റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ വാട്ടര്‍ അതോറിട്ടി ഫണ്ട് അടച്ചില്ല; മരാമത്ത് വകുപ്പ് നോട്ടീസ് നല്‍കി

Saturday 10 May 2014 9:46 pm IST

എരുമേലി: കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പുകള്‍ കുഴിച്ചിടുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ വാട്ടര്‍ അതോറിട്ടി ഫണ്ട് അടച്ചില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫണ്ട് അടക്കാത്തതിനെ തുടര്‍ന്ന് മരാമത്ത് വകുപ്പ്-വാട്ടര്‍ അതോറട്ടിക്ക് നോട്ടീസ് നല്‍കി. എരുമേലി കുടിവെള്ള പദ്ധതിക്കായി പഞ്ചായത്തിലുടനീളം റോഡുകള്‍ വെട്ടിപ്പൊളിച്ചത് ടാറിംഗ് നടത്താന്‍ മൂന്നുകോടി രൂപയാണ് എസ്റ്റിമേറ്റ് എടുത്ത് നല്‍കിയത്. ഇതിനിടെ ടാറിംഗ് പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കാനുള്ള നീക്കത്തെ നാട്ടുകാരും മരാമത്ത് വകുപ്പും തടഞ്ഞിരുന്നു. പൈപ്പുകള്‍ കുഴിച്ചിടുന്നത് തര്‍ക്കത്തിലെത്തിയതോടെ എംഎല്‍യുടെ നേതൃത്വത്തില്‍ വകുപ്പ് ഏപ്രില്‍ 15ന് മുമ്പ് പൈപ്പുകള്‍ കുഴിച്ചിടുന്ന പണികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിരുന്നു. മാര്‍ച്ച് 15ന് മുമ്പ് റോഡ് ടാറിംഗ് നടത്താനും മരാമത്ത് വകുപ്പും തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്നുകോടി രൂപ അടക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വെറും 3 ലക്ഷം രൂപ മാത്രമാണ് വാട്ടര്‍ അതോറട്ടി അടച്ചതെന്നും മരാമത്ത് വിഭാഗം പറഞ്ഞു. പഞ്ചായത്തിലുടനീളം റോഡുകള്‍ വെട്ടിപ്പൊളിച്ച് പൈപ്പ് കുഴിച്ചിട്ടതിനുശേഷം കുഴികള്‍ മൂടാന്‍ പോലും വാട്ടര്‍ അതോറട്ടി തയ്യാറായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. മഴക്കാലം ശക്തമായതോടെ കുഴിയെടുക്കല്‍ അനിശ്ചിതത്വത്തിലായതും എടുത്തകുഴികള്‍ മൂടാതെവന്നതും യാത്രക്കാര്‍ക്കു ദുരിതമായി. വേനല്‍കാലത്തുതന്നെ പണികള്‍ പൂര്‍ത്തിയാക്കി പണമടച്ചാല്‍ റോഡ് ടാറിംഗ് ജോലി ചെയ്യാന്‍ സമയം ലഭിക്കുമായിരുന്നുവെന്നും എന്നാല്‍ വാട്ടര്‍ അതോറട്ടി ഇക്കാര്യത്തില്‍ അനാസ്ഥയാണ് കാട്ടുന്നതെന്നും പിഡബ്‌ള്യുഡി അസി. എക്‌സിക്യൂട്ടീവ് ജോയി തോമസ് ജന്മഭൂമിയോട് പറഞ്ഞു. വാട്ടര്‍ അതോറട്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ക്ക് പണം അടച്ചാല്‍തന്നെ ടാറിംഗിനായി മഴ കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുകയും ചെയ്യും. ഈ സമയത്തിനുള്ളില്‍ റോഡുകളുടെ പല ഭാഗവും തകരാനും കാരണമാകുമെന്നും അധികൃതര്‍ പറഞ്ഞു. പൈപ്പുകള്‍ കുഴിച്ചിടുന്നതിന് രണ്ടാഴ്ചക്കുള്ളില്‍ പണമടക്കാമെന്ന് വാട്ടര്‍ അതോറട്ടി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ തുക അടച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. എരുമേലി ടൗണിലേതടക്കംവരുന്ന റോഡുകളിലെ പൈപ്പ് കുഴിച്ചിടുന്നതും വാഹനയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കടുത്ത ദുരിതമായിരിക്കുകയാണ്. വാഹനങ്ങള്‍ പൈപ്പിന്റെ കുഴിയില്‍ വീണ് താഴുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം കരിങ്കല്ലുംമൂഴിയില്‍ പൈപ്പിന്റെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. മഴക്കാലം തീരുന്നതുവരെയെങ്കിലും പൈപ്പിന്റെ കുഴികള്‍ താത്ക്കാലികമായി സുരക്ഷിതമാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.