ഊറ്റുകാരും വാറ്റുകാരും

Monday 19 September 2011 10:34 pm IST

നമ്മുടെ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധിക്കാറില്ലേ? അവ അടുക്കിവച്ച്‌ ചിന്തിയ്ക്കുമ്പോള്‍ ഒരു ശരാശരി കേരളീയന്റെ ജീവിതചിത്രം കിട്ടും. രാവിലെ അദ്ദേഹം സ്വര്‍ണ്ണത്തിന്റെ മാറ്റും മഹത്വവും പറയും. രണ്ടുഹൃദയങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന സംഗീതം പോലെയാണ്‌ സ്വര്‍ണ്ണം എന്നുപുകഴ്ത്തും. പിന്നെ, അത്‌ എവിടെ നിന്നാണ്‌ വാങ്ങേണ്ടത്‌ എന്നും പറയും. അദ്ദേഹത്തിന്റെ വാക്ക്‌ വിശ്വസിച്ച്‌ നമ്മള്‍ സ്വര്‍ണ്ണം വാങ്ങിയാലോ? അടുത്ത നടപടിയും അദ്ദേഹം തന്നെ പറഞ്ഞുതരും. 'വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിനു നാട്ടില്‍ പണം തേടിനടപ്പൂ...' എത്രയും പെട്ടെന്ന്‌ അതുകൊണ്ടു ചെന്നു പണയം വയ്ക്കാന്‍ പറയും. എവിടെയാണ്‌ പണയം വയ്ക്കേണ്ടത്‌ എന്നും പറഞ്ഞുതരും. പണയം വച്ചു കഴിഞ്ഞാലോ, കയ്യില്‍ കാശായി. നേരം ഉച്ചതിരിഞ്ഞ സ്ഥിതിയ്ക്ക്‌ അദ്ദേഹത്തിന്റെ അടുത്ത അന്വേഷണം: "വയ്യീട്ടെന്താ പരിപാടി?" പരിപാടിയ്ക്കിടെ തൊട്ടുനക്കാന്‍ എരിവും ചുണയുമുള്ള വല്ലതും വേണ്ടേ? അതും ഏതാണ്‌ നല്ലതെന്ന്‌ അദ്ദേഹം തന്നെ തൊട്ടുനക്കി ആസ്വദിച്ച്‌ അഭിനയിച്ചു കാണിച്ചുതരികയും ചെയ്യും! ഒന്നുനോക്കിയാല്‍, ഇതുതന്നെയല്ലേ ഇവിടെയുള്ള ഒരു സാധാരണക്കാരന്റെ നിത്യജീവിതം? അന്നന്നത്തെ പ്രാരബ്ധത്തീയില്‍പ്പെട്ട്‌, രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പെടുന്ന പെടാപ്പാടിനിടിയ്ക്ക്‌ അവന്‍ എന്തൊക്കെയോ പ്രലോഭനങ്ങളില്‍പ്പെട്ട്‌, ഊറ്റുകാരുടെയും വാറ്റുകാരുടെയുമൊക്കെ കെണിയില്‍പ്പെട്ട്‌ ജീവിതം ഒടുക്കുന്നു. ആഗോള സംസ്കാരമെന്നും ഭൂഗോള ഉപഭോഗ ശവസംസ്കാരമെന്നുമൊക്കെ അത്ഭുതംകൂറി അകക്കണ്ണും പുറംകണ്ണുമടച്ച്‌ നാം അന്തംവിട്ട്‌ സായ്പന്മാരായി രോമാഞ്ചമണിഞ്ഞുനില്‍ക്കുമ്പോള്‍, മേല്‍പ്പറഞ്ഞ വിധത്തില്‍ ചൂഷണം ചെയ്യപ്പെട്ട്‌ നില്‍ക്കക്കള്ളിയില്ലാതാവുന്ന എത്രയോ കുടുംബങ്ങള്‍ ആത്മഹത്യയില്‍ അഭയം പ്രാപിയ്ക്കുന്നു. ഉള്ള കുടുംബങ്ങളില്‍ത്തന്നെ അന്തഃഛിദ്രവും അരക്ഷിതത്വബോധവും അരങ്ങുവാഴുന്നു. സാഹചര്യങ്ങളുടെ വിപത്ത്‌ തിരിച്ചറിഞ്ഞ്‌ അവനവനെയും സ്വന്തം കുടുംബത്തെയും രക്ഷിക്കാന്‍ മനസ്സില്ലാത്തവര്‍, പരസ്പരം വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തവര്‍, താന്‍പോരിമക്കാര്‍, നാണം മറയ്ക്കാന്‍ മദ്യം ഉടുമുണ്ടിനേക്കാള്‍ കട്ടിയുള്ളതാണെന്ന്‌ വിശ്വസിക്കുന്നവര്‍, ഉത്സവം ഘോഷിയ്ക്കാന്‍ ആയിരം കോടി കുടിച്ചുവറ്റിയ്ക്കുന്നവര്‍, വല്ലവന്റെയും ജാഥയില്‍ ചെന്നുകൂടി ജെയ്‌ വിളിച്ചു നരയ്ക്കുന്നവര്‍, ഉള്ളതു വിറ്റുതിന്നു മുടിയ്ക്കുകയല്ലാതെ മെയ്യനങ്ങി അദ്ധ്വാനിയ്ക്കാത്തവര്‍, പൂര്‍വ്വമഹത്വം പറഞ്ഞ്‌ കുഴിതോണ്ടി ആ കുണ്ടുകിണറ്റില്‍ത്തന്നെ വീണുകിടക്കുന്നവര്‍, സ്വന്തം ഇനത്തെയും ജനത്തെയും സഹകരിപ്പിക്കാത്തവര്‍-അങ്ങനെയൊരു വലിയ വിഭാഗം അറിഞ്ഞും അറിയാതെയും ഈ ഊറ്റുകാര്‍ക്ക്‌ അരുനിന്നുകൊടുക്കുന്നു. അവരാകട്ടെ, അന്യ രക്തം കുടിച്ചുവീര്‍ക്കുന്ന കുളയട്ടകളെപ്പോലെ സ്വന്തം നിലനില്‍പ്പു കേമമാക്കുകയും വംശവര്‍ദ്ധനയിലൂടെ നാടുമുഴുവന്‍ കീഴടക്കുകയും ചെയ്യുന്നു! ഊറ്റുക എന്നു പറഞ്ഞാല്‍, കക്ഷി അറിയാതെത്തന്നെ, അവന്റെ ജീവരക്തം മുഴുവന്‍ ഊറ്റിയെടുക്കുക, ചണ്ടിയാക്കി അവനെ പുറത്തേയ്ക്ക്‌ വിടുക. ചോരയൂറ്റുന്ന കൊതുക്‌, ലഹരി ഊറ്റുന്ന ഇടനിലക്കാര്‍, വെള്ളം ഊറ്റുന്ന കോളഫാക്ടറികള്‍, പെട്രോള്‍, ഗ്യാസ്‌ എന്നിവ ഊറ്റി മറിച്ചുവില്‍ക്കുന്നവര്‍ തുടങ്ങി മണലൂറ്റുന്നവര്‍ വരെ ഈ നിരയിലുണ്ട്‌. എങ്കിലും ട്രോഫി സ്വര്‍ണ്ണപ്പണയത്തിനുമേല്‍ പലിശയൂറ്റുന്നവര്‍ക്കുതന്നെ. പാവങ്ങള്‍ വല്ല ആസ്പത്രിക്കാര്യത്തിനോ കല്യാണക്കാര്യത്തിനോ, അല്ലെങ്കില്‍ മറ്റൊരത്യാവശ്യത്തിനോ അവിടെച്ചെന്ന്‌ പെട്ടുപോയാല്‍ പെട്ടതുതന്നെ. എണ്ണായിരം രൂപയ്ക്ക്‌ എണ്‍പതിനായിരത്തിന്റെ സാധനം വയ്ക്കും. പലിശയും വട്ടിപ്പലിശയും കൂട്ടുപലിശയുമൊക്കെയായി അത്‌ അതിന്റെ വഴിയ്ക്കു കേറിക്കേറിപ്പോവും. പലരും തിരിച്ചെടുക്കാന്‍ നില്‍ക്കില്ല. അല്ലെങ്കില്‍ കയ്യൊഴിയും. ഫലമോ? പണമൂറ്റുകാരന്‌ എണ്ണായിരം മുടക്കിയാല്‍ എണ്‍പതിനായിരം മുതലായി. ഒപ്പം 'കള്ളവുമില്ല ചതിയുമില്ല, കണക്കുമില്ല.' ഉള്ള സ്വര്‍ണ്ണവും കള്ളസ്വര്‍ണ്ണവുമൊക്കെ കൂടിച്ചേര്‍ന്ന്‌ അഹങ്കാരത്തിന്റെ ഒരു കനകക്കുന്ന്‌. അധികാര സ്ഥാനങ്ങളില്‍ അടുത്ത ബന്ധം. പിന്നെ ആരെ പേടിയ്ക്കണം? ലോകമായ ലോകം മുഴുവന്‍ ബ്രാഞ്ചുകളുണ്ടാവും. എല്ലാം നാട്ടുകാരെ ഊറ്റീട്ട്‌! സ്വകാര്യ പണമിടപാടുകാരെ തളയ്ക്കാന്‍ ഒരു ഗവണ്‍മെന്റും കാര്യമായി ഒന്നും ചെയ്യുന്നില്ല. ചില മാര്‍ക്കറ്റുകളില്‍ രാവിലെ 900 രൂപ പച്ചക്കറി കച്ചവടത്തിന്‌ കൊടുത്താല്‍ വയ്യുന്നേരം 1000 രൂപയായി മടക്കിക്കൊടുക്കണം. ലക്ഷത്തിന്‌ ഒരു ദിവസം, ആയിരം വച്ചു പലിശവാങ്ങുന്നവരുണ്ടത്രേ. മീറ്റര്‍, വാള്‌, കത്തി, കഠാര എന്നൊക്കെയാണ്‌ പേര്‌. ഏറ്റവും നിരുപദ്രവി ബ്ലേഡ്‌. ഇതിനൊക്കെ വീണ്ടും ഈടായി കുറേ മുദ്രപ്പത്രങ്ങളും തുകയെഴുതാത്ത ചെക്കുകളുമൊക്കെ നിര്‍ബന്ധിച്ച്‌ ഒപ്പിട്ട്‌ വാങ്ങിവയ്ക്കുന്നു! ഇടപാടു തീര്‍ത്താലും പിന്നെയും ഭീഷണി, ഗുണ്ടായിസം, കേസ്‌, വഴക്ക്‌, കോടതി. ചെക്കും പത്രവും അവരുടെ കയ്യില്‍! കോടതിയില്‍ സകലതെളിവും അവരുടെ ഭാഗത്ത്‌! വാദി പ്രതിയാവും. ഇതിനെതിരേ എന്തുകൊണ്ടാണ്‌ കര്‍ശനമായ ഒരു നിയമനിര്‍മ്മാണം ഉണ്ടാവാത്തത്‌? ഒരുപക്ഷേ, അതുണ്ടാക്കേണ്ടവരുടെ ആശ്രിതന്മാരോ, ബന്ധുക്കളോ ബിനാമികളോ ഒക്കെയായിരിയ്ക്കണം ഈ പണമൂറ്റുകാര്‍. അല്ലെങ്കില്‍ എത്രയോ മുമ്പുതന്നെ അങ്ങനെയൊരു കര്‍ശന നിയമം ഉണ്ടാവേണ്ടതായിരുന്നു. വ്യാജവാറ്റുപോലെ മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുന്ന ഒന്നത്രേ വ്യാജമായ ഈ പണമൂറ്റു സ്ഥാപനങ്ങളും. പലിശക്കാര്‍ക്കും, വട്ടിപ്പലിശക്കാര്‍ക്കും കള്ളവാറ്റുകാര്‍ക്കുമെതിരേ വിവരമുള്ള ജനം തന്നെയാണ്‌ സംഘടിയ്ക്കേണ്ടത്‌. ഭരണക്കാര്‍ക്ക്‌ ഇതില്‍ എന്തെങ്കിലുമൊന്ന് ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല; 'തെരഞ്ഞെടുപ്പു സംഭാവന' എന്നൊരു തടസ്സമുണ്ടല്ലോ! പ്രാദേശികമായ 'പറ്റുപടി'ക്കാരുടെ കാര്യം പറയാതിരിക്കുകയാണ്‌ ഭേദം. മഹാന്മാര്‍ ആത്മകഥയെഴുതുന്നതിനെക്കാള്‍ സത്യസന്ധമായിട്ടത്രേ വാറ്റുകാരും ഊറ്റുകാരും കൂട്ടിക്കൊടുപ്പുകാരുമൊക്കെ ഡയറിയെഴുതുന്നത്‌! ഒരു തരത്തില്‍ നോക്കിയാല്‍ ഇത്‌ സത്യലോകമല്ല എന്ന്‌ ആരുപറയും? പക്ഷേ, മുഖ്യധാരയിലുള്ള സുപ്രഭാതങ്ങളും നേര്‍പ്പത്രങ്ങളും മതേതര പത്രങ്ങളുമൊക്കെ ഇരുചെവിയറിയാതെ തമസ്കരിച്ചുവിഴുങ്ങുന്ന ചില വാര്‍ത്തകളുണ്ട്‌. തമസ്സിനെ മറയ്ക്കാനാണല്ലോ സുപ്രഭാതം. പക്ഷേ, തമസ്സും ഒരു സത്യമാണ്‌. സാമൂഹികമായ വിസ്ഫോടനങ്ങള്‍ക്കിടയാക്കുന്ന തമസ്സ്‌ സ്വന്തം സമുദായത്തില്‍ നിന്നുണ്ടായാലും പാര്‍ട്ടിയില്‍ നിന്നുണ്ടായാലും അതുറക്കെപ്പറയാനുള്ള ധീരതയാവണം പത്രധര്‍മ്മം. അല്ലെങ്കില്‍ അതൊരു ധര്‍മ്മപ്പത്രത്തിന്റെ നിലവാരത്തിലേയ്ക്ക്‌ താഴുകയേയുള്ളൂ. കച്ചവടധര്‍മ്മം പത്രധര്‍മ്മത്തില്‍ കുറേയൊക്കെ ആവാം. എന്നാല്‍ ധര്‍മ്മം പോയിട്ട്‌ വെറും കച്ചവടം മാത്രമാകരുത്‌. ഉത്തരേന്ത്യയില്‍ അജ്ഞാതമായ ഒരു സ്ഥലത്ത്‌ ഒരു കന്യാസ്ത്രീ ആക്രമിയ്ക്കപ്പെട്ടു എന്നൊരു വാര്‍ത്ത മുന്‍ പേജില്‍ വെണ്ടയ്ക്കയായി വരുന്ന ഒരു പത്രത്തില്‍, 'അമേരിക്കയില്‍ ഇന്ത്യന്‍ പാതിരി ഏഴരലക്ഷം ഡോളര്‍ നല്‍കി പീഡനക്കേസ്‌ ഒതുക്കി' എന്ന വാര്‍ത്ത (ജന്മഭൂമി 2011 സെപ്തംബര്‍ 9) ഉള്‍പ്പേജില്‍പ്പോലും വരാത്തത്‌ എന്തുകൊണ്ടാണ്‌? പീഡനവാര്‍ത്തയും ഏകപക്ഷീയമായിരിക്കണം എന്നു നിര്‍ബന്ധമുള്ളതുകൊണ്ടാണോ? ഏതായാലും ഇനി പേടിയ്ക്കാനില്ല. പാതിരി ഇന്ത്യയിലേയ്ക്ക്‌ മടങ്ങിക്കഴിഞ്ഞു. ഇവിടെയാവുമ്പോള്‍ സംഗതി സുരക്ഷിതം! ഇനി എന്തുമാകാം! ഇത്‌ ഇന്നത്തെ കാലത്ത്‌ നല്ലൊരു സാംസ്കാരിക വാര്‍ത്തയല്ലേ? 'തിരുവനന്തപുരത്ത്‌ ആറുവര്‍ഷത്തിനകം ക്രിസ്തുരാജ്യം' (അതേ പത്രം, അതേതീയതി) എന്ന സന്തോഷവാര്‍ത്തയും മറ്റൊരു പത്രത്തിലും കണ്ടില്ല. ഈ സന്തോഷം കേരളത്തിലെ സര്‍വ്വജാതി മതസ്ഥരുമായ സകലമാന വായനക്കാരും അറിഞ്ഞ്‌ ആഘോഷിയ്ക്കേണ്ടതല്ലേ? 1286 കോടിയാണത്രേ മുടക്ക്‌! ഒരു രാജ്യത്തിന്‌ ആവശ്യമുള്ളത്ര പ്രജകളെ ഇതിനകം മതംമാറ്റി എടുത്തുകഴിഞ്ഞു. ഇനി അവര്‍ക്കുപറ്റിയ ഒരു രാജ്യമുണ്ടാവണം. അതിനാണ്‌ 1286 കോടി. ഇത്രയും കോടികള്‍ ഈ പാവപ്പെട്ട കേരളത്തില്‍ എങ്ങനെ വന്നു? എവിടെ നിന്നു വന്നു? ഏതൊക്കെ വഴികളിലൂടെ വന്നു? അതിനെക്കുറിച്ചും വേണ്ടേ ഒരു 'ചാനല്‍ ഇന്‍വെസ്റ്റിഗേഷന്‍'? തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നവര്‍ക്ക്‌ ഇക്കാര്യങ്ങളില്‍ എന്താണാവോ ഒരു തടസ്സം? കാക്കയ്ക്കും തന്‍ കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌!-അത്രേയുള്ളൂ കാര്യം! പക്ഷേ, ചില ശീലങ്ങള്‍ നമുക്ക്‌ ദുഃശീലങ്ങളായിപ്പോയി. ഊറ്റുകാരുടെയും വാറ്റുകാരുടെയും മയക്കുമരുന്നുകാരുടെയുമൊക്കെ വാഗ്ദാനങ്ങളില്‍പ്പെട്ട്‌ ജന്മം തുലയ്ക്കുംപോലെ, ചില പത്രങ്ങളും ആഴ്ചപ്പതിപ്പുകളുമൊക്കെ നമുക്ക്‌ ദുഃശീലങ്ങളായിപ്പോയി. കഴിഞ്ഞയാഴ്ച മലയാളത്തിലെ തലമുതിര്‍ന്ന ഒരു നിരൂപകന്റെ വസതിയില്‍ ചെല്ലാനിടവന്നു. പോര്‍ട്ടിക്കോയിലെ ടീപോയില്‍ മലയാളത്തിന്റെ മഹാപാരമ്പര്യമുള്ള ഒരു ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം കിടക്കുന്നു. അദ്ദേഹം പറഞ്ഞു, പണ്ട്‌ അതൊരു സംസ്കാരമായിരുന്നു. ഒരക്ഷരം വിടാതെ വായിച്ചിരുന്നു. ഇന്ന്‌ തലമുറമാറി. ഉടമസ്ഥരും മാറി. സ്വാതന്ത്ര്യപ്പോരാളികളുടെ കസേരയില്‍ ഭിക്ഷാംദേഹികളായി. ഇപ്പോള്‍ അത്‌ കച്ചവടമായി, വായിയ്ക്കാറില്ല. -എങ്കില്‍, നിര്‍ത്തരുതോ? -ശീലമായിപ്പോയി. മാറുന്ന സാഹചര്യത്തില്‍ നമുക്ക്‌ പത്രശീലങ്ങളും മാറ്റേണ്ട ഘട്ടം എത്തിക്കഴിഞ്ഞു. ദുഃശീലം നന്നല്ലല്ലോ! ഇത്‌ ആവര്‍ത്തിച്ചുപറയാന്‍ കാരണം കേരളത്തിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനം, അതിലെ ഉദ്യോഗസ്ഥരായ പെണ്‍കുട്ടികളോടും സ്ത്രീകളോടുമൊക്കെ, കണ്ണെഴുതരുത്‌, പൊട്ടുതൊടരുത്‌, സീമന്തരേഖയില്‍ സുമംഗലിക്കുറിയണിയരുത്‌, പൂചൂടരുത്‌, താലിയില്‍ ആലില പാടില്ല തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്‌ ഒരു സര്‍ക്കുലര്‍ ഇറക്കിയിരിയ്ക്കുന്നുവത്രേ! താലി അഴിയ്ക്കണമോ ആവോ? കന്യാസ്ത്രീ വേഷവും കഴുത്തില്‍ കുരിശും അണിയണം എന്നുകൂടി പറഞ്ഞിട്ടുണ്ടോ എന്നു വ്യക്തമല്ല. എന്തായാലും പുരുഷന്മാര്‍ നെറ്റിയില്‍ ചന്ദനക്കുറിയോ കുങ്കുമമോ ഒന്നും തൊട്ടുപോകരുത്‌. വധശിക്ഷ ഉറപ്പ്‌! ചുരുക്കത്തില്‍ എത്രയും വേഗം മതംമാറിക്കൊള്ളുക എന്നര്‍ത്ഥം. കാരണം, അവരുടെ ഭാവനയില്‍ കേരളം എന്നോ വത്തിക്കാനായിക്കഴിഞ്ഞു. അങ്ങ്‌ കേന്ദ്രം മുതല്‍ ഇങ്ങ്‌ കേരളം വരെ അവര്‍ക്ക്‌ ആ ഉറപ്പ്‌ കിട്ടിക്കഴിഞ്ഞു എന്നാണോ കരുതേണ്ടത്‌? സാഹചര്യത്തെളിവുകള്‍ അങ്ങനെയാണ്‌. എങ്കില്‍ ഈ പണമൂറ്റു സ്ഥാപനം ഈ പൊട്ടുതൊടുന്നവരുടേതായ ഒരു സമൂഹമുണ്ടല്ലോ-അതിനെ ഹിന്ദുസമൂഹം എന്നു പറയും-ആ സമൂഹത്തില്‍ നിന്ന്‌ ഇതിനകം സ്വരൂപിച്ചുകഴിഞ്ഞ കോടികളുടെ നിക്ഷേപം ഉടനടി മടക്കിക്കൊടുത്ത്‌ ചാരിത്ര്യം വീണ്ടെടുക്കണം. ഹിന്ദുസമൂഹത്തില്‍ നിന്ന്‌ മേലാല്‍ സ്വര്‍ണ്ണപ്പണയമോ നിക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല എന്ന്‌ പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്ത്‌ അന്തസ്സുപാലിക്കണം. അതിനുള്ള ധൈര്യമുണ്ടോ? ഇങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കാന്‍ കാണിച്ച ധൈര്യത്തിന്റെ നൂറിലൊന്നു മതിയല്ലോ അങ്ങനെയൊരു പരസ്യം കൊടുക്കാന്‍! വെല്ലുവളിയ്ക്കുന്നു, ധൈര്യമുണ്ടോ അങ്ങനെയൊരു പരസ്യം കൊടുക്കാന്‍ ഈ പണമൂറ്റുകാര്‍ക്ക്‌? ഹിന്ദുസമൂഹത്തില്‍ നിന്നല്ലാതെ മറ്റേതു സമൂഹത്തില്‍ നിന്നുകിട്ടും അവര്‍ക്ക്‌ ചോരയൂറ്റാനുള്ള ബലിയാടുകളെ? കൊടുത്ത കൈയ്ക്കുതന്നെ കൊത്തുന്ന നന്ദികേടും അഹങ്കാരവും ഇത്രപാടുണ്ടോ? എവിടെ നിന്നാണ്‌ അവര്‍ക്ക്‌ ഇതൊക്കെ ഉണ്ടായത്‌? -ഇത്രമാത്രം സാമുദായിക സന്തുലനം തകര്‍ക്കുന്ന ഒരു സംഭവമുണ്ടായിട്ടുപോലും മറ്റു സുപ്രഭാതമതേതരനേര്‍പ്പത്രങ്ങളിലൊന്നും അതൊരു വാര്‍ത്തയായില്ല. 'മതഭ്രാന്തും മഹാശ്ചര്യം പരസ്യംകിട്ടലേ ഗുണം!' എന്നതാണല്ലോ കച്ചവടത്തില്‍ പ്രധാനം. ആത്മാഭിമാനമുള്ള ഹിന്ദുസമൂഹം ഇത്‌ വരെ ഗൗരവമായിട്ടെടുക്കണം. നിങ്ങളെ വേണ്ടാത്തവരെ നിങ്ങളും വേണ്ടെന്നുവയ്ക്കണം. ഇത്തരം പണമൂറ്റു സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും നിങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ഉടനടി പിന്‍വലിയ്ക്കണം. പരിചയക്കാരെയും ബന്ധുക്കളെയുമൊക്കെ അതിനുപ്രേരിപ്പിയ്ക്കണം. പണയം വയ്ക്കാന്‍ പോലും ആരും അങ്ങോട്ടു തിരിഞ്ഞുനോക്കരുത്‌. നമ്മുടെ പണവും വാങ്ങി കോടീശ്വരന്മാരായി നമ്മെത്തന്നെ അപമാനിയ്ക്കുന്നവരെ നാം ഇനിയും ചുമക്കണോ? സമൂഹത്തിന്‌ ഗുണമുള്ള സഹകരണ ബാങ്കുകള്‍ നമുക്കില്ലേ? ആത്മാഭിമാനവും അന്തസ്സുമുള്ള ഹിന്ദുസമൂഹം ഇക്കൂട്ടരെയും ഇവരുടെ സ്ഥാപനങ്ങളെയും ഇന്നുമുതല്‍ ബഹിഷ്കരിയ്ക്കുക. പള്ളിമുറ്റത്ത്‌ കപടവ്യാപാരം നടത്തിയ കള്ളന്മാരെ ചാട്ടവാറുകൊണ്ട്‌ അടിച്ചോടിച്ച ധര്‍മ്മസ്വരൂപനായ ദൈവപുത്രനാണ്‌ യേശുക്രിസ്തു! ആ മഹാകാരുണ്യരൂപന്റെ പേരും പറഞ്ഞ്‌ നമ്മെ ചൂഷണം ചെയ്യുന്ന നരകസന്തതികളായ യൂദാസുകളെയും നമ്മള്‍ ചുമക്കണോ? പാപിയെ പനപോലെ വളര്‍ത്തും എന്നാണ്‌ ചൊല്ല്‌. പാപികളേ എന്നാണല്ലോ സംബോധനയും. വളരട്ടെ. എത്രത്തോളം വളരാമോ അത്രത്തോളം വളരട്ടെ! ഇവിടെ 'മതസഹിഷ്ണുത' എന്നൊരു സാധനമുണ്ട്‌. എന്താണ്‌ അതിന്റെ വ്യംഗ്യം? മറ്റൊരു മതക്കാര്‍ക്കും വേണ്ടാത്ത, ഹിന്ദു സമൂഹത്തിന്‌ മാത്രമായി അടിച്ചിറക്കപ്പെട്ട ഒരു കള്ളനാണയമല്ലേ അത്‌? മറ്റുള്ളവര്‍ എന്ത്‌ അതിക്രമം കാണിച്ചാലും, എന്ത്‌ തോന്ന്യാസം കാണിച്ചാലും, മഹാക്ഷേത്രങ്ങളുടെ വളപ്പില്‍ കുബുദ്ധിയും, കൃത്രിമവും കുഴിച്ചിട്ട്‌ അവകാശവാദം ഉന്നയിച്ചാലും അതെല്ലാം ഹിന്ദു കണ്ണടച്ച്‌ സഹിച്ചുകൊള്ളണം. ഇതൊക്കെ ശരിയാണെന്ന്‌ സമ്മതിയ്ക്കണം. ഇതല്ലേ മതസഹിഷ്ണുത? ഇതൊക്കെ ഇനിയും എത്രകാലം വിലപ്പോവും? ഒരിയ്ക്കലും ഒന്നിലും പ്രതികരിക്കാത്ത ഒരു വര്‍ഗം എന്ന ധാരണ മറുഭാഗത്ത്‌ ഉറച്ചുപോയി. ശരിയാണ്‌. അതുകൊണ്ടാണല്ലോ പ്രീണനകാലമായ ഈ ഗ്രഹണകാലത്ത്‌ ഞാഞ്ഞൂളുകളും തലപൊക്കുന്നത്‌? ക്ഷമയ്ക്കും ഒരതിരുണ്ട്‌. അത്‌ ആരും മറക്കരുത്‌. കൈവിട്ട കളികള്‍ കളിയ്ക്കും മുമ്പ്‌ ഒന്നുകൂടി ആലോചിയ്ക്കുന്നത്‌ നന്ന്‌. -എന്നാണ്‌ ഇനി അടുത്ത സര്‍ക്കുലര്‍? പാവപ്പെട്ട പണയംവയ്പ്പുകാര്‍ മാത്രമായ ഞങ്ങളൊക്കെ എന്നാണ്‌ മതംമാറേണ്ടത്‌?