മൂര്‍ക്കനാട്‌ എന്ത്‌ സംഭവിച്ചു? 2

Friday 9 May 2014 6:34 pm IST

ക്ഷേത്രഭൂമിയില്‍ നീക്കുപോക്കില്ല 2004 ല്‍ പിഡബ്ല്യുഡി ഇവരുടെ സ്വാധീനത്താല്‍ ഈ റോഡ്‌ വീണ്ടും നിര്‍മ്മാണത്തിന്‌ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥാവകാശത്തിലുള്ള ഈ നടവഴിക്ക്‌ പൊതുമരാമത്ത്‌ വകുപ്പിന്‌ യാതൊരു അവകാശവുമില്ലെന്ന രേഖാമൂലം ചൂണ്ടിക്കാട്ടുകയും തുടര്‍ന്ന്‌ 2004 ഒക്ടോബര്‍ അഞ്ചിന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അസ്സി. എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ട്‌ സ്ഥലപരിശോധനനടത്തുകയും രേഖകള്‍പ്രകാരം പിഡബ്ല്യുഡിക്ക്‌ ഇങ്ങനെ ഒരു റോഡ്‌ ക്ഷേത്രഭൂമിയില്‍ കാണാനില്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്‌. ഇതിനിടയിലാണ്‌ പുതിയ സമരമുഖവുമായി പള്ളിയെ കൂട്ട്‌ പിടിച്ച്‌ തറവാട്ടുകാര്‍ ക്ഷേത്രഭൂമിക്കെതിരെ അമ്പ്‌ പെരുന്നാളുമായി രംഗത്തുവന്നത്‌. 2011 ലാണ്‌ ഇതിന്റെ തുടക്കം. ഇന്ന്‌ കാണുന്നപോലെയുള്ള പെരുന്നാള്‍ പ്രദക്ഷിണം ക്ഷേത്രത്തിന്റെ നടവഴിയിലൂടെ നടത്തണമെന്ന വാശിയോടെ കരുക്കള്‍ നീക്കിയ ബെന്‍സി ഡേവിഡിന്റെ രാഷ്ട്രീയ സ്വാധീനത്തിന്‌ മുന്നില്‍ മൂര്‍ക്കനാടിലെ ഭക്തജനങ്ങള്‍ കീഴടങ്ങി. 2011 ല്‍ പോലീസിനെ ഉപയോഗിച്ച്‌ ബലപ്രയോഗം ഇല്ലാതെ പെരുന്നാള്‍ പ്രദക്ഷിണം ഈ വഴി നടത്തി. 2012 ല്‍ ഹിന്ദുക്കള്‍ സംഘടിച്ചുവെങ്കിലും വേണ്ടത്ര ശക്തിയില്ലാത്തതിനാല്‍ പ്രതിഷേധത്തോടെ ക്ഷേത്രഭൂമിയിലൂടെ പെരുന്നാള്‍ കടന്നുപോയി. 2013 ല്‍ ഹിന്ദു സംഘടനകളും ഭക്തജനങ്ങളും രംഗത്ത്‌ വന്നു. വീണ്ടും പോലീസിന്റെ ശക്തമായ സാന്നിദ്ധ്യത്തില്‍ പെരുന്നാള്‍ പ്രദക്ഷിണം പോലീസ്‌ അകമ്പടിയോടെ നടത്തി. 2014 ഏപ്രില്‍ മാസത്തിലാണ്‌ ഹിന്ദു ഐക്യവേദി പരസ്യമായി സമരം സംഘടിപ്പിച്ചത്‌. അമ്പ്‌ പെരുന്നാളിന്റെ പ്രദക്ഷിണത്തിന്‌ ദേവസ്വം ബോര്‍ഡിന്റെ അനുവാദം ആവശ്യമില്ലെന്നും ഈ ക്ഷേത്ര നടവഴി പിഡബ്ല്യുഡി റോഡാണെന്നുമുള്ളപോലീസിന്റെയും കളക്ടറുടെയും ധിക്കാരത്തിന്‌ പിന്നില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‌ ഉന്നതപോലീസ്‌ വൃത്തങ്ങളില്‍ നിന്ന്‌ തന്നെ ഇപ്പോള്‍ വെളിവായിട്ടുള്ളതാണ്‌. ആര്‌ എതിര്‍ത്താലും അമ്പ്‌ പെരുന്നാള്‍ കടത്തിവിടണം. ഈ റോഡ്‌ പിഡബ്ല്യുഡി റോഡായി പ്രഖ്യാപിക്കണം. ഇതാണ്‌ തറവാട്ടുകാരുടെയും ഇപ്പോള്‍ പള്ളിയുടെയും ലക്ഷ്യം. ഈ ലക്ഷ്യം സ്ഥാപിച്ചെടുക്കുവാന്‍ വേണ്ടിയാണ്‌ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതും ഭക്തജനങ്ങള്‍ക്കെതിരെ കള്ളക്കേസ്‌ എടുത്തിട്ടുള്ളതും.
2014 ജൂണ്‍ 26 ന്‌ 6 മണിക്ക്‌ ഇരിങ്ങാലക്കുട റേഞ്ചിലുള്ള മുഴുവന്‍ പോലീസുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു പോലീസ്‌ അമ്പ്‌ പെരുന്നാള്‍ കടത്തിവിട്ടത്‌. സമാധാനപരമായി പ്രതിഷേധിക്കാന്‍ ചെന്ന ഹിന്ദുഐക്യവേദി സംസ്ഥാന നേതാക്കളെയാണ്‌ പോലീസ്‌ മര്‍ദ്ദിച്ചത്‌. അടുത്തദിവസം വീണ്ടും അതേ വഴിയിലൂടെ അമ്പ്‌ എഴുന്നുള്ളിക്കുമെന്ന്‌ പള്ളിക്കാര്‍ വീണ്ടും പ്രഖ്യാപിച്ചു. ഇത്‌ തടയേണ്ട ഭരണകൂടം അടുത്തദിവസവും അമ്പ്‌ പ്രദക്ഷിണം നടത്താന്‍ പള്ളിക്കാര്‍ക്ക്‌ സൗകര്യം ചെയ്തുകൊടുത്ത നീചമായ അനീതിയാണ്‌ നടത്തിയത്‌. മഹാദേവനെ സാക്ഷിയാക്കി നൂറ്‌ കണക്കിന്‌ ഭക്തജനങ്ങള്‍ ക്ഷേത്രവഴിയില്‍ 27 ന്‌ കുത്തിയിരുന്നതോടെ ആശങ്കയിലാണ്ട പോലീസും ഭരണകൂടവും അമ്പ്‌ പ്രദക്ഷിണത്തെ വഴിമാറ്റി വിടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇത്‌ തലേദിവസവും ചെയ്യാമായിരുന്നു. എല്ലാം കണ്ടും കേട്ടും കാത്തിരുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നിലപാട്‌ ആയിരുന്നു രസകരം. മഹാദേവക്ഷേത്രത്തിന്റെ ക്ഷേത്രഭൂമിയിലെ നടവഴി പിഡബ്ല്യുഡി റോഡാണന്ന്‌ പ്രഖ്യാപിച്ച്‌ 28 ന്‌ സിപിഎം നേതാക്കള്‍ പള്ളിയില്‍ പോയി പിന്തുണ കൊടുത്തു. അടുത്ത കൊല്ലം 2015 ല്‍ അമ്പ്‌ പെരുന്നാളിന്‌ ഡിവൈഎഫ്‌ഐ അകമ്പടി സേവിച്ച്‌ മാര്‍ച്ച്‌ ചെയ്യുമോ എന്ന്‌ മാത്രമെ ഇനി അറിയേണ്ടതുള്ളു. 29 ന്‌ രാവിലെ കളക്ടറുടെ ഓഫീസില്‍ കൂടിയ യോഗത്തില്‍ തൃശൂരിലെ ദേവസ്വങ്ങളുടെ പ്രിയങ്കരനായ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ മൂര്‍ക്കനാട്‌ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ നടത്തിയത്‌ അഴിഞ്ഞാട്ടമാണെന്നും ആ ശ്രമം തടഞ്ഞ ഡിവൈഎസ്പിയെ എന്ത്‌ വിലകൊടുത്തും സംരക്ഷിക്കണമെന്നും പറഞ്ഞു. എംഎല്‍എമാരുടെ പിന്തുണയോടെ ക്ഷേത്രവിശ്വാസികളോ, ദേവസ്വം ബോര്‍ഡോ ഇല്ലാതെ നടന്ന യോഗത്തില്‍ കളക്ടര്‍ മൂര്‍ക്കനാട്‌ ക്ഷേത്രഭൂമി ഗവണ്‍മെന്റ്‌ ഏറ്റെടുക്കാന്‍ പോകുകയാണെന്നും അത്‌ പിഡബ്ല്യുഡി റോഡാണെന്നും പത്രസമ്മേളനം നടത്തി വിശദീകരിച്ചു.
ക്ഷേത്രഭൂമിയിലെ നടവഴി പിഡബ്ല്യുഡി റോഡാണെന്ന്‌ പറഞ്ഞ ഇടതുപക്ഷ നേതാക്കാളുടെ നേരില്ലായ്മയെ ചോദ്യം ചെയ്തത്‌ പ്രസിദ്ധ കമ്മ്യൂണിസ്റ്റ്‌ സി. അച്ചുതമേനോന്റെ വളരെക്കാലത്തെ പ്രൈവറ്റ്‌ സെക്രട്ടറി ആയിരുന്ന മൂര്‍ക്കനാട്‌ സ്വദേശി ഗംഗാധരവാര്യര്‍ ആയിരുന്നു. ഹിന്ദുഐക്യവേദി ഏറ്റെടുത്ത സമരപരിപാടിയിലെ രണ്ടാംദിവസം ദേവസ്വം നടവഴിയില്‍ എത്തിയ അദ്ദേഹം ഈ ലേഖകനോടായി പറഞ്ഞത്‌ ഇങ്ങനെയാണ്‌. "എന്ത്‌ വിലകൊടുത്തും ഈ ക്ഷേത്രഭൂമി സംരക്ഷിക്കണം. ഈ നടവഴി പിഡബ്ല്യുഡി റോഡാണെന്നാണ്‌ ഇടതുപക്ഷം പറയുന്നത്‌. എങ്കില്‍ സിപിഐ സ്ഥാനാര്‍ത്ഥി സി.എന്‍. ജയദേവന്‌ ഈ നടവഴിയില്‍ തിരഞ്ഞെടുപ്പിന്‌ സ്വീകരണം കൊടുത്തപ്പോള്‍ സിപിഐ എന്തിനാണ്‌ ദേവസ്വം ബോര്‍ഡിന്റെ അനുമതി മേടിച്ചത്‌. ഇത്‌ വെറും ന്യൂനപക്ഷവര്‍ഗ്ഗീയതയെ സഹായിക്കുവാനുള്ള തന്ത്രമാണ്‌. ഇത്‌ അനുവദിക്കരുത്‌."
മഹാദേവക്ഷേത്ര സമീപവാസികള്‍ ഈ കാര്യത്തില്‍ ഉറച്ചതീരുമാനത്തിലാണ്‌. അമ്പ്‌ പെരുന്നാളിന്‌ ആരും എതിരല്ല. പള്ളിക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിക്ക്‌ അപേക്ഷ കൊടുത്തിട്ടുമില്ല. ഏതോ ഒരാള്‍ അപേക്ഷ കൊടുത്തത്‌ കളക്ടര്‍ക്കാണ്‌. ഇതില്‍ തന്നെ ദുരൂഹതയുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ അനുമതി നിഷേധിച്ചാല്‍ പിന്നെ അതിക്രമിച്ച്‌ പെരുന്നാള്‍ പ്രദക്ഷിണം പള്ളിക്കാര്‍ കൊണ്ടുപോയത്‌ ശരിയാണൊ എന്ന്‌ മതസൗഹൃദം പറയുന്നവരും പള്ളിക്കമ്മറ്റിക്കാരും ചിന്തിക്കണം. ഒരു ഭാഗത്ത്‌ ക്ഷേത്രനടവഴി പിഡബ്ല്യുഡി റോഡാണെന്ന്‌ വരുത്തി തീര്‍ക്കുക, മറുഭാഗത്ത്‌ അമ്പ്‌ പെരുന്നാള്‍ നടത്തി പൊതുവഴിയാണെന്ന്‌ പ്രഖ്യാപിക്കുക. ഇതാണ്‌ മൂര്‍ക്കനാട്‌ സംഭവിച്ചത്‌.
സ്വഭാവികമായും ചില ചോദ്യങ്ങള്‍ ഈ സമയത്ത്‌ ഉയരുന്നുണ്ട്‌. ഒരേ ആവശ്യത്തിന്‌ ഭരണകൂടം രണ്ട്പേരോട്‌ രണ്ട്‌ നയം സ്വീകരിക്കുന്നത്‌ ശരിയാണോ? കാലങ്ങളായി ആറാട്ടുപുഴയിലെ ക്ഷേത്രത്തിലേക്കും പരമ്പരാഗതമായി കൃഷി ചെയ്യുവാന്‍ വണ്ടിയും വാഹനവും പോയിരുന്ന വഴിയാണ്‌ ആറാട്ടുപുഴയിലെ ക്രൈസ്തവ പള്ളി വലിയ പാലംപണിത്‌ അടച്ചുകെട്ടിയത്‌. പാവപ്പെട്ട കൃഷിക്കാരന്‌ ഇപ്പോള്‍ കൃഷി ചെയ്യാന്‍ കഴിയുന്നില്ല. വണ്ടിയും വാഹനവും പോകാന്‍ കഴിയില്ല. ഈ വഴി തുറക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടിട്ടും പോലീസും ഇന്നത്തെ ഭരണകൂടവും പള്ളിക്കാരുടെ കൂടെയാണ്‌. ആറാട്ടുപുഴയില്‍ പൊതുവഴി നിഷേധിക്കുമ്പോഴാണ്‌ മൂര്‍ക്കനാട്‌ വഴിയില്ലാത്ത ക്ഷേത്രഭൂമി പിഡബ്ല്യുഡി റോഡാണെന്ന്‌ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്നത്‌. ഒതു മതസ്ഥാപനത്തിന്റെ മൂന്നിലൂടെ നാഷണല്‍ ഹൈവേയില്‍ ചാവക്കാട്‌ മണത്തലയില്‍ ഘോഷയാത്ര നടന്നപ്പോഴാണ്‌ പോലീസ്‌ തടഞ്ഞതും ഘോഷയാത്രയിലെ ഹിന്ദുക്കളെ തല്ലിചതച്ചതും. ഇതും ആരും മറന്നിട്ടില്ല.
കളക്ടറുടെ ചോദ്യത്തിന്റ യുക്തി മനസ്സിലാകുന്നില്ല. പൂരപ്പറമ്പില്‍ അന്യമതസ്ഥര്‍ നടക്കുന്നത്‌ തടയാമോ എന്നാണ്‌ കളക്ടര്‍ ചോദിച്ചത്‌. തൃശൂര്‍ വേലൂര്‍പള്ളിയില്‍ വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്ര ഉത്സവം പോകുന്നതിന്‌ പള്ളിയുടെ വേലി തുറക്കാറുണ്ട്‌. ഇതുകൊണ്ട്‌ ഈ വഴിക്ക്‌ ക്ഷേത്രത്തിന്‌ അവകാശമുണ്ടെന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ? തൃശൂര്‍ ലൂര്‍ദ്ദ്‌ പള്ളിയൂടെ മുന്‍വശം കവാടം വഴി വണ്ടിയും വാഹനവും ആളുകളും പുറകിലെ വഴിയിലേക്ക്‌ സഞ്ചരിക്കാറുണ്ട്‌. ഇതില്‍ ശബരിമലയിലേക്ക്‌ മാലയിട്ടവരും സഞ്ചാരിക്കാറുണ്ട്‌. ഇതിന്റെ പേരില്‍ ഈ വഴിയിലൂടെ നടവഴി അവകാശം പറഞ്ഞ്‌ അയ്യപ്പന്‍വിളക്ക്‌ നടത്താന്‍ പോയാല്‍ കളക്ടറുടെ സമീപമം എന്തായിരിക്കും?
ഇവിടെ നിയമം അനുശാസിക്കുന്നപോലെ ഭരണകുടം പ്രവര്‍ത്തിക്കുന്നില്ല. ഭരണകൂടത്തിന്റെ സമീപനം നിയമവിരുദ്ധവും ന്യൂനപക്ഷ പ്രീണനവുമാണ്‌. മൂക്കര്‍നാട്‌ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തിന്റെ കപ്പേളയുടെ പുനര്‍നിര്‍മ്മാണത്തിന്‌ പള്ളി അധികൃതര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കിറ്റിനായി ദേവസ്വത്തിന്‌ കത്ത്‌ നല്‍കിയപ്പോള്‍ പള്ളിവക ആഘോഷയാത്രകള്‍ ദേവസ്വം ഭൂമിയിലൂടെ നടത്താന്‍ പാടില്ലെന്ന്‌ ദേവസ്വം നിര്‍ദ്ദേശിച്ചുട്ടുള്ളതും പള്ളിക്കാര്‍ ഇത്‌ അംഗീകരിച്ചതിന്റെയും അടിസ്ഥാനത്തിലാണ്‌ ഞ14149/13 നമ്പര്‍ പ്രകാരം 2013 നവംബര്‍ 23 ന്‌ നോ ഒബ്ജക്ഷന്‍ നല്‍കിയിട്ടുള്ളത്‌. അക്രമം നടത്തുന്നവര്‍ക്ക്‌ പോലീസ്‌ സംരക്ഷണം, നീതി ചോദിക്കുന്നവര്‍ക്ക്‌ മര്‍ദ്ദനം. ഇത്‌ നിഷേധാത്മക സമീപനമാണ്‌. ഹിന്ദുക്കള്‍ക്കെതിരെയുള്ള ഈ നിഷേധാത്മക സമീപനത്തിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.മൂര്‍ക്കനാട്‌ സംഭവം ഒറ്റപ്പെട്ടതല്ല. ഇതാണ്‌ കേരളത്തില്‍ പലയിടങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഈ സമീപനമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.
അഡ്വ. ബി. ഗോപാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.