അടിയന്തരാവസ്ഥാ ചിന്തകള്‍

Friday 26 June 2015 8:58 am IST

ഇന്ന്‌ ജൂണ്‍ 26-ാ‍ം തീയതിയാണല്ലോ ഒരുപക്ഷെ സ്വതന്ത്രഭാരതം ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു പ്രഭാതത്തെയാണ്‌ ഈ ദിവസം ഓര്‍മിപ്പിക്കുന്നത്‌. ജനായത്തത്തിന്‌ മേല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയെന്ന ഇരുളിന്റെ കരിമ്പടം ഇട്ടുമൂടാന്‍ ശ്രമിച്ചത്‌ 36 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ 1975 ജൂണ്‍ 26-ാ‍ം തീയതി പിറന്ന അര്‍ദ്ധരാത്രിയിലായിരുന്നു. 1947 ആഗസ്റ്റ്‌ 14/15 അര്‍ദ്ധരാത്രിയില്‍ അവരുടെ പിതാവ്‌, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദല്‍ഹിയിലെ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്ര ധ്വജമായ ത്രിവര്‍ണ പതാക ഉയര്‍ത്തിക്കൊണ്ട്‌ പറഞ്ഞത്‌ ലോകം മുഴുവന്‍ ഗാഢ നിദ്രയില്‍ ആണ്ടുകിടക്കവേ ഭാരതം സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ പ്രഭാതത്തിലേക്കുണരുകയാണ്‌ എന്നായിരുന്നു. കാല്‍നൂറ്റാണ്ടും രണ്ടുവര്‍ഷവും കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപുത്രി തന്നെ ആ പ്രഭാതത്തെ ദുഷ്പ്രഭാതമാക്കിക്കൊണ്ട്‌ രാജ്യത്തെ ഒരു തടവറയാക്കി മാറ്റി.
അടിയന്തരാവസ്ഥ 1977 മാര്‍ച്ച്‌ 20 നാണ്‌ അവസാനിച്ചത്‌. അതിനുശേഷം ജനിച്ചവര്‍ക്ക്‌ 35 വയസ്സാകാറായി. മൂന്നുതലമുറ പിറന്നുകഴിഞ്ഞു. ആ മൂന്നുതലമുറകള്‍ക്ക്‌ അടിയന്തരാവസ്ഥയിലെ കരാളമായ കാലഘട്ടം കേട്ടുകേള്‍വി മാത്രമാണ്‌. അല്ലെങ്കില്‍ വായിച്ചറിഞ്ഞ വിവരം മാത്രമേ അവര്‍ക്കുണ്ടാവുകയുള്ളൂ. അനുഭവത്തിന്റെ ജ്ഞാനത്തിന്‌ പകരമാവില്ലല്ലൊ കേട്ടുകേള്‍വിയും വായിച്ചറിവും. ഇതുതന്നെയായിരിക്കും സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ ജനിച്ച്‌ വളര്‍ന്നവരും അതിനുശേഷമുള്ളവരും തമ്മിലുള്ള വ്യത്യാസത്തിന്‌ കാരണം. പുതിയ തലമുറയ്ക്ക്‌ ഭാരതത്തിന്റെ ഐക്യമെന്ന്‌ പറയുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി, ഇന്നത്തെ "ഇന്ത്യന്‍ യൂണിയന്റെ" അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ഏകതയെന്നു മാത്രമാണ്‌. ടാഗോറും അരവിന്ദഘോഷും സത്യജിത്‌റേയും എന്തിന്‌ ജ്യോതിബസു തന്നെയും പിറന്ന സ്ഥലങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ ഭാരതത്തിലല്ല എന്ന വസ്തുതയെ ഉള്ളില്‍ തട്ടി മനസ്സിലാക്കാന്‍ അവര്‍ക്ക്‌ സാധ്യമല്ല.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഐ.കെ.ഗുജ്‌റാളും ചലച്ചിത്ര താരങ്ങളായ ദിലീപ്‌ കുമാറും ദേവാനന്ദുമൊക്കെ ഇന്ന്‌ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനത്തും ജനിച്ചവരാണ്‌. ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയുടെ ആത്മകഥയില്‍ തന്റെ 20വയസ്സുവരെയുള്ള കാലത്തില്‍ കറാച്ചിയിലും സിന്ധിലെ ഹൈദരാബാദിലും കഴിഞ്ഞുകൂടിയതിന്റെ സ്മരണകള്‍ അയവിറക്കുന്നുണ്ട്‌. മറ്റൊരു ബിജെപി നേതാവ്‌ ഡോ.ഭായി മഹാവീര്‍ ലാഹോറിലെ സംഘപ്രവര്‍ത്തനത്തിന്റെ നേടും തൂണായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ ഭായി പരമാനന്ദ്‌ ആയിരുന്നു പൂജനീയ ഡോക്ടര്‍ജിക്ക്‌ ലാഹോറില്‍ എല്ലാവിധ ഒത്താശകളും ചെയ്തത്‌. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നിറഞ്ഞ ഒട്ടേറെ അധ്യായങ്ങള്‍ കറാച്ചിയിലും ലാഹോറിലും നടന്ന സംഭവങ്ങളായിരുന്നല്ലൊ. ലാലാ ലജ്പത്‌റായിയെ ബ്രിട്ടീഷ്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ മാരകമായി പരിക്കേല്‍പ്പിച്ചതും അതിനുപകരം ചോദിക്കാന്‍ ഭഗത്സിംഗും കൂട്ടരും ആ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നതും ലാഹോറില്‍ തന്നെയായിരുന്നു. പൂര്‍ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട്‌ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ പ്രമേയം അംഗീകരിച്ചത്‌ 1930 ജനുവരി 26 നായിരുന്നു. അതിനെ അനുസ്മരിച്ചുകൊണ്ടാണ്‌ റിപ്പബ്ലിക്‌ ദിനം ജനുവരി 26 ആക്കിയത്‌. ലാഹോര്‍ ഗൂഢാലോചന കേസ്‌ വിചാരണ ചെയ്ത്‌ ശിക്ഷ വിധിച്ചത്‌ അവിടത്തെ ഹൈക്കോടതിയായിരുന്നു. ഭഗത്സിംഗിനെയും രാജഗുരുവിനെയും സുഖ്ദേവിനേയും തൂക്കിക്കൊന്നതും അവിടത്തെ ആരാച്ചാര്‍ തന്നെ. ജനരോഷം ഭയന്ന്‌ രാവി നദിയുടെ തീരത്ത്‌ രഹസ്യമായി തൂക്കുമരമുണ്ടാക്കി അവിടെയാണത്‌ ചെയ്തതെന്നു മാത്രം.
ലോകത്തെ ഒരേയൊരു സിക്ക്‌ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ലാഹോര്‍. നാനകദേവിന്റെ ജനനസ്ഥലവും രണ്‍ജിത്ത്‌ സിംഹിന്റെ കൊട്ടാരവും ഗുരുദ്വാരയും ലാഹോറില്‍ തന്നെ. ആ പ്രദേശങ്ങളൊക്കെ ഒരിക്കല്‍ക്കൂടി നമ്മുടേതാണ്‌ എന്ന മാനസികഭാവം പുലര്‍ത്താന്‍ സ്വാതന്ത്ര്യത്തിനുശേഷം ജനിച്ചുവളര്‍ന്ന ആറു തലമുറകള്‍ക്ക്‌ സാധിക്കുമോ? അതിനുള്ള ശ്രമം ആരെങ്കിലും നടത്തിയാല്‍ അവരെ പിന്തിരിപ്പന്മാരും വര്‍ഗീയവാദികളുമെന്നാക്ഷേപിക്കുകയല്ലേ ഇക്കാലത്ത്‌ ചെയ്യുന്നത്‌! കോണ്‍ഗ്രസിന്റെ നയങ്ങള്‍ വിഭജനത്തിന്‌ വീണ്ടും വഴിവെക്കുമെന്ന്‌ ആക്ഷേപിച്ച എല്‍.കെ.അദ്വാനിയോട്‌ തന്റെ സ്വന്തം നാടായ പാക്കിസ്ഥാനില്‍ പോകാന്‍ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ ആവശ്യപ്പെടുകയുണ്ടായി. ജനങ്ങളുടെ മനസ്സിലെ സങ്കല്‍പ്പവും ദൃഢനിശ്ചയവും ഇളകാതെ നിന്നാലേ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടൂ. ഭാരത വിഭജനത്തിന്‌ ഒപ്പിട്ടുകൊടുത്ത എല്ലാ നേതാക്കളും വിഭജനം താല്‍ക്കാലികമാണെന്നും അതവസാനിച്ച്‌ വീണ്ടും ഭാരതം ഒന്നാകുമെന്നും പറയുമായിരുന്നു. പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ്‌ എഴുതിയ ഇന്ത്യാ ഡിവൈഡഡ്‌ എന്ന 1000 പേജുള്ള മഹാഗ്രന്ഥത്തില്‍ അതേ ആശയം വളരെ യുക്തിയുക്തം പ്രതിപാദിച്ചു. സ്വാതന്ത്ര്യത്തിന്റെ ഏഴാം പതിറ്റാണ്ടില്‍ അക്കാര്യം ആരു ചിന്തിക്കുന്നു; രാഷ്ട്രീയ സ്വയംസേവക സംഘമല്ലാതെ.
ഇക്കാര്യത്തെക്കുറിച്ച്‌ മുന്‍ സര്‍ സംഘചാലക്‌ മാനനീയ ബാലാസാഹിബ്‌ ദേവരസ്‌ സര്‍കാര്യവാഹ്‌ ആയിരുന്ന കാലത്ത്‌ അദ്ദേഹത്തോട്‌ ചോദിക്കാന്‍ അവസരമുണ്ടായി.1963 ലോ 64 ലോ ആണ്‌ വര്‍ക്കലയില്‍ നടന്ന കേരളത്തിലെ പ്രചാരകന്മാരുടെ ബൈഠക്കിനിടെയായിരുന്നു അത്‌. അവിടുത്തെ ദേവസ്വം ക്യാമ്പ്‌ ഹൗസില്‍ നടന്ന ബൈഠക്കിന്റെ ഇടവേളകളില്‍ എന്തും ചോദിക്കാന്‍ അദ്ദേഹം അവസരം തന്നിരുന്നു. ഭാരത പാക്‌ ബന്ധങ്ങള്‍ വളരെ വഷളായ ഒരു കാലമായിരുന്നു അത്‌. ഇന്ത്യന്‍ നായ്ക്കളോട്‌ പാക്കിസ്ഥാന്‍ ഇനിയൊരായിരം കൊല്ലംകൂടി യുദ്ധം ചെയ്യുമെന്നും വീണ്ടും ഭാരതം ഇസ്ലാമിന്റെ കീഴിലാക്കുമെന്നും സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച അന്തരീക്ഷമായിരുന്നു. ദേവറസ്ജി പറഞ്ഞു. ജനങ്ങള്‍ക്ക്‌ തീവ്രമായ ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ അഖണ്ഡഭാരതം വീണ്ടും യാഥാര്‍ത്ഥ്യമാകാന്‍ ഒരായിരം വഴികള്‍ തെളിയുമെന്ന്‌. ഭാരതത്തിലെ മാത്രമല്ല പാക്കിസ്ഥാനിലേയും ജനങ്ങള്‍ അതാഗ്രഹിക്കണം. യുദ്ധം ലക്ഷ്യസാക്ഷാത്ക്കാരത്തിന്‌ അനിവാര്യമല്ല. രാജനൈതികമായ ഏകതയല്ല ലക്ഷ്യം. മാനസികമായി ഐക്യമുണ്ടായാല്‍ രാഷ്ട്രീയ ഐക്യം അതിന്റെ പിന്നാലെ വരുമെന്നുമദ്ദേഹം പറഞ്ഞു. അദമ്യമായ ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തില്‍ കണ്ടത്‌. പൂജനീയ ഗുരുജി പാക്കിസ്ഥാനെ പരാമര്‍ശിച്ചിരുന്നത്‌ that part of our country which is now called Pakistan എന്നാണെന്ന്‌ പഴയ സ്വയംസേവകര്‍ ഓര്‍ക്കുന്നുണ്ടാവും. ഭാരതത്തിലെ ജനങ്ങളില്‍ ആ ആത്മവിശ്വാസവും ഇച്ഛാശക്തിയുമുണ്ടാവണം. അന്ന്‌ കൃത്രിമമായി വിഭജിക്കപ്പട്ടിരുന്ന ജര്‍മനിയിലും വിയറ്റ്നാമിലും ജനങ്ങള്‍ ഒന്നിച്ചുചേരാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ ദേവറസ്ജി പറഞ്ഞിരുന്നു. ജര്‍മനിയും വിയറ്റ്നാമും ഭാരതവും ഏതാണ്ട്‌ ഒരേ കാലത്താണ്‌ വിഭജിക്കപ്പെട്ടത്‌. ഇസ്ലാമിന്റെ പേരില്‍ വെട്ടിമുറിച്ചുണ്ടാക്കപ്പെട്ട പാക്കിസ്ഥാന്‍ 24 വര്‍ഷത്തിനകം യഥാര്‍ത്ഥത്തില്‍ ഇല്ലാതായി. ബംഗ്ലാദേശ്‌ എന്ന പുതിയ രാജ്യം ഉടലെടുത്തു. വാസ്തവത്തില്‍ ബംഗ്ലാദേശ്‌ ബംഗാളിന്റെ കിഴക്കന്‍ മേഖലയാണ്‌. അവിടെ നിലനില്‍ക്കുന്നത്‌ ഒരേ ബംഗാളിഭാഷയും സംസ്ക്കാരവും പാരമ്പര്യവുമാണ്‌. ഭാരതസര്‍ക്കാരിന്‌ ഭാവനാപൂര്‍ണമായ നിലപാട്‌ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രാഷ്ട്രീയമായല്ലെങ്കിലും ബംഗാളിന്റെ പൊതു സാംസ്ക്കാരിക ധാരയെ ശക്തിപ്പെടുത്താന്‍ കഴിയുമായിരുന്നു. സാഹിത്യകാരിയായ തസ്ലീമാ നസ്‌റീനെ ഭാരതത്തില്‍ താമസിക്കാന്‍ തന്നെ അനുവദിക്കാത്ത നയമാണല്ലോ മുസ്ലീം വര്‍ഗീയതയെ പേടിച്ച്‌ ഇവിടെ അനുവര്‍ത്തിക്കുന്നത്‌.
കൃത്രിമമായി വിഭജിക്കപ്പെട്ട ജര്‍മനിയും വിയറ്റ്നാമും കാലാന്തരത്തില്‍ മതിലുകള്‍ ഇടിച്ചുനിരത്തി ആത്മൈക്യം സ്ഥാപിച്ചത്‌ നാം കണ്‍മുന്നില്‍ കണ്ടു. ജനങ്ങളുടെ ഇച്ഛാശക്തിക്കുമുന്നില്‍ തടസ്സങ്ങള്‍ ഇല്ലാതാവുമെന്ന ദേവറസ്ജിയുടെ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു.
അനുഭൂതിയിലൂടെ ഐക്യഭാരതം കാണാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നത്‌ പരമാര്‍ത്ഥം മാത്രമാണ്‌. അടിയന്തരാവസ്ഥയുടെ കാര്യത്തിലും അതു ശരിയാണെന്ന്‌ തോന്നിപ്പിക്കുന്ന സംഭവങ്ങളാണല്ലോ ഇപ്പോള്‍ നടന്നുവരുന്നത്‌. രാജ്യത്ത്‌ ഭരണതലത്തിലും രാഷ്ട്രീയതലത്തിലും അഴിമതി രാക്ഷസീയ രൂപം പ്രാപിച്ചുവരികയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സ്വാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങളില്‍ ലക്ഷങ്ങളുടെ അഴിമതികളെ നാം വിസ്മയത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. അതിന്റെ പേരില്‍ ജോണ്‍ മത്തായിക്കും കൃഷ്ണമാചാരിക്കും ബിജു പട്നായിക്കിനും മറ്റും ആരോപണങ്ങള്‍ നേരിടേണ്ടിവന്നപ്പോള്‍ അവര്‍ സ്ഥാനമുപേക്ഷിച്ച്‌ നിരപരാധിത്വം തെളിയിക്കാന്‍ തയാറായി. ഇന്നാകട്ടെ അഴിമതിയുടെ അളവ്‌ ആകാശംമുട്ടെയുയര്‍ന്നിരിക്കുന്നു. ലക്ഷം കോടികളും കോടിക്കോടികളുമെന്ന തോതില്‍ അത്‌ വളര്‍ന്നു കഴിഞ്ഞു. നേതാക്കന്മാരുടേയും ഉദ്യോഗസ്ഥരുടേയും വ്യവസായ വാണിജ്യപ്രമുഖരുടേയും ഉള്ളറകളില്‍ ഒളിപ്പിച്ചിരിക്കുന്ന അസ്ഥികൂടങ്ങള്‍ അറകള്‍ പൊളിച്ചു പുറത്തുവന്നു തുടങ്ങി.
അതിനെതിരെ ധര്‍മസമരവുമായി ഇറങ്ങിത്തിരിച്ച അണ്ണാഹസാരേയും ബാബാ രാംദേവും രാജ്യത്ത്‌ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ ജയപ്രകാശ്‌ നാരായണന്‍ 1974 ല്‍ ആരംഭിച്ച സമഗ്രക്രാന്തി സമരമാണല്ലൊ രാജ്യമാകെ വ്യാപിച്ചതും, 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിയെ പ്രകോപിപ്പിച്ചതും. രാജ്യത്തിന്റെ ഭരണസംവിധാനവും വാണിജ്യ വ്യവസായ ധനകാര്യഘടനയും അടിമുടി അഴിമതിയില്‍ ആറാടി നില്‍ക്കുകയാണ്‌. അഴിമതിയെ തുടച്ചുനീക്കാനുള്ള ഒരു സംവിധാനമായി ലോക്പാല്‍ വ്യവസ്ഥയേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്‌ അണ്ണാഹസാരെ സത്യഗ്രഹമാരംഭിച്ചത്‌. ആ സംരംഭത്തിന്‌ ലഭിച്ച വന്‍ജനകീയ പിന്തുണ അധികാരക്കസേരകളെ പിടിച്ചുകുലുക്കുകയാണ്‌. യോഗഗുരു ബാബ രാംദേവും സമാന്തരമായ പ്രസ്ഥാനം നടത്തി. ഈ രണ്ടുസമാന്തര സമരങ്ങളെയും ആര്‍എസ്‌എസിന്റെ പിണിയാളുകളായി ചിത്രീകരിച്ചുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നേരിടുന്നത്‌. അഴിമതിയുടെ പേരില്‍ മുന്‍മന്ത്രിമാരും വന്‍ കോണ്‍ഗ്രസ്‌ നേതാക്കളും അന്വേഷണത്തെ നേരിടുന്നതിന്റെ ജാള്യത മറച്ച്‌, തടിതപ്പാനുള്ള നെട്ടോട്ടത്തില്‍ ആര്‍എസ്‌എസ്‌ ഉമ്മാക്കി കാട്ടുകയാണ്‌ ഭരണനേതൃത്വം ചെയ്യുന്നത്‌. 1974-75 കാലത്തെ ജയപ്രകാശ്‌ നേതൃത്വസമരത്തേയും അതേ രീതിയിലാണ്‌ ഇന്ദിരാഗാന്ധി നേരിട്ടത്‌. അടിയന്തരാവസ്ഥയില്‍ നിരോധനവും തടവറയും മറ്റനവധി പീഡനങ്ങളും അവര്‍ സംഘത്തിനെതിരെ അഴിച്ചുവിടുകയുണ്ടായി. ഇന്നും അതേ നയം കുറേക്കൂടി പരിഷ്കൃത രീതിയില്‍ പ്രയോഗിക്കാനാണ്‌ ആധുനിക ദുശ്ശാസന ശകുനി പ്രകൃതികള്‍ ശ്രമിക്കുന്നത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ ലഭ്യമല്ലാതിരുന്ന ആധുനിക പ്രചാരമാധ്യമങ്ങള്‍ അതിനായി പ്രയോഗിച്ചു തുടങ്ങുകയും ചെയ്യുന്നു.
ഈ അവസരത്തില്‍ കോണ്‍ഗ്രസിന്റെയും ഭരണത്തിന്റേയും നേതൃത്വം ആക്ഷേപ രൂപത്തില്‍ സമ്മതിക്കുന്ന കാര്യം അഴിമതിവിരുദ്ധസംഘര്‍ഷത്തിന്‌ പിന്നില്‍ ആര്‍എസ്‌എസ്‌ ആണെന്ന്‌ തന്നെയാണ്‌. തീര്‍ച്ചയായും അതില്‍ സംഘത്തിനഭിമാനിക്കാം. സര്‍സംഘചാലക്‌ ശ്രീമോഹന്‍ ഭാഗവത്‌ സംശയത്തിനിട നല്‍കാത്ത വിധം സംഘത്തിന്റെ അഴിമതിവിരുദ്ധ നിലപാട്‌ വ്യക്തമാക്കിക്കഴിഞ്ഞു.
സ്വാതന്ത്ര്യം നേടി 28 വര്‍ഷം കഴിഞ്ഞപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ അത്‌ നിഷേധിച്ചു. 77ല്‍ ജനങ്ങള്‍ സമരം ചെയ്തു സ്വാതന്ത്ര്യം പിടിച്ചുവാങ്ങി. 35 വര്‍ഷംകൂടി കഴിയുമ്പോള്‍ വീണ്ടും സാമ്പത്തിക സ്വാതന്ത്ര്യത്തെ വിഴുങ്ങാന്‍ അഴിമതിയെ തുറന്നുവിടുകയാണ്‌ നെഹ്‌റുവിന്റെ പിന്‍തലമുറക്കാര്‍. അടിയന്തരാവസ്ഥയെപ്പറ്റി കേട്ടുകേള്‍വി മാത്രമുള്ള പുതിയ തലമുറയിലെ ആളുകളാണ്‌ ഈ നൂതന സമരത്തിനിറങ്ങേണ്ടത്‌. സ്വാതന്ത്ര്യസമരത്തിന്റെ ഈ ഘട്ടങ്ങളിലൂടെ കടന്നുവരികയും ഒരു സമരത്തില്‍ പങ്കാളിയാവുകയും ചെയ്തയാളുടെ അടിയന്തരാവസ്ഥാദിന സ്മരണകളാണിവിടെ കുറിച്ചത്‌.

പി. നാരായണന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.