സൗദിയില്‍ മെര്‍സ് രോഗം വ്യാപിക്കുന്നു: മരണം 117 ആയി

Thursday 8 May 2014 4:37 pm IST

റിയാദ്: സൗദി അറേബ്യയില്‍ മെര്‍സ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 117 ആയി. ജോലിക്കാരിലും രോഗബാധ കണ്ടത്തിയതിനെതുടര്‍ന്ന് കിംഗ് ഫഹദ് ആശുപത്രിയില്‍ തൊഴില്‍ മന്ത്രി പുതിയ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. അതേസമയം മെര്‍സ് രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗദിയിലെ സ്‌കൂളുകളുടെ പ്രവൃത്തിസമയം കുറച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 431 ആയതായും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ മെഡിക്കല്‍ ജോലികളിലേര്‍പ്പെട്ട ചിലര്‍ക്ക് മെര്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ മന്ത്രി ആദില്‍ ഫഖീഹ് നിലവിലുളള മെഡിക്കല്‍ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റി. മെര്‍സ് രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ ചുമതലപ്പെടുത്തിയ പ്രത്യേക മെഡിക്കല്‍ സംഘത്തിലെ അംഗങ്ങളെയാണ് മന്ത്രി മാറ്റി നിയമിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതില്‍ പരാജയപ്പെട്ടതും ജോലിക്കാര്‍ക്കും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തതുമാണ് നടപടിക്ക് കാരണമാക്കിയതെന്ന് കരുതപ്പെടുന്നു. ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് ഒടുവില്‍ മെര്‍സ് ബാധിച്ചുളല മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.