രോഗങ്ങള്‍ക്കെതിരെ ജാഗ്രത!

Monday 19 September 2011 10:35 pm IST

വിവിധതരം പകര്‍ച്ചപ്പനികള്‍ക്ക്‌ പുറമെയാണ്‌ കേരളത്തില്‍ ഇപ്പോള്‍ മഞ്ഞപ്പിത്തം പടരുന്നത്‌. കോതമംഗലത്ത്‌ തുടങ്ങിയ മഞ്ഞപ്പിത്തബാധ മൂവാറ്റുപുഴ മുതല്‍ മറ്റ്‌ സ്ഥലങ്ങളിലേക്കും വ്യാപിച്ച്‌ ഇപ്പോള്‍ എറണാകുളത്തും എത്തിയിരിക്കുകയാണ്‌. മഞ്ഞപ്പിത്തം വ്യാപകമാകുന്നത്‌ ജലമലിനീകരണം രൂക്ഷമാകുന്നതിനാലാണ്‌ കോതമംഗലത്ത്‌ മഞ്ഞപ്പിത്തബാധ കണ്ട പ്രദേശങ്ങളില്‍ കള്ളുഷാപ്പിലെ കള്ളിലും ചാരായത്തിലും കലര്‍ത്തുന്ന ജലം മലിനീകൃതമായതാണ്‌ കാരണമായത്‌. മൂവാറ്റുപുഴയില്‍ സെപ്റ്റിക്ടാങ്ക്‌ പൊട്ടി ഒഴുകിയ മാലിന്യം മഴവെള്ളത്തില്‍ കലര്‍ന്നാണ്‌ ജലമലിനീകരണം സൃഷ്ടിച്ചത്‌. പകര്‍ച്ചപ്പനി പകരുന്നത്‌ ശുചിത്വമില്ലായ്മ മൂലം തന്നെയാണ്‌. ശുചിത്വമില്ലായ്മയും പഴകിയ ഭക്ഷണവും നല്‍കിയ 375 ഹോട്ടലുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌. തട്ടുകടകളും നിരോധനപരിധിയില്‍ വന്നിരിക്കുകയാണ്‌. രണ്ട്‌ മാസത്തേക്ക്‌ തട്ടുകടകള്‍ അടപ്പിക്കാനും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്താനും തീരുമാനമായിരിക്കുകയാണ്‌. മഴക്കാലത്തുതന്നെകേരളത്തെ പകര്‍ച്ചവ്യാധികള്‍ ഗ്രസിച്ചിരുന്നു. ഇപ്പോള്‍ മഞ്ഞപ്പിത്തവും മരണകാരണമായിരിക്കുകയാണ്‌. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്‌ രോഗാണുക്കള്‍ പടരുന്നത്‌. ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും ഈ പകര്‍ച്ചവ്യാധി പടരുന്നത്‌ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്തത്‌ മലയാളിയുടെ മലിനീകരണ പ്രക്രിയയോടുള്ള ആജന്മവാസനയാണ്‌. പരിസരശുചീകരണബോധമില്ലാത്ത മലയാളി ജലസ്രോതസുകള്‍, തോടുകള്‍ മുതലായവ മലിനപ്പെടുത്തുന്നു. ഗാര്‍ഹിക മാലിന്യംപോലും തള്ളുന്നത്‌ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലാണ്‌. കുടിവെള്ള സ്രോതസായ പെരിയാറില്‍പ്പോലും കക്കൂസ്‌ മാലിന്യം തള്ളുന്ന സംസ്ക്കാരമായി കേരള സംസ്ക്കാരം രൂപാന്തരപ്പെട്ടു. ശുദ്ധജല ലഭ്യതയില്ലായ്മയാണ്‌ മഞ്ഞപ്പിത്തം പടരാനും കാരണം. കുടിവെള്ളം മനഃപൂര്‍വം മലിനമാക്കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍പോലും ജാഗ്രത കാണിക്കാത്ത സമൂഹമായി നാം മാറി. ലോകാരോഗ്യ സംഘടനപോലും ഇന്ത്യയോട്‌ പറയുന്നത്‌ ആരോഗ്യ പരിരക്ഷയ്ക്ക്‌ കൂടുതല്‍ പണം ചെലവിടണമെന്നാണ്‌. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചെങ്കിലും ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ഇവിടെ വ്യാപകമാകുന്നുണ്ട്‌. ഇന്ത്യയില്‍ പരിമിതമായ ചികിത്സാ സൗകര്യങ്ങളേ ഉള്ളൂവെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. കേരളത്തിലെ ചികിത്സാരംഗം താറുമാറായിട്ട്‌ വര്‍ഷങ്ങളായി. സാധുക്കള്‍ക്ക്‌ ഏകാശ്രയമായ ജനറല്‍ ആശുപത്രികളിലെ ശോചനീയാവസ്ഥ, ഡോക്ടര്‍മാരുടെ കുറവ്‌, വൃത്തിഹീനമായ സ്ഥലത്ത്‌ ഒരു ബെഡ്ഡില്‍ മൂന്നുപേര്‍ കിടക്കേണ്ടിവരുന്ന അവസ്ഥ മുതലായ ദൃശ്യങ്ങള്‍ നിരന്തരം പ്രേക്ഷകരുടെയും അധികാരികളുടെയും മുന്നില്‍ എത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ഒരു പ്രതികരണവും മുകള്‍ത്തട്ടില്‍ നിന്നുണ്ടാകുന്നില്ല. ഇപ്പോള്‍ എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പിന്റെ 19 ബ്ലോക്കുകളില്‍ 200ലേറെപ്പേര്‍ മഞ്ഞപ്പിത്ത ബാധിതരാണ്‌. സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കുന്നതും ആയുര്‍വേദ ഹോമിയോ ചികിത്സ തേടുന്നവരും ഈ ലിസ്റ്റില്‍പ്പെടുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം വ്യാപകമായി നടത്തുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത്‌ ഇപ്പോഴും അനാസ്ഥയുണ്ട്‌. ചികിത്സ, പ്രതിരോധം, ബോധവല്‍ക്കരണം ഇവയ്ക്കാണ്‌ ആരോഗ്യവകുപ്പ്‌ ഊന്നല്‍ നല്‍കുന്നത്‌. രോഗാണുവിമുക്തമായ കുടിവെള്ളംപോലും ലബ്ധമാക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. എങ്ങനെ നദികളില്‍ അണക്കെട്ട്‌ നിര്‍മിച്ച്‌ പരിസ്ഥിതിനാശം നടത്താമെന്നും ജലപാതകള്‍ നിര്‍മിച്ച്‌ ഉള്ള ജലത്തില്‍പ്പോലും ഉപ്പുവെള്ളം കലര്‍ത്താനുമാണ്‌ സര്‍ക്കാര്‍ പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. അപ്പോള്‍ ജനങ്ങള്‍തന്നെ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നടപടികള്‍ കൈക്കൊള്ളണം. അതിനുവേണ്ട ബോധവല്‍ക്കരണം നേടുന്നതോടൊപ്പം മലിനീകരണ നിയന്ത്രണവും സ്വാഭാവികമാക്കേണ്ടതുണ്ട്‌. ജനങ്ങളുടെ ജാഗ്രത മാത്രമാണ്‌ വ്യാധികള്‍ പടരുന്നത്‌ തടയാനുള്ള പ്രധാന മാര്‍ഗം. പ്രതിബദ്ധതയില്ലാത്ത സര്‍ക്കാര്‍ സംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെന്നും അതിനായി മാര്‍ഗരേഖ തയ്യാറായിക്കഴിഞ്ഞുവെന്നുമാണ്‌ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ പ്രസ്താവിച്ചിരിക്കുന്നത്‌. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 314.51 കോടി രൂപകൂടി അനുവദിക്കാനും തീരുമാനമായി. നേരത്തെ 470 കോടി രൂപ അനുവദിച്ചിരുന്നു. അടുത്തയിടെ ധനമന്ത്രി കെ.എം.മാണി പറഞ്ഞത്‌ മഴ വന്നാല്‍ റോഡില്‍ കുഴിയുണ്ടാകുമെന്നും കുഴിയടച്ചാല്‍ പിന്നെയും മഴ പെയ്ത്‌ കുഴികള്‍ രൂപപ്പെടുമെന്നും ഇത്‌ നിരന്തരപ്രക്രിയയാണെന്നുമാണ്‌. ഇത്‌ കേരളത്തിന്‌ മാത്രം ബാധകമാകുന്ന പ്രകൃതിനിയമമായിരിക്കണം. അയല്‍ സംസ്ഥാനങ്ങളിലെ റോഡുകള്‍ക്ക്‌ യാതൊരു ശോച്യാവസ്ഥയും എത്ര മഴ വന്നാലും ഉണ്ടാകാറില്ല. റോഡുകള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ ഗ്യാരണ്ടിയോടുകൂടി നിര്‍മിക്കാന്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും യാതൊരു പ്രതിബദ്ധതയുമില്ലെന്ന്‌ വ്യക്തമാകുന്നതാണ്‌ മേല്‍പ്പറഞ്ഞ പ്രസ്താവന. താല്‍ക്കാലിക അറ്റകുറ്റപ്പണി മൂന്നാഴ്ചക്കകവും ടാറിംഗ്‌ ജനുവരിയിലും പൂര്‍ത്തിയാക്കുമെന്നാണ്‌ പൊതുമരാമത്ത്മന്ത്രിയുടെ പ്രസ്താവന. അഞ്ച്‌ നഗരസഭകളിലെ ഏതാനും റോഡുകളും പിഡബ്ല്യുഡി അറ്റകുറ്റപ്പണികള്‍ ചെയ്യും. കൊച്ചിയില്‍ത്തന്നെ 13 റോഡുകള്‍ ഈവിധം അറ്റകുറ്റപ്പണികള്‍ നടത്തും. ഘട്ടംഘട്ടമായി കേരളത്തിലെ എല്ലാ റോഡുകളും ബലപ്പെടുത്തി 1000 കിലോമീറ്റര്‍ ദേശീയപാതാ നിലവാരത്തില്‍ നിര്‍മിക്കാന്‍ 400 കോടി രൂപ കടമെടുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. റോഡ്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി അഞ്ച്‌ വര്‍ഷത്തെ ഗ്യാരണ്ടിയോടെ നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ഇടതുപക്ഷ ഭരണത്തിന്‌ കീഴില്‍ ധനമന്ത്രി തോമസ്‌ ഐസക്ക്‌ കുഴി അടച്ചതുപോലെ ആകരുതേ എന്നാകാം ജനങ്ങളുടെ പ്രാര്‍ത്ഥന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.