ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം സമാധാനപരം

Monday 19 September 2011 11:13 pm IST

കൊച്ചി: അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ധനവിനെതിരെ സംസ്ഥാനം ഒട്ടാകെ ഇന്നലെ ബിജെപിയും, ഇടതുമുന്നണിയും അഹ്വാനം ചെയ്ത ഹര്‍ത്താലും, വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കും ജില്ലയില്‍ ഏറെക്കുറെ പൂര്‍ണവും, സമാധാനപരവുമായിരുന്നു. ഹര്‍ത്താല്‍ അഹ്വാനത്തെ തുടര്‍ന്ന്‌ കൊച്ചിയിലും, പരിസരപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചുരുക്കം കാറുകളും, ഇരുചക്ര വാഹനങ്ങളും ഒഴിച്ചാല്‍, ഭൂരിഭാഗം സ്വകാര്യ വാഹനങ്ങളും, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യബസ്സുകള്‍ എന്നിവയും നിരത്തില്‍നിന്നും വിട്ടുനിന്നു. തൊഴിലാളിസംഘടനകള്‍ ആഹ്വാനം ചെയ്ത വാഹനപണിമുടക്കിനെ തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. നൂറുകണക്കിന്‌ ഷെഡ്യൂളുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്ന എറണാകുളം ഡിപ്പോയില്‍നിന്നും നാമമാത്രമായി 4 സര്‍വീസുകള്‍ മാത്രമാണ്‌ നടന്നത്‌. ജലഗതാഗതവകുപ്പിലെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ കൊച്ചിയുടെ പരിസരത്തെ വിവിധ ദ്വീപുകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഹര്‍ത്താല്‍ ആഹ്വാനത്തെതുടര്‍ന്ന്‌ ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, കോര്‍പ്പറേഷന്‍, ബോര്‍ഡ്‌, സഹകരണസ്ഥാപനങ്ങള്‍ എന്നിവയുടെ ഭൂരിഭാഗം ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. ജില്ലാ ഭരണകേന്ദ്രമായ കാക്കനാട്ടെ സിവില്‍ സ്റ്റേഷനിലും ഹാജര്‍നില കുറവായിരുന്നു. ട്രഷറികള്‍ ഒഴികെ മിക്ക ഓഫീസുകളിലും ജീവനക്കാര്‍ എത്തിയില്ല. സഹകരണ ബാങ്കുകളും, ഷെഡ്യൂള്‍ഡ്‌, ദേശ സാല്‍കൃത ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. എന്നാല്‍ റിസര്‍വ്ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ നടന്നു. തീവണ്ടിഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ കൊച്ചിന്‍പോര്‍ട്ട്‌, കപ്പല്‍ശാല, പാസ്പോര്‍ട്ട്‌ ഓഫീസ്‌ എന്നിവിടങ്ങളിലും, ടെലികോം ഓഫീസുകളിലും ഹാജര്‍ നിലകുറവായിരുന്നുവെങ്കിലും ഭാഗികമായി പ്രവര്‍ത്തിച്ചു. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, പരിസരങ്ങളിലും ഹര്‍ത്താല്‍ അനുകൂലികളും, തൊഴിലാളി സംഘടനകളും സംയുക്ത സമരസമിതിയും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. പാലാരിവട്ടം, വൈറ്റില, കൊച്ചി നഗരം എന്നിവിടങ്ങളില്‍ നടന്ന പ്രകടനത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. കൊച്ചി നഗരത്തില്‍ ബിജെപിയുടെയും, ബിഎംഎസിന്റെയും നേതൃത്വത്തിലും പ്രകടനം നടത്തി. ഹര്‍ത്താലിനെതുടര്‍ന്ന്‌ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷം സൃഷ്ടിച്ചു. വൈറ്റിലയിലും, പാലാരിവട്ടത്തും ഇടതുസംഘടനകള്‍ വാഹനഗതാഗതം തടസ്സപ്പെടുത്തി. പാലാരിവട്ടത്ത്‌ സിഐടിയുക്കാര്‍ സ്വകാര്യവാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. അവസരം മുതലാക്കി ചിലസ്ഥലങ്ങളില്‍ സാമൂഹ്യ വിരുദ്ധരും പ്രശ്നക്കാരായി രംഗത്തെത്തിയെങ്കിലും പോലീസ്‌ സ്ഥിതി നിയന്ത്രണവിധേയമാക്കി. പ്രശ്ന സാധ്യതകള്‍ മുന്നില്‍കണ്ട്‌ നഗരത്തിലെമ്പാടും വന്‍പോലീസ്‌ സന്നാഹമാണ്‌ ഒരുക്കിയിരുന്നത്‌. സിറ്റിപോലീസ്‌ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിമാരും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാരും ഒട്ടേറെ സേനാംഗങ്ങളും ക്രമസമാധാനപാലനത്തിനായി രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ രൂക്ഷമായുള്ള പെട്രോള്‍, ഇന്ധന വിലവര്‍ദ്ധനവിനെതിരെ ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചതിനാല്‍ കാര്യമായ അക്രമസംഭവങ്ങള്‍ ഇല്ലാതെയാണ്‌ ഹര്‍ത്താല്‍ ദിനം കടന്നുപോയത്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍പോലെ തന്നെ സ്വകാര്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. ചുരുക്കം ചില ഹോട്ടലുകളും, മെഡിക്കല്‍ ഷോപ്പുകളും ഒഴിച്ചാല്‍ ജീവനക്കാര്‍ എത്താത്തതിനെ തുടര്‍ന്ന്‌ സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളും ഹര്‍ത്താല്‍ ആഹ്വാനത്തില്‍ പങ്കുചെര്‍ന്നു.