മേല്‍ശാന്തിയുടെ മകളുടെ ശബരിമല പ്രവേശം: പരിഹാരക്രിയകള്‍ നടത്തും

Saturday 10 May 2014 2:59 pm IST

കോട്ടയം: ശബരിമല മേശാന്തിയുടെ മകളുള്‍ ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികള്‍ ആചാരം ലംഘിച്ച് മല ചവിട്ടിയ സംഭവത്തില്‍ വീഴ്ച വന്നതായി ദേവസ്വംബോര്‍ഡിന്റെ അടിയന്തര യോഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ ബി.മോഹന്‍‌ദാസിനെ തത്‌സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. ശബരിമലയില്‍ ആചാരം ലംഘിക്കപ്പെട്ടു എന്നും ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. പ്രാഥമിക നടപടിയെന്നവണ്ണം മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരിയെ അദ്ദേഹത്തിന്റെ കാലാവധിക്കു ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട് സഹകരിപ്പിക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്മിഷണറെയും യോഗം ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും മേല്‍ശാന്തിക്കെതിരെ കൂടുതല്‍ നടപടി വേണമോയെന്ന് തീരുമാനിക്കുക. ക്ഷേത്രത്തില്‍ പരിഹാരക്രിയകള്‍ നടത്താനും തീരുമാനിച്ചു. ഇതിനുള്ള ചെലവ് മേല്‍ശാന്തി വഹിക്കണം. മോഹന്‍ദാസിനെയും മേല്‍ശാന്തിയെയും കൂടാതെ സോപാനം സ്പെഷ്യല്‍ ഓഫീസര്‍ പ്രസന്നകുമാര്‍,​ പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുന്‍ ജീവനക്കാരായ ശോഭ, ലൈല, ദേവസ്വം ഗാര്‍ഡ് കെ.പി. ഗോപകുമാര്‍, മേല്‍ശാന്തിയുടെ ഗണ്‍മാന്‍ രാധാകൃഷ്ണന്‍, രണ്ട് വനിതാ പോലീസുകാര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.