മലയാളത്തിന്റെ മാടമ്പ്‌

Saturday 25 June 2011 7:13 pm IST

ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ
സാഹിത്യത്തിലും സിനിമയിലും ഒരുപോലെ
നിറഞ്ഞുനില്‍ക്കുന്ന മാടമ്പ്‌ കുഞ്ഞുകുട്ടന്‌ ഇത്‌
സപ്തതിയുടെ പുണ്യം. കൈവെച്ച മേഖലകളിലെല്ലാം വിജയത്തിന്റേയും നേട്ടങ്ങളുടെയും
സിന്ദൂരമണിഞ്ഞ മാടമ്പിന്‌ സപ്തതിയുടെ
നിറവിലും തിരക്കൊഴിയുന്നില്ല. കൊച്ചി ശീമയിലെ ഒരു കൊടുങ്കാറ്റിന്‌ ശേഷം ജനിച്ചതുകൊണ്ടായിരിക്കണം അടുത്തറിയുന്നവര്‍ക്കെല്ലാം മാടമ്പില്‍ ഒരു കാറ്റിന്റെ രൂപഭാവങ്ങള്‍ കണ്ടറിയാനാകും. കൊടുങ്കാറ്റിന്‌ മുമ്പുളള ശാന്തതയാണ്‌ മാടമ്പിന്റെ സ്ഥായീഭാവം. എല്ലാ ജ്ഞാനങ്ങളും ഉളളിലൊതുക്കി അറിവിന്റെ മഹാസാഗരത്തിന്‌ മുകളില്‍ ഒരു മാടമ്പ്ശയനം. അറിവ്‌ പകര്‍ന്നുകൊടുക്കുമ്പോഴാകട്ടെ ഇളംതെന്നലിന്റെ വാത്സല്യമാണ്‌ മാടമ്പില്‍. ഇഷ്ടമില്ലാത്തത്‌ കണ്ടാലോ കേട്ടാലോ കൊടുങ്കാറ്റിന്റെ തീക്ഷ്ണത വാക്കിലും നോക്കിലും പ്രകടം. അതാണ്‌ മാടമ്പ്‌ കുഞ്ഞുകുട്ടന്‍.
കഴിഞ്ഞ ഏഴ്‌ പതിറ്റാണ്ടായി മലയാളിയുടെ സാംസ്ക്കാരിക സാമൂഹിക മണ്ഡലത്തില്‍ തന്റേതായ നിലപാടുകളും സിദ്ധാന്തങ്ങളുമായി മാടമ്പ്‌ നമുക്കൊപ്പമുണ്ട്‌. സഞ്ചരിക്കുന്ന സര്‍വവിജ്ഞാനകോശം എന്ന്‌ മാടമ്പിനെ വിദേശികള്‍ വരെ വിശേഷിപ്പിക്കാറുണ്ടെന്നുള്ളത്‌ അതിശയോക്തിയല്ല. മാടമ്പിനെ ഒരിക്കല്‍ അടുത്തറിഞ്ഞവര്‍ക്ക്‌ ഈ വിശേഷണത്തിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാം. സാഹിത്യത്തില്‍ എത്രയോ നേരത്തെ തന്നെ തന്റെ പ്രതിഭ തെളിയിച്ച മാടമ്പ്‌ അടുത്ത കാലത്തായി അഭിനയത്തിലും മികവ്‌ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. മാടമ്പിന്‌ അറിയാത്തതായി ഒന്നുമില്ല. മാടമ്പിനറിയില്ലെങ്കില്‍ അത്‌ മറ്റാര്‍ക്കും അറിയാനും സാധ്യതയില്ല എന്ന്‌ അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ കളിയായും കാര്യമായും പറയാറുണ്ട്‌.
കിരാലൂര്‍ മാടമ്പ്‌ മനയില്‍ ജനിച്ച കുഞ്ഞുകുട്ടന്‍ വേദമന്ത്രങ്ങള്‍ മാത്രമല്ല സ്വായത്തമാക്കിയത്‌. അറിവിന്റെ സര്‍വമേഖലകളും ഉത്സാഹത്തോടെ, ആകാംക്ഷയോടെ, അതിരറ്റ ആഗ്രഹത്തോടെ കീഴടക്കി. സാഹിത്യം, സിനിമ, മാതംഗശാസ്ത്രം തുടങ്ങി മാടമ്പിന്റെ കൈമുദ്ര പതിയാത്ത മേഖലകള്‍ കുറവാണെന്ന്‌ തന്നെ പറയാം. വെറുതെ എല്ലാം പഠിച്ചിരിക്കുക എന്ന ലോകതത്വമല്ല മാടമ്പിന്റേത്‌. എന്തും അറിഞ്ഞ്‌ പഠിക്കണം. എഴുതാന്‍ പോകുന്നത്‌ നോവലോ കഥയോ തിരക്കഥയോ ആകട്ടെ, പറയാന്‍പോകുന്നത്‌ വേദത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ ആയിക്കോട്ടെ, മാടമ്പ്‌ ആ വിഷയത്തെക്കുറിച്ച്‌ ഗാഢമായി പഠിച്ചും വായിച്ചും അറിഞ്ഞും ശേഷമേ ആധികാരികമായി എഴുതുകയും പറയുകയും ചെയ്യുകയുളളു. ജ്ഞാനികള്‍ ഇങ്ങനെയാണ്‌. അവര്‍ പറയുന്നത്‌ ഇപ്പോഴത്തേക്ക്‌ മാത്രമല്ല. കാലാന്തരങ്ങള്‍ക്കുമപ്പുറം ജ്വലിച്ച്‌ നില്‍ക്കേണ്ട വിജ്ഞാനസൂര്യതേജസ്സുകളാണ്‌ ജ്ഞാനികളുടെ വാക്കും ചിന്തയും. അതിനാല്‍ മാടമ്പ്‌ കുഞ്ഞുകുട്ടന്‍ കൈരളിക്ക്‌ തന്നതെല്ലാം, തന്നുകൊണ്ടിരിക്കുന്നതെല്ലാം കാലാതീതമായ വിജ്ഞാനവജ്രങ്ങളാണ്‌.
1941 ല്‍ മിഥുനമാസത്തിലെ ഭരണിനാളില്‍ ജനിച്ച്‌ ഇപ്പോള്‍ സപ്തതിയുടെ നിറവിലെത്തിയിരിക്കുന്ന മാടമ്പ്‌ കുഞ്ഞുകുട്ടന്‍ തന്റെ പുതിയ നോവല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നോവലിന്റെ പേരുപോലും മനോഹരമാണ്‌. 'തോന്ന്യാസം', അതാണ്‌ സപ്തതി ആഘോഷത്തിന്റെ തിരക്കിനിടയില്‍ പൂര്‍ത്തീകരിച്ച മാടമ്പിന്റെ പുതിയ നോവല്‍. അക്ഷരങ്ങളെ കത്തുമഗ്നിയായ്‌ ജ്വലിപ്പിച്ച്‌ വായനക്കാര്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പ്രതീതിയും പശ്ചാത്തലവും പദസമ്പത്തും നല്‍കി മാടമ്പ്‌ വിസ്മയിപ്പിക്കുന്നു. ഭ്രഷ്ട്‌, അശ്വത്ഥാമാവ്‌, അവിഘ്നമസ്തു, ചക്കരക്കുട്ടിപ്പാറു തുടങ്ങിയ പ്രശസ്ത നോവലുകളിലൂടെ മലയാളിയുടെ മനസ്സില്‍ വേറിട്ട വായന സമ്മാനിച്ച മാടമ്പ്‌ തോന്ന്യാസത്തില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നറിയാന്‍ കാത്തിരിക്കുകയാണ്‌ മലയാള സാഹിത്യലോകവും വായനക്കാരും.
നോവല്‍ എന്ന മാധ്യമം മാടമ്പിന്‌ മറ്റു എഴുത്തുകാരെപ്പോലെത്തന്നെ വിശാലമായി സഞ്ചരിക്കാനുള്ള ക്യാന്‍വാസാണ്‌. എന്നാല്‍ കഥയുടെ ഒതുങ്ങിയ ലോകത്തും മാടമ്പ്‌ വായനയുടെ വിസ്ഫോടനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. ഇവിടെ നിന്നും തിരക്കഥയിലേക്ക്‌ ചുവടുമാറിയപ്പോള്‍ മാടമ്പ്‌ വെള്ളിത്തിരയിലും സിനിമാറ്റിക്‌ ആയ മഹാവിസ്ഫോടനങ്ങള്‍ സൃഷ്ടിച്ചു. ശാന്തം, കരുണം, പരിണാമം, ദേശാടനം തുടങ്ങിയ സിനിമകള്‍ മലയാളത്തിന്റെ സെല്ലുലോയ്ഡിന്‌ പുതിയ സിനിമാറ്റിക്‌ ഭാഷ്യമാണ്‌ സമ്മാനിച്ചത്‌.
സ്വസമുദായത്തിലെ ചില സമ്പ്രദായങ്ങള്‍ക്കെതിരെ കലഹിക്കുന്ന മാടമ്പിനെ എഴുത്തിലും വെള്ളിത്തിരയിലും കാണാനായിട്ടുമുണ്ട്‌. പരിണാമം എന്ന സിനിമ ഇസ്രയേലില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്ക്കാരം നേടിയതാണ്‌. ജയരാജ്‌ സംവിധാനം ചെയ്ത ദേശാടനം വന്‍സാമ്പത്തിക വിജയം നേടിയപ്പോള്‍ അത്‌ മാടമ്പിന്റെ കൂടി വിജയമായിരുന്നു. പൈതൃകം എന്ന ചിത്രത്തില്‍ തനിക്ക്‌ കിട്ടിയ വേഷം അത്യുജ്ജ്വലമാക്കാന്‍ മാടമ്പിന്‌ കഴിഞ്ഞു. അനായാസമായ അഭിനയശൈലി അദ്ദേഹത്തെ പ്രേക്ഷകരോട്‌ അടുപ്പിച്ച്‌ നിര്‍ത്തി. സിനിമ ഏതായാലും അതില്‍ തന്റെ റോള്‍ ചിത്രം കണ്ടിറങ്ങിയാലും പ്രേക്ഷകരില്‍ തങ്ങിനില്‍ക്കുന്ന രീതിയില്‍ മാടമ്പ്‌ പ്രയോഗിക്കുന്ന ചില ട്രിക്കുകള്‍ ഏത്‌ നടനും കൊതിക്കുന്നതാണ്‌.
ജയരാജിന്റെ തന്നെ ആനച്ചന്തം എന്ന സിനിമയില്‍ ആനയെ ചികിത്സിക്കാനെത്തുന്ന മുരടനായ വൈദ്യനെയാണ്‌ മാടമ്പ്‌ അവതരിപ്പിച്ചത്‌. ആനചികിത്സയിലുളള തന്റെ അറിവുകള്‍ അത്തരമൊരു കഥാപാത്രത്തെ ലഭിച്ചപ്പോള്‍ അതിലേക്ക്‌ എത്രമാത്രം ലയിപ്പിക്കാന്‍ പറ്റുമെന്നതിന്റെ വെളിപ്പെടുത്തലായിരുന്നു ആ വേഷം. മാതംഗശാസ്ത്രത്തിലെന്നപോലെ തത്വ ശാസ്ത്രത്തിലും മാടമ്പ്‌ ജ്ഞാനിയാണ്‌. മാടമ്പിന്‌ യജുര്‍വേദത്തിലുള്ള അറിവും പാണ്ഡിത്യവും ഇന്ന്‌ സാംസ്ക്കാരിക കേരളത്തില്‍ മറ്റാര്‍ക്കെങ്കിലുമുണ്ടോയെന്നത്‌ സംശയമാണ്‌. മഹത്തായ ഭാരതീയ സംസ്ക്കാരത്തിന്റെ സര്‍വവശങ്ങളും മനസ്സിലാക്കിയിട്ടുള്ള മഹാമുനി തന്നെയാണ്‌ അദ്ദേഹം. സാഹിത്യവും സിനിമയും പോലെ യാത്രകള്‍ ഒരുപാട്‌ ഇഷ്ടപ്പെടുന്ന സഞ്ചാരി കൂടിയാണ്‌ മാടമ്പ്‌. എഴുപതിന്റെ പ്രായാധിക്യങ്ങളൊന്നുമില്ലാതെ അദ്ദേഹം ഇപ്പോഴും തീര്‍ത്ഥയാത്രകളും യാത്രകളും അനുസ്യൂതം തുടരുന്നു.
കൈലാസ പ്രദക്ഷിണം നടത്തിയിട്ടുള്ളതിന്റെ അനുഭവങ്ങള്‍ മാടമ്പ്‌ മാടമ്പിന്റേതായ രീതിയില്‍ പങ്കിടുന്നത്‌ ഹൃദ്യമായ അനുഭവമാണ്‌. കൈലാസം മുന്നില്‍ കാണും പോലെ ആസ്വാദകന്‌ അനുഭവപ്പെടുന്ന ഹൃദ്യാനുഭവം. ബദരീനാഥ്‌, കേദാര്‍നാഥ്‌, അമര്‍നാഥ്‌ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലെല്ലാം തന്നെ മാടമ്പിന്റെ കാലടികള്‍ പതിഞ്ഞിട്ടുണ്ട്‌. ഓരോ യാത്രയും പുണ്യം തേടിയുളളത്‌ മാത്രമായിരുന്നില്ല അദ്ദേഹത്തിന്‌. അറിവിന്റെ വഴിത്താരകളിലൂടെ ജ്ഞാനവിജ്ഞാനങ്ങള്‍ സ്വന്തമാക്കി അനുഭവങ്ങളെ പാഥേയമാക്കിയായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. എഴുപത്‌ വയസ്സില്‍ സ്വസ്ഥം ഗൃഹജീവിതം എന്ന്‌ കരുതാതെ കലയ്ക്കും സാഹിത്യത്തിനും സമൂഹത്തിനും വേണ്ടി ജീവിക്കുന്ന മാടമ്പ്‌ മൗനം, വന്ദേമാതരം എന്നീ രണ്ട്‌ ചിത്രങ്ങളുടെ തിരക്കഥകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
1941 ല്‍ കിരാലൂര്‍ മാടമ്പ്‌ മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച കുഞ്ഞുകുട്ടന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മാടമ്പായി മാറിയിട്ട്‌ ഏഴ്‌ പതിറ്റാണ്ടായിരിക്കുന്നു. പരേതയായ സാവിത്രി അന്തര്‍ജനമാണ്‌ ഭാര്യ. ഹസീന, ജസീന എന്നിവരാണ്‌ മക്കള്‍. മാടമ്പിന്റെ സപ്തതി ആഘോഷിക്കാന്‍ നാടും നഗരവും ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. ഏതെങ്കിലുമൊരു ബ്രാന്റില്‍ മാത്രം തളച്ചിടാന്‍ കഴിയാത്ത വ്യക്തിയാണ്‌ മാടമ്പ്‌. തന്റെ ജനനത്തെക്കുറിച്ച്‌ മാടമ്പ്‌ പറയാറുള്ളത്‌ കൊച്ചിശീമയിലെ കൊടുങ്കാറ്റിന്‌ ശേഷം എന്നാണ്‌. അതെ; ആ കാറ്റിനെ ഏതെങ്കിലും ചില നിര്‍വചനങ്ങളിലോ വിശേഷണങ്ങളിലോ തളച്ചിടുക അസാധ്യമാണ്‌. അല്ലെങ്കിലും മഹാത്മാക്കളെ ആര്‍ക്കാണ്‌ നിര്‍വചിക്കാനാവുക.

-കൃഷ്ണകുമാര്‍ ആമലത്ത്‌


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.