കൊച്ചി ഐ.പി.എല്‍ ടീമിനെ പുറത്താക്കി

Monday 19 September 2011 4:24 pm IST

മുംബൈ: കേരളത്തിന്റെ ഐ.പി.എല്‍ ടീമായ കൊച്ചി ടസ്‌കേഴ്സ് കേരള ടീമിനെ ബി.സി.സി.ഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കി. ബാങ്ക് ഗ്യാരണ്ടിയില്‍ കുടിശിക വരുത്തിയതിനാണ് നടപടി. ബി.സി.സി.ഐ ജനറല്‍ ബോഡി യോഗത്തിനു ശേഷം പുതിയ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനാണ് ഇക്കാര്യമറിയിച്ചത്. ഐപിഎല്‍ ഭരണ സമിതിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ടീമുകള്‍ എല്ലാ വര്‍ഷവും ബാങ്ക് ഗ്യാരണ്ടി പുതുക്കേണ്ടതുണ്ട്. 156 കോടി രൂപയാണു ബാങ്ക് ഗ്യാരണ്ടി. അടുത്ത പത്തു വര്‍ഷം ഇതുപോലെ ഗ്യാരണ്ടി തുക നല്‍കണം. ഇതില്‍ കുടിശിക വരുത്തിയതിനാല്‍ ബി.സി.സി.ഐ കൊച്ചി ടീമിനു നേരത്തെ നോട്ടീസ് അയച്ചിരുന്നു. കൊച്ചി ടസ്കേഴ്സ് ഗൗരവകരമായ വീഴ്ച വരുത്തിയെന്നു ബി.സി.സി.ഐ ജനറല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. ബി.സി.സി.ഐയുടേതു തെറ്റായ തീരുമാനമെന്നു കൊച്ചി ടീം ഉടമകളിലൊരാളായ മുകേഷ് പട്ടേല്‍ പ്രതികരിച്ചു. തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 26 വരെ ബാങ്ക് ഗ്യാരന്റി നല്‍കാന്‍ സമയമുണ്ടായിരുന്നുവെന്നും അതിനോടകം ബാങ്ക് ഗ്യാരന്റി നല്‍കാന്‍ തയാറെടുത്തുവരുകയായിരുന്നുവെന്നും മുകേഷ് പട്ടേല്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിലെ ടീം ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയേയും ബി.സി.സി.ഐ നിയോഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.