അട്ടപ്പാടിയിലെ ഭൂമി ആദിവാസികള്‍ക്ക് തിരിച്ചു നല്‍കും - ഉമ്മന്‍‌ചാണ്ടി

Tuesday 20 September 2011 4:04 pm IST

തിരുവനന്തപുരം: അട്ടപ്പാടിയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് തിരിച്ചു നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആദിവാസികള്‍ക്കു നഷ്ടപ്പെട്ട 85.21 ഏക്കര്‍ ഭൂമിയും അവിടെ സ്ഥാപിച്ച കാറ്റാടി യന്ത്രങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും. ഭൂമിക്കു പട്ടയം ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള രണ്ടു കാറ്റാടി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് ആദിവാസികളോടൊ അവരുടെ നേതാക്കളോടോ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കാറ്റാടി യന്ത്രങ്ങള്‍ കെഎസ് ഇബിക്കു കൈമാറി ലാഭവിഹിതം ആദിവാസികള്‍ക്കു നല്‍കാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആദിവാസികളുടെ നിലപാട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈയേറിയവര്‍ക്കെതിരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ്‌ അന്വേഷണം തുടരും. കുറ്റക്കാരെന്നും കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മാരിടൈം സര്‍വകലാശാലയ്ക്ക് എറണാകുളത്ത് 60 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള ഭൂമി കണ്ടെത്താന്‍ ജില്ലാ കലക്ടറെ നിയോഗിച്ചു. മതിയായ സ്ഥലം ലഭിച്ചാല്‍ മാരിടൈം ക്യാംപസ് സര്‍വകലാശാലയായി ഉയര്‍ത്താമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്റ്റര്‍ ഒഫ് പ്രോസിക്യൂഷന്‍ (വിജിലന്‍സ്) ആയി ജി. ശശീന്ദ്രനെ നിയമിക്കും. എന്നാല്‍ പാമോലിന്‍ കേസില്‍ ഇടപെടാന്‍ അധികാരമില്ല. ഇടതു സര്‍ക്കാര്‍ നിയമിച്ച വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഒഫ് പ്രോസിക്യൂഷനാവും തുടര്‍ന്നും പാമോലിന്‍ കേസ് കൈകാര്യം ചെയ്യുക. ഇടുക്കി ജില്ലയിലെ ഭൂചലനം സംബന്ധിച്ച മുന്‍കരുതല്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍ വൈകിട്ട് യോഗം ചേരും. പുല്ലുമേട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 26നു ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ വരുന്ന ഒരു വര്‍ഷത്തെ കര്‍മ പരിപാടികള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ചില പരിഷ്കാരങ്ങള്‍ വരുത്തി അടുത്തയാഴ്ച കര്‍മ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.