കോട്ടയത്ത്‌ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പില്‍ഗ്രിം ഷെല്‍ട്ടര്‍

Monday 19 September 2011 11:20 pm IST

കോട്ടയം : ശബരിമല തീര്‍ത്ഥാടകര്‍ക്കായി പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്ന്‌ കേന്ദ്ര റയില്‍വേ മന്ത്രി ദിനേശ്്‌ ത്രിവേദി, ജോസ്‌ കെ.മാണി എം.പിക്ക്‌ ഉറപ്പു നല്‍കി. റെയില്‍വേ മന്ത്രി തിരുവനന്തപുരത്ത്‌ വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിലാണ്‌ കോട്ടയം ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന പില്‍ഗ്രിം ഷെല്‍ട്ടറിന്‌ പച്ചക്കൊടി വീശിയത്‌. മുമ്പ്‌ നിരവധിതവണ ജോസ്‌ കെ.മാണി ഇതേ ആവശ്യവുമായി കേന്ദ്രറയില്‍വേ മന്ത്രാലയത്തെ സമീപിച്ചിരുന്നു. മണ്ഡലകാലത്ത്‌ ലക്ഷകണക്കിന്‌ തീര്‍ത്ഥാടകരാണ്‌ കോട്ടയം റയില്‍വെ സ്റ്റേഷനിലെത്തുന്നത്‌. ശബരിമല നട തുറന്നിരിക്കുന്ന സമയങ്ങളിലും ഇവിടെ തീര്‍ത്ഥാടകരുടെ തിരക്ക്‌ അനുഭവപ്പെടാറുണ്ട്‌. കൂടുതലും അന്യസംസ്ഥാന തീര്‍ത്ഥാടകരാണ്‌ കോട്ടയത്ത്‌ തീവണ്ടിയിറങ്ങുന്നത്‌. അധികം പേരും ഒരു ദിവസം കോട്ടയത്ത്‌ തങ്ങി പിറ്റേന്ന്‌ ശബരിമലയിലേക്ക്‌ പുറപ്പെടുന്നവരാണ്‌. കോട്ടയം റയില്‍വേ സ്റ്റേഷനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്‌ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും വിരിവയ്ക്കുന്നതിനും ആധുനിക സൌകര്യങ്ങള്‍ ആവശ്യമാണെന്ന്‌ ജോസ്‌ കെ.മാണി യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. ഇതിന്‌ അടിയന്തിര പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി താന്‍ നിരന്തരം ആവശ്യപ്പെടുന്ന വസ്തുതയാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു. ജോസ്‌ കെ.മാണിയുടെ ആവശ്യം കേന്ദ്രമന്ത്രി അംഗീകരിക്കുക യായിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെയും എം.പിയുടെയും വികാരം മാനിക്കുന്നതായി ദിനേശ്‌ ത്രിവേദി പറഞ്ഞു..