ഠാനങ്ങളുടെയും ചരിത്രപരമായ പ്രാധാന്യം നിലനിര്‍ത്തണമെന്നും പിണറായി പറഞ്ഞു. ക്ഷേത്രത്തിലെ അമൂല്യ വിഗ്രങ്ങള്‍ ആചാരപ്രകാരം സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. സ്വത്ത്‌ സംരക്ഷണത്തിനായി സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പദ്‌മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌ വഴിയെ പോയവര്‍ പറഞ്ഞ കാര്യമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ അദ്ദേഹത്തിന്‌ നല്‍കിയ വിവരമാണ്‌ പൊതുവേദിയില്‍ കൊണ്ടുവന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. ക്ഷേത്ര ഭരണത്തെ കുറിച്ച്‌ സി.പി.എം ഒരു പൊതുനിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌. അതുമായി യോജിച്ചു പോകുന്ന കാര്യങ്ങളില്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും, സുപ്രീംകോടതിക്ക്‌ പരാതി നല്‍കുമെന്ന വി.എസിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം മറുപടി നല്‍കി. പാര്‍ട്ടി സമ്മേളനങ്ങളോട സിപിഐഎമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂര്‍ണമായ അറുതിയാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.