മുല്ലപ്പെരിയാര്‍: തമിഴ്‌നാട് ഷട്ടറുകള്‍ താഴ്ത്തിയുള്ള പരിശോധന തുടരുന്നു

Sunday 11 May 2014 12:20 pm IST

ഇടുക്കി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാടിന്റെ പരിശോധന ആരംഭിച്ചു. ജലനിരപ്പ് 142 അടിയാക്കുന്നതിന്റെ പ്രാഥമിക പരിശോധനകള്‍ക്കായാണു പരിശോധന നടത്തുന്നത്. 12,13 ഷട്ടറുകളാണു താഴ്ത്തിയിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം തന്നെ തമിഴ്‌നാട് നടപടി തുടങ്ങിയിരുന്നു. സ്പില്‍വേയിലെ ഷട്ടറുകളുടെ കാര്യക്ഷമത പരിശോധിച്ച തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ 142 അടി അടയാളപ്പെടുത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 13 ഷട്ടറുകളാണുള്ളത്. ഈ ഷട്ടറുകള്‍ എല്ലാം താഴ്ത്തിയാല്‍ ജലനിരപ്പ് 152 അടിയിലെത്തും. എന്നാല്‍ സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത് 142 അടിയാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അണക്കെട്ട് സന്ദര്‍ശിച്ച് സ്പില്‍വെയിലെ  തൂണുകളില്‍ 142 അടി അടയാളപ്പെടുത്തിയത്. ഇതിനനുസൃതമായി ഷട്ടറുകള്‍ ക്രമീകരിച്ചാല്‍ ജലനിരപ്പ് 142 അടിയിലെത്തിക്കാം. 13 ഷട്ടറുകളും താഴ്ത്തി ഉദ്യോഗസ്ഥര്‍ കാര്യക്ഷമതാ പരിശോധനയും നടത്തി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ അംഗത്തെ ഉള്‍പ്പെടുത്തിയശേഷമേ ജലനിലപ്പ് 142 അടിയാക്കൂ എന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു. തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ക്ഷമതാ പരിശോധന മാത്രമാകും ഇപ്പോള്‍ നടത്തുന്നത്. പരിശോധനയ്ക്കു ശേഷം ഷട്ടര്‍ വീണ്ടും തുറക്കും. വരും ദിവസങ്ങളില്‍ മറ്റു ഷട്ടറുകള്‍ താഴ്ത്തിയും പരിശോധനയുണ്ടാകും.ഇപ്പോള്‍ 114 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കോടതിവിധി എത്രയുംപെട്ടെന്ന് പ്രാവര്‍ത്തികമാക്കാനാണ് തമിഴ്‌നാട് ശ്രമം നടത്തുന്നത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മീഷന്‍ അധ്യക്ഷനായി സുപ്രിംകോടതി നിയമിച്ച മൂന്നംഗ സമിതിയിലേക്ക് തമിഴ്‌നാടിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിച്ചതും ഇതിനുവേണ്ടിയാണ്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ അംഗമാക്കണമെന്ന് കേരളത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച  നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷമേ കേരളാ പ്രതിനിധിയെ തീരുമാനിക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.