ആറന്‍മുള ചിത്രകാര മഹാസംഗമം; രണ്ടാം ദിനം വര്‍ണ്ണ വിസ്മയം

Saturday 10 May 2014 10:15 pm IST

ആറന്മുള: പ്രകൃതിയോടും പരിസ്ഥിതിയോടും മനുഷ്യന്‍ കാണിക്കുന്ന ആക്രമണത്തിനെതിരായ പ്രതിഷേധം നിറക്കൂട്ടുകളായി പെയ്തിറങ്ങുന്ന അപൂര്‍വ്വ കാഴ്ചയാണ്‌ ആറന്മുള സത്രത്തിലെ എം.വി. ദേവന്‍ നഗറില്‍ അരങ്ങേറുന്ന നിറക്കൂട്ട്‌.
ഭാരതീയ ചിത്രകലയില്‍ ആദ്യചിത്രം രൂപാന്തരപ്പെട്ടതു തന്നെ ആകാശ ഭീഷണിയുടെ പ്രലോഭനത്തില്‍ നിന്നാണ്‌. ഇന്ദ്രന്റെ സമ്പത്തിനും ധാര്‍ഷ്ട്യത്തിനുമെതിരെ മാവിലയുടെ ചാറെടുത്ത്‌ സ്വന്തം തുടയില്‍ സുന്ദരിയുടെ ചിത്രം വരച്ച നാരായണ മഹര്‍ഷിയുടെ പ്രതിഷേധം ആകാശ ഭീഷണിയുടെ പ്രലോഭനത്തിനെതിരെയായിരുന്നു.
ആധുനിക കാലഘട്ടത്തില്‍ പ്രശാന്തിയുടെ സന്ദേശം തകര്‍ക്കുന്ന മൂലധനശക്തികളുടെ വികസന പ്രലോഭനത്തെ അതിജീവിക്കുവാന്‍ ചിത്രകാരന്റെ തൂലികയ്ക്ക്‌ കഴിയുമെന്ന്‌ തെളിയിക്കുകയാണ്‌ ആറന്മുളയില്‍ ഒത്തുചേര്‍ന്ന ചിത്രകാരന്മാര്‍.
രണ്ടാം നാള്‍ പുലരിവെട്ടത്തില്‍ തന്നെ പമ്പയുടെ തീരത്ത്‌ ചിത്രകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗസൃഷ്ടികള്‍ക്ക്‌ തുടക്കം കുറിച്ചു.
തിരുവനന്തപുരം കോളജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്സ്‌ പ്രിന്‍സിപ്പലും പ്രശസ്ത ശില്‍പിയുമായ എന്‍.എന്‍. റിംസണ്‍ കറുത്ത വര്‍ണ്ണങ്ങളില്‍ പ്രതിഷേധ ചിത്രം വരച്ച്‌ ചിത്രകാര സംഗമത്തിന്‌ നേതൃത്വം നല്‍കി. വില്‍സണ്‍ പൂക്കായി, റ്റി.എസ്‌. പ്രസാദ്‌, പ്രസാദ്‌ കുമാര്‍ കോട്ടയം തുടങ്ങിയ ചിത്രകാരന്മാര്‍ രണ്ടാംദിവസം മറ്റു കലാകാരന്മാരോടൊപ്പം അണിചേര്‍ന്നു.
വൈകിട്ട്‌ 5 മണി മുതല്‍ ചാറ്റ്‌ നാടന്‍ കലാപഠന കേന്ദ്രം അവതരിപ്പിച്ച ഞാറ്റുപാട്ടുകളും നാടന്‍ പാട്ടുകളും വേദിയില്‍ അരങ്ങേറി. ചിത്രകാര മഹാസംഗമത്തിന്റെ സമാപനം ഇന്ന്‌ ഉച്ചയ്ക്ക്‌ 3ന്‌ നടക്കും.
കാനായി കുഞ്ഞിരാമന്‍ വരച്ച ചിത്രം സംഗമത്തില്‍ സമര്‍പ്പിക്കും. പൂര്‍ത്തിയായ സൃഷ്ടികളെല്ലാം പമ്പാനദിക്കരയില്‍ പ്രദര്‍ശിപ്പിച്ച്‌ കലാകാരന്മാര്‍ ആറന്മുളയ്ക്ക്‌ സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.