കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ പുഞ്ചയില്‍ മുങ്ങിമരിച്ചു

Sunday 11 May 2014 9:10 pm IST

ശാസ്താംകോട്ട: ശാസ്താംകോട്ട കായലിനോട്‌ ചേര്‍ന്ന മലയില്‍ പുഞ്ചയില്‍ കുളിക്കാനിറങ്ങിയ അയല്‍വാസികളായ മൂന്ന്‌ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.
പെരുവേലിക്കര മണക്കാട്ടയ്യത്ത്‌ രാധാകൃഷ്ണപിള്ള-മിനി ദമ്പതികളുടെ മകനും ഭരണിക്കാവ്‌ ജെഎംഎച്ച്‌എസിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയുമായ മഹാദേവന്‍ എന്നുവിളിക്കുന്ന അമല്‍ കൃഷ്ണന്‍(12), പെരുവേലിക്കര മുല്ലൂര്‍ വീട്ടില്‍ ചന്ദ്രശേഖരപിള്ള-രത്നകുമാരിയമ്മ ദമ്പതികളുടെ മകനും ശാസ്താംകോട്ട ഗവ. എച്ച്‌ എസ്‌ എസിലെ പ്ലസ്‌ ടു വിദ്യാര്‍ഥിയുമായ രതീഷ്ചന്ദ്രന്‍(16), മുല്ലൂര്‍വീട്ടില്‍ കിഴക്കതില്‍ രാജേഷ്‌- ശ്രീലത ദമ്പതികളുടെ മകനും ഭരണിക്കാവ്‌ ജെഎംഎച്ച്‌എസിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയുമായ അഭിജിത്ത്‌(16) എന്നിവരാണ്‌ മുങ്ങിമരിച്ചത്‌.
ഇവരോടൊപ്പമുണ്ടായിരുന്ന പനവിളയില്‍ ശിവന്‍പിള്ളയുടെ മകന്‍ ശരത്‌ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ശരത്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ വിവരം നാട്ടുകാരറിയുന്നത്‌. ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ശാസ്താംകോട്ടയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക്‌ മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന്‌ ശേഷം ഇന്ന്‌ രാവിലെ 10 ന്‌ ഉപരികുന്നം കോയിക്കല്‍ ഭാഗം ഗവ.എല്‍ പി സ്കൂളില്‍ പൊതുദര്‍ശനത്തിന്‌ വെച്ചശേഷം സംസ്കരിക്കും.
അമല്‍ കൃഷ്ണന്റെ സഹോദരന്‍ രാഹുല്‍. രതീഷിന്റെ സഹോദരന്‍ ശരത്ചന്ദ്രന്‍. അഭിജിത്തിന്റെ സഹോദരി അഭിരാമി. രക്ഷപ്പെട്ട ശരത്‌ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബത്തിന്‌ അടിയന്തര ധനസഹായമായി 10000 രൂപ വീതം അനുവദിച്ചതായി കോവൂര്‍കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.