ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിക്കുന്നതില്‍ ക്രമക്കേട്‌; കോഴ

Thursday 8 May 2014 10:48 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹയര്‍സെക്കന്ററി സ്കൂളുകള്‍ അനുവദിക്കുന്നതില്‍ വന്‍ ക്രമക്കേടെന്ന്‌ ആക്ഷേപം. 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിക്കുന്നത്‌ വഴി വലിയ അഴിമതിയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ലക്ഷ്യമിടുന്നത്‌. അധ്യാപക നിയമനത്തിലൂടെ കോടികള്‍ സമ്പാദിക്കുന്ന എയിഡഡ്‌ സ്കൂള്‍ മാനേജ്മെന്റുകള്‍ ഹയര്‍സെക്കന്ററി അനുവദിച്ചു കിട്ടാനായി വലിയ തുക കോഴനല്‍കുന്നുണ്ട്‌. ഓരോ വര്‍ഷവും ഹയര്‍ സെക്കന്ററിയില്‍ ആയിരക്കണക്കിന്‌ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ്‌ സര്‍ക്കാര്‍ വീണ്ടും ഹയര്‍സെക്കന്ററി അനുവദിക്കുന്നത്‌.
ഹയര്‍ സെക്കന്ററി ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഹയര്‍ സെക്കന്ററി അനുവദിക്കണമെന്നതാണ്‌ സര്‍ക്കാരിന്റെ നയം. ഇതിന്റെ മറവിലാണ്‌ ഇപ്പോള്‍ വ്യാപകമായി സ്കൂളുകള്‍ അനുവദിക്കുന്നത്‌. 148 പഞ്ചായത്തുകളാണ്‌ പുതിയ ഹയര്‍സെക്കന്ററി സ്കൂളുകള്‍ അനുവദിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്‌. അമ്പതു ലക്ഷം മുതല്‍ ഒന്നര കോടിവരെ കോഴ വാങ്ങിയാണ്‌ സ്കൂളുകള്‍ അനുവദിച്ചതെന്ന്‌ അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. വടക്കന്‍ ജില്ലകളിലെ ഗ്രാമീണ മേഖലകളിലെ എയ്ഡഡ്‌ സ്കൂളുകളിലാണ്‌ കൂടുതലും ഹയര്‍സെക്കന്ററി അനുവദിക്കുന്നത്‌. മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും സൗകര്യങ്ങളില്ലാത്തതുമായ സ്കൂളുകളും ഇതിലുണ്ട്‌. ഹയര്‍ സെക്കന്ററി തുടങ്ങാനുള്ള ലാബ്‌ സൗകര്യങ്ങളും ക്ലാസ്‌ മുറികളുമില്ലാത്ത സ്കൂളുകള്‍ കോഴ നല്‍കി വിദ്യാഭ്യാസ വകുപ്പിനെ സ്വാധീനിച്ചാണ്‌ ഹയര്‍സെക്കന്ററി കൈക്കലാക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം 3,81,438 സീറ്റുകളാണ്‌ ഹയര്‍സെക്കന്ററിക്കുണ്ടായിരുന്നത്‌. എന്നാല്‍ 3,56,253 വിദ്യാര്‍ത്ഥികളാണ്‌ പഠനത്തിനെത്തിയത്‌. 25,155 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. ഇത്തവണ 4,42,678 പേരാണ്‌ എസ്‌എസ്‌എല്‍സി പാസ്സായത്‌. ഹയര്‍സെക്കന്ററിക്ക്‌ 3,69,816 സീറ്റുകളുണ്ട്‌. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, പോളിടെക്നിക്‌, ഐടിഐ എന്നിവയ്ക്കെല്ലാമായി ഒരു ലക്ഷത്തിലേറെ സീറ്റുകളും വിവിധ സ്ഥാപനങ്ങളിലായി ഉണ്ട്‌. എസ്‌എസ്‌എല്‍സി പാസ്സായ വിദ്യാര്‍ത്ഥികളെല്ലാം പഠനത്തിനെത്തിയാലും കഴിഞ്ഞ വര്‍ഷത്തെ പോലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. ഇതു കൂടാതെയാണ്‌ 148 പഞ്ചായത്തുകളിലായി പുതിയതായി അനുവദിക്കുന്ന സ്കൂളുകളിലെ സീറ്റുകള്‍.
യാതൊരു ശാസ്ത്രീയ പഠനവും നടത്താതെയാണ്‌ സ്കൂളുകള്‍ തെരഞ്ഞെടുത്തതും ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതും. ഓരോ സ്കൂളിലും യഥേഷ്ടമാണ്‌ ബാച്ചുകളനുവദിക്കുന്നത്‌. നിലവില്‍ ഹയര്‍സെക്കന്ററി ഉള്ള സ്കൂളുകളില്‍ അധിക ബാച്ചുകളനുവദിക്കുന്നതിനും വന്‍ സ്വാധീനവും കച്ചവടവുമാണ്‌ നടക്കുന്നത്‌. കഴിഞ്ഞ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മോശം വിജയശതമാനമുള്ള സ്കൂളുകളും ഹയര്‍സെക്കന്ററി അനുവദിക്കുന്ന സ്കൂളുകളില്‍ പെടും.
വിദ്യാഭ്യാസ മന്ത്രിക്ക്‌ നേരിട്ടും വിവിധ തലങ്ങളില്‍ നിന്നുള്ള ശുപാര്‍ശയുടെയും സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലും ഹയര്‍സെക്കന്ററി നേടിയെടുക്കാന്‍ മാനേജ്മെന്റുകള്‍ തിരക്കിട്ട ശ്രമത്തിലാണ്‌. ചില ഏജന്റന്മാരും ഇതിനു വേണ്ടി രംഗത്തെത്തിയിട്ടുണ്ട്‌. ഹയര്‍സെക്കന്ററി നേടിക്കൊടുത്താല്‍ മേല്‍ഘടകത്തില്‍ കൊടുക്കുന്ന കോഴയ്ക്കു പുറമേ ഏജന്റന്മാര്‍ക്ക്‌ കമ്മീഷനും നല്‍കണം.
വിദ്യാഭ്യാസ മന്ത്രിക്ക്‌ നേരിട്ടും ഹയര്‍സെക്കന്ററി വകുപ്പിലും ഹയര്‍സെക്കന്ററിക്കായുള്ള അപേക്ഷയുടെ തള്ളിക്കയറ്റമാണ്‌. ആയിരക്കണക്കിന്‌ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും സ്വാധീനം ചെലുത്തി, തുക പറഞ്ഞുറപ്പിച്ചു വരുന്നതിനു മാത്രമേ അനുമതി ലഭിക്കുകയുള്ളു. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ നേതൃത്വത്തിലുള്ള ഉപസമിതിക്കാണ്‌ അപേക്ഷകള്‍ പരിശോധിച്ച്‌ സ്കൂളുകള്‍ നിശ്ചയിക്കാനുള്ള ചുമതല. എന്നാല്‍ എല്ലാ അപേക്ഷയും പരിശോധിച്ച്‌ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള സ്കൂളുകള്‍ തെരഞ്ഞെടുക്കുന്ന നടപടികള്‍ ഉണ്ടാകുന്നില്ലെന്ന്‌ ഹയര്‍സെക്കന്ററി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിശോധിക്കുകപോലും ചെയ്യാതെയാണ്‌ നേരത്തെ തന്നെ നിശ്ചയിച്ച സ്കൂളുകളെ തെരഞ്ഞെടുക്കുന്നത്‌. ഹയര്‍സെക്കന്ററിക്കായി കഴിഞ്ഞ വര്‍ഷം തന്നെ അപേക്ഷയും പണവും നല്‍കി കാത്തിരിക്കുന്നവരുമുണ്ട്‌.
ആര്‍. പ്രദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.