യുദ്ധാനന്തരം നാട്ടു ചരിത്രത്തില്‍ ഇങ്ങനെ ചിലതു സംഭവിച്ചു

Saturday 10 May 2014 7:03 pm IST

കേരളം നാട്ടു രാജ്യങ്ങളായിരുന്ന കാലത്തെ ചെറുചെറു യുദ്ധങ്ങള്‍ക്കു പിന്നില്‍ ഏറെ നാട്ടു ചരിത്രമുണ്ട്‌. അവയെല്ലാം വേണ്ട പോലെ രേഖപ്പെടുത്താതെ പോകുകയോ വിശകലനം ചെയ്യാതെ വിട്ടുകളയുകയോ ചെയ്തിട്ടുണ്ട്‌. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രസ്വത്തിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യുമ്പോള്‍ ചരിത്രത്തിലെ ഈ നിധിയുടെ ഏടുകൂടി ചര്‍ച്ചാ വിഷയമാകണമെന്നു ചൂണ്ടിക്കാട്ടുകയാണ്‌ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍...
കേരള ചരിത്രത്തിലെ ഒരു വിസ്മയം എന്ന നിലയിലാണ്‌ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ചുനാളായി വന്നുകൊണ്ടിരിക്കുന്നത്‌. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ മഹാക്ഷേത്രം പഴയ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ മുടിപ്പൊന്നായിരുന്ന ഒരു കാലമുണ്ടായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നല്ല അനന്തപത്മനാഭസ്വാമി ക്ഷേത്രം എന്നാണ്‌ ആ ക്ഷേത്രം അറിയപ്പെട്ടിരുന്നത്‌. ആദിശേഷനായ അനന്തന്റെ പുറത്ത്‌ പള്ളികൊള്ളുന്ന വിഷ്ണുഭാവം എല്ലാവര്‍ക്കും നന്മ പകരുന്ന ഭാവമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രചരിത്രവും മഹത്വവും ഒന്നും ഇവിടെ വിസ്തരിക്കുന്നില്ല. എഡി 12-ാ‍ം നൂറ്റാണ്ടില്‍ ഉണ്ടായിട്ടുള്ളതെന്ന്‌ കരുതുന്ന 'അനന്തപുരവര്‍ണനം' എന്ന കൃതിയില്‍ വിശദമായ വിവരണങ്ങള്‍ കാണാം.
കുലശേഖരന്മാര്‍ക്കുശേഷം ആയ്‌ രാജവംശവും തുടര്‍ന്ന്‌ തൃപ്പാപ്പൂര്‍ ശാഖയുമാണ്‌ ഈ ക്ഷേത്രകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നത്‌. അതെല്ലാം പല ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുകൊണ്ട്‌ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
ഇപ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളാണ്‌ വിഷയം. ഇത്രയും ആസ്തിയുള്ള ഒരു ആരാധനാലയം മേറ്റ്ങ്ങും കാണാനിടയില്ല. അവിടുത്തെ ഓരോ നിലവറയിലും അമൂല്യമായ നിധിശേഖരങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നു. അതതു കാലത്ത്‌ ഭരണം നടത്തിയവര്‍ക്ക്‌ വേണമെങ്കില്‍ അതെടുത്ത്‌ കൈകാര്യം ചെയ്യാമായിരുന്നു. പക്ഷേ ശ്രീപത്മനാഭന്റെ മുതല്‍ തൊട്ടുകളിക്കാന്‍ ആരും തയ്യാറായില്ല. ഏകീകൃത തിരുവിതാംകൂര്‍ സ്ഥാപകനായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ അവസാനത്തെ നാടുവാഴിയായ ശ്രീചിത്തിരതിരുനാള്‍ രാമവര്‍മ്മ മഹാരാജാവുവരെ ശ്രീപത്മനാഭ ദാസന്മാരായി, സര്‍വതും സര്‍വേശ്വര സമര്‍പ്പിതമായി ഭരണം നിര്‍വഹിച്ചവരാണ്‌. രാജ്യത്ത്‌ സാമ്പത്തിക പ്രതിസന്ധിയും വരള്‍ച്ചയും ക്ഷാമവും ആഭ്യന്തരകലഹങ്ങളും ഒക്കെയുണ്ടായിട്ടും ആരും പത്മനാഭസ്വാമിയുടെ കലവറയിലും നിലവറയിലും കൈവച്ചില്ല. അങ്ങനെ സൂക്ഷിച്ചു സംരക്ഷിച്ച നിധി കേരളത്തിന്റെ മഹാനിധിയായി മാറി.
ഇതെല്ലാം ഭക്തജനങ്ങള്‍ തിരുനടയില്‍ കൊണ്ടുവന്നു സമര്‍പ്പിച്ചതാവാന്‍ വഴിയില്ല. പിന്നെ, ഓരോ കാലഘട്ടത്തില്‍ രാജ്യം ഭരിച്ചവരുടെ സമ്പാദ്യമായി അവര്‍ സ്വരൂപിച്ചു കൂട്ടിയതാണെന്ന്‌ കരുതുവാനും ന്യായമില്ല. അന്തച്ഛിദ്രങ്ങളും കിടമത്സരങ്ങളും കുടിപ്പകകളും സാമൂഹിക പ്രക്ഷോഭങ്ങളുംകൊണ്ട്‌ പലനാടുവാഴികളും അനുഭവിച്ച മാനസിക വ്യഥകള്‍ക്കിടയിലും ശ്രീപത്മനാഭനിലുള്ള അചഞ്ചല വിശ്വാസവും ഭക്തിയും ആത്മസമര്‍പ്പണവുമാണ്‌ അവരെ എല്ലാ പ്രതിസന്ധികളും അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും കരുത്തരാക്കിയത്‌. തിരുവിതാംകൂര്‍ രാജപരമ്പരയിലെ വിഖ്യാതനായ സംഗീത ചക്രവര്‍ത്തി സ്വാതിതിരുനാള്‍ പാടിയതുപോലെ, 'പാഹിപത്മനാഭ പാഹിമാം അനിശം' എന്നുള്ളതായിരുന്നു രാജകുടുംബത്തിന്റെ ഹൃദയ മന്ത്രണം. അങ്ങനെയുള്ള പത്മനാഭന്റെ മുതല്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തവരായിരുന്നു അവരെല്ലാം എന്നു ചരിത്രം പറയുന്നു. പക്ഷേ അതല്ല ഇവിടെ വിഷയം.
തിട്ടപ്പെടുത്താനാവാത്ത വിധത്തിലുള്ള പത്മനാഭന്റെ സ്വത്തുക്കള്‍ എങ്ങനെയുണ്ടായി എന്നാണറിയേണ്ടത്‌. വേണാട്ടരചനായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ച്‌ രാജ്യവിസ്തൃതി വര്‍ധിപ്പിച്ച്‌ തിരുവിതാംകൂര്‍ സ്ഥാപിച്ച ചരിത്രം സുവിദിതമാണല്ലോ. അദ്ദേഹം വെട്ടിപ്പിടിച്ച നാട്ടുരാജ്യങ്ങളില്‍നിന്നും അവിടങ്ങളിലുള്ള ക്ഷേത്രങ്ങളില്‍നിന്നു സ്വരൂപിച്ച സ്വത്തുക്കള്‍ മുഴുവന്‍ ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ആസ്തയായിത്തീര്‍ന്നു. സംഭവബഹുലമായ ഒരു യുദ്ധകാണ്ഡത്തിലെ അു‍ഭവപാഠങ്ങള്‍ ഒരു മനഃപരിവര്‍ത്തനത്തിനുതന്നെ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

തൃപ്പടിദാനം-ഒരു പുനരന്വേഷണം സമസ്ത സമ്പത്തുകളും രാജ്യം തന്നെയും സര്‍വേശ്വരന്‌ സമര്‍പ്പിച്ച്‌ ശ്രീപത്മനാഭദാസനായിത്തീര്‍ന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്‌ ഒരേകീകൃത തിരുവിതാംകൂറിന്റെ ചരിത്രം തിരുത്തിയെഴുതിയത്‌. അക്കാലത്തു നടന്ന രണ്ടു പ്രധാന സംഭവങ്ങളാണ്‌ തൃപ്പടിദാനവും മുറജപവും. ഇവ ആദ്യമായി നടത്തിയത്‌. മാര്‍ത്താണ്ഡവര്‍മ്മയായിരുന്നുവെന്ന്‌ ചരിത്രകാരന്മാരെല്ലാവരുംരേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഒരു പുനരാലോചനയൊ പുനരന്വേഷണമോ നടത്തുമ്പോള്‍ അറിയാന്‍ കഴിയുന്ന കാര്യങ്ങളാണ്‌ ചുവടെ:-
തൃപ്പടിദാനവും മുറജപവും ആദ്യമായി നടന്നിട്ടുള്ളത്‌ അമ്പലപ്പുഴയില്‍ അഥവാ പഴയ ചെമ്പകശ്ശേരിയിലാണ്‌ എന്നു വിശ്വസിക്കാന്‍ മതിയായ സാഹചര്യത്തെളിവുകളുണ്ട്‌. പരമ്പരാഗതമായ വിശ്വാസം ഇക്കാര്യത്തില്‍ ഒരു പരിധിവരെ കണക്കിലെടുത്താല്‍ മതി. ദേശചരിത്രത്തില്‍ താല്‍പ്പര്യവും അന്വേഷണ വ്യഗ്രതയുമുള്ളവരുടെ അഭിപ്രായങ്ങള്‍ അത്ര പെട്ടെന്ന്‌ നിഷേധിക്കുവാനാവുകയില്ല. അമ്പലപ്പുഴ സ്വദേശിയും മലയാള സാഹിത്യചരിത്രത്തില്‍ നിസ്തുലമായ വ്യക്തിത്വം നേടിയിട്ടുള്ള നിരൂപകവര്യനും ആയ സാഹിത്യ പഞ്ചാനനന്‍ പി.കെ. നാരായണപിള്ള ഇതുസംബന്ധിച്ച്‌ ചില അഭ്യൂഹങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പണ്ഡിതവരേണ്യനായിരുന്ന അമ്പലപ്പുഴ ഗണപതി ശര്‍മയും ഇക്കാര്യത്തില്‍ ഏറെ അന്വേഷണം നടത്തിയിട്ടുള്ള ഒരാളാണ്‌. അവര്‍ തൃപ്പടിദാനവും മുറജപവും അമ്പലപ്പുഴയിലാണ്‌ ആദ്യമായി നടന്നിട്ടുള്ളത്‌ എന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ അഭിപ്രായങ്ങളുടെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണങ്ങളാണ്‌ ആശാവഹമായ ഒരു നിഗമനത്തിനു വഴി തെളിയിച്ചിട്ടുള്ളത്‌.
തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ച്‌ വേണാട്ടില്‍ ലയിപ്പിച്ച്‌ തിരുവിതാംകൂറിന്റെ സ്ഥാപകനായി മാറിയ ചരിത്രം സുവിദിതമാണ്‌. വടക്കന്‍ ദിക്കിലേക്കുള്ള കടന്നുകയറ്റത്തില്‍ കായംകുളം 1746 ല്‍ കീഴടക്കുകയും തുടര്‍ന്ന്‌ അമ്പലപ്പുഴയിലേക്ക്‌ കടക്കുകയും ചെയ്തു. മാത്തൂര്‍ പണിക്കരുടേയും തെക്കേടത്തു ഭട്ടതിരിയുടെയും കീഴിലായിരുന്ന അമ്പലപ്പുഴ സൈന്യം തങ്ങളുടെ രാജാവായിരുന്ന പൂരുരുട്ടാതി പിറന്ന ദേവനാരായണനെ കൈവെടിഞ്ഞ്‌ തിരുവിതാംകൂറിന്റെ പക്ഷം ചേര്‍ന്നുവെന്നും തിരുവിതാംകൂര്‍ സൈന്യം ഡിലനോയിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പിടിച്ചടക്കി രാജാവിനെ തടവുകാരനാക്കി തിരുവനന്തപുരത്തേക്കയച്ചുവെന്നും കേരള ചരിത്രത്തില്‍ എ. ശ്രീധരമേനോന്‍ രേഖപ്പെടുത്തിയിരിക്കുന്നു. (കേരള ചരിത്രം പേജ്‌.364) അന്ന്‌ കീഴടങ്ങുന്നതിന്‌ മുമ്പ്‌ ക്ഷേത്രഭണ്ഡാരത്തിന്റെയും ഖജനാവിന്റെയും താക്കോല്‍ക്കൂട്ടം തിരുനടയില്‍ സമര്‍പ്പിക്കുവാന്‍ അമ്പലപ്പുഴ രാജാവ്‌ അനുവാദം ചോദിക്കുകയും തിരുവിതാംകൂര്‍ സൈന്യം അതിന്‌ അനുമതി നല്‍കുകയും ചെയ്തു. എല്ലാം വാസുദേവന്‌ സമര്‍പ്പിച്ചുകൊണ്ടുള്ള ഒരു ഭരണക്രമവും ജീവിതശൈലിയുമാണ്‌ ചെമ്പകശ്ശേരി തമ്പുരാക്കന്മാര്‍ അനുവര്‍ത്തിച്ചിരുന്നത്‌. ഒന്നിന്റെയും അധികാരി താനല്ലയെന്നും എല്ലാം ശ്രീകൃഷ്ണപരമാത്മാവിന്റെതാണെന്നുമുള്ള ദേവനാരായണന്റെ വിശ്വാസവും പ്രവൃത്തിയും മാര്‍ത്താണ്ഡവര്‍മ്മ അറിഞ്ഞത്‌ അദ്ദേഹത്തിന്‌ ഒരു പുതിയ അനുഭവമായി. ആദ്ധ്യാത്മിക പ്രബുദ്ധത കൊണ്ടും ചരിത്രപ്രസിദ്ധികൊണ്ടും മഹത്വമാര്‍ജ്ജിച്ചിരുന്ന ഒരു രാജ്യമായിരുന്നു അന്ന്‌ ചെമ്പകശ്ശേരി. മലയാള ബ്രാഹ്മണരും ദേവനാരായണ നാമമുദ്രയുള്ളവരുമായ അവരുടെ കാലത്താണ്‌ മേല്‍പ്പുത്തൂരും എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരൂം ഒക്കെ വിവിധ കാലഘട്ടങ്ങളില്‍ ഇവിടെ വന്നുചേര്‍ന്നിട്ടുള്ളത്‌. ആ ചരിത്രമല്ലല്ലോ പ്രസക്ത വിഷയം.

ചെമ്പകശ്ശേരിയുടെ അപചയം 1746 ല്‍ മാര്‍ത്താണ്ഡവര്‍മയെ ചെമ്പകശ്ശേരി കീഴടക്കിയെങ്കിലും രാജാവിനെ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയി വിട്ടയയ്ക്കുകയാണുണ്ടായത്‌. അദ്ദേഹം അവിടെനിന്നുവന്ന്‌ കൊച്ചി രാജാവിന്റെ സഹായത്തോടെ വീണ്ടും മാര്‍ത്താണ്ഡവര്‍മയെ നേരിടാന്‍ കളമൊരുക്കി. ഇത്‌ 1754 ലാണ്‌. മതിലകം രേഖയില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. 'അമ്പലപ്പുഴ തമ്പിരാന്‍ പിണങ്ങി പടൈക്കു വരുക കൊണ്ടു 929-ാ‍മാണ്ടു പടപൊരുതു അമ്പലപ്പുഴ നാടും പിടിച്ചു. (മതിലകം രാജ്യകാര്യച്ചുരുണ-83.ഓല 52-കെ.ശിവശങ്കരന്‍ നായര്‍-വേണാടിന്റെ പരിണാമം. പുറം 247).
തൃപ്പൂണിത്തുറ ഗ്രന്ഥവരിയില്‍ കാണുന്ന പരാമര്‍ശം കൂടി ഉദ്ധരിക്കട്ടെ. 'അന്ന്‌ ചെമ്പകശ്ശേരി സ്വരൂപത്തോടും വടക്കുംകൂറ്റില്‍ സ്വരൂപത്തോടും ഓരോരോ ഹേത്വന്തരേണ ചോദ്യങ്ങള്‍ തൃപ്പാപ്പി സ്വരൂപത്തിലെ പുരുഷാരം 929 ധനുമാസം 12-ാ‍ം തീയതി കുടമാളൂര്‌ മഠത്തിലും അമ്പലപ്പുഴ മഠത്തിലും കടന്നിരുന്നു. പുറക്കാട്ട്‌ ആനന്ദേശ്വരത്തു വച്ച്‌ കടലറ്റം കായലറ്റം വാടയും കുറ്റിയും തീര്‍ത്തുപാര്‍ത്തതിന്റെ ശേഷം 18-ാ‍ം തീയതി ശനിയാഴ്ച ഉഷസ്സിനു തൃപ്പാപ്പി സ്വരൂപത്തിങ്കലെ പുരുഷാരം വന്നു വെടിയും പടയുമുണ്ടായി. അപ്പുറത്തും ഇപ്പുറത്തും ഏറിയ ആള്‍ അപായവും വന്നു. പെരുമ്പടപ്പില്‍ സ്വരൂപത്തിങ്കലെ പുരുഷാരം വടക്കോട്ട്‌ ഒഴിയുകയും ചെയ്തു. അതിന്റെ ശേഷമായിട്ട്‌ അമ്പലപ്പുഴ മഠത്തിലോളം പടകയറി മഠത്തില്‍ വച്ച്‌ പാലിയത്തുകോമി അച്ചനേയും കോടശ്ശേരി അഞ്ചാം കൈമളെയും പനമുക്കത്തു മൂന്നാം കൈമളേയും ചങ്ങരങ്കോത മൂത്ത കൈമളേയും ഇടിക്കുളമേനോനെയും തോട്ടാശ്ശേരി തലച്ചെന്നവരുടെ അനന്തിരവന്‍ ചീരാമന്‍ ഉണ്ണിയേയും പിടിച്ചു ബദ്ധപ്പെടുത്തുകയും ചെയ്തു. ചെമ്പകശ്ശേരിയില്‍ വലിയ തമ്പുരാനെ അവിടുന്ന്‌ ഒഴിച്ച്‌ കൊടമാളൂര്‌ ആക്കുകയും ചെയ്തു. (ചെമ്പകശ്ശേരി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു കൊടുമാളൂര്‍).
ഇത്രയും വിസ്തരിച്ചു പറഞ്ഞത്‌ അമ്പലപ്പുഴ യുദ്ധം മാര്‍ത്താണ്ഡവര്‍മയാല്‍ ഒരു മതപരിവര്‍ത്തനത്തിന്‌ ഇടവരുത്തിയെന്ന്‌ വിചാരിക്കുവാന്‍ ന്യായമുള്ളതുകൊണ്ടാണ്‌. രണ്ടാമത്‌ ഒരേറ്റുമുട്ടലിന്‌ ചെന്നിട്ടും ചെമ്പകശ്ശേരി രാജാവിനെ കൊടമാളൂരേക്ക്‌ പറഞ്ഞുവിട്ടതും 1753 ലെ മാവേലിക്കര ഉടമ്പടിയും 1757 ലെ തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള സഖ്യവും മാര്‍ത്താണ്ഡവര്‍മ്മയുടെ സൗമനസ്യം കൊണ്ടാണ്‌. അങ്ങനെയൊരു മാനസികാവസ്ഥ അദ്ദേഹത്തിനുണ്ടായത്‌ ചെമ്പകശ്ശേരി പിടിച്ചടക്കിയതിനുശേഷവും. ആദ്ധ്യാത്മികമായ വിചാരങ്ങളും താന്‍ ചെയ്തുപോയ മഹാപരാധങ്ങളെക്കുറിച്ചുളള കുറ്റബോധവും അദ്ദേഹത്തിന്റെ മനസ്സിനെ കൂടുതല്‍ അലട്ടിയിരുന്നു. അതിനൊരു പ്രതിവിധിയായിട്ടാണ്‌ തൃപ്പടിദാനവും മുറജപവും നടത്തിയിട്ടുള്ളത്‌. എന്നാല്‍ ഈ ആശയം അദ്ദേഹം ഉള്‍ക്കൊണ്ടിട്ടുള്ളത്‌ ചെമ്പകശ്ശേരിയില്‍നിന്നാണ്‌.
നാലഞ്ചുനൂറ്റാണ്ടുകാലം സമസ്തൈശ്വര്യങ്ങളുടേയും വിളഭൂമിയായിക്കഴിഞ്ഞിരുന്ന ചെമ്പകശ്ശേരി രാജ്യചരിത്രവും രാജാക്കന്മാരുടെ മഹശ്ചര്യകളും മാര്‍ത്താണ്ഡവര്‍മ മനസ്സിലാക്കി. ആദ്ധ്യാത്മിക മാര്‍ഗത്തിലൂടെ ജനതയുടെ അഭ്യുന്നതിക്കു വഴിതെളിച്ചവരായിരുന്നു ചെമ്പകശ്ശേരി രാജാക്കന്മാര്‍. അക്ഷരാര്‍ത്ഥത്തില്‍ പ്രജാക്ഷേമതല്‍പ്പരര്‍. അവര്‍ ഭഗവദ്‌ ദാസന്മാരായി രാജ്യം ഭരിച്ചവരാണ്‌. ആ രാജാക്കന്മാരുടെ പ്രവൃത്തികള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കും നൂതനമായ ഭരണസമ്പ്രദായം അനുവര്‍ത്തിക്കുവാന്‍ പ്രേരകമായിത്തീര്‍ന്നു. ശത്രുവാണെങ്കിലും ശത്രുവിന്റെ നല്ലഗുണങ്ങള്‍ സ്വീകരിക്കുവാനറച്ചു നിന്നിട്ടില്ലാത്ത ഒരു പാരമ്പര്യമാണ്‌ ഭാരതീയ സംസ്കാരം അനുശാസിക്കുന്നത്‌. രാമായണത്തില്‍ ശ്രീരാമന്‍ രാവണനെ യുദ്ധത്തിനുശേഷം നേരില്‍ക്കാണുന്നതും അദ്ദേഹത്തിന്റെ ഉപദേശം തേടുന്നതുമായുള്ള കഥയുണ്ടല്ലൊ. ചെമ്പകശ്ശേരി കീഴ്പ്പെടുത്തിയെങ്കിലും ഇവിടെയുണ്ടായിരുന്ന നല്ല കാര്യങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ മാര്‍ത്താണ്ഡവര്‍മ ശ്രമിച്ചതിന്റെ ഫലമാണ്‌ മുറജപവും തൃപ്പടിദാനവം എന്നുതന്നെ വിചാരിക്കാം. രണ്ടും 1747 നു ശേഷമാണല്ലൊ തിരുവനന്തപുരത്തു നടന്നിട്ടുള്ളത്‌. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.