ഇന്ത്യയ്ക്ക് പോളിയോ വൈറസ് ഭീഷണി

Tuesday 20 September 2011 4:30 pm IST

ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള പോളിയോ വൈറസ് ഇന്ത്യയ്ക്ക് ഭീഷണിയാകുന്നു. അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോളിയോ വൈറസ് രാജ്യത്തെത്തുന്നത്. പാക് വൈറസ് ചൈനയിലും വ്യാപിക്കുന്നുണ്ട്. പോളിയോ-83 ബാധിച്ച 84 കേസുകളാണ് ഇതുവരെ പാക്കിസ്ഥാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 83 കേസുകള്‍ ഗുരുതരമാണ്‌. യുനിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പുതിയ കണ്ടെത്തല്‍. പോളിയോ വൈറസുകളുടെ വ്യാപനത്തെ ഏറെ ആശങ്കയോടെയാണ്‌ ഇന്ത്യ നോക്കി കാണുന്നത്‌. യൂനിസെഫ്‌ നല്‍കുന്ന മുന്നറിയിപ്പ്‌ പ്രകാരം വൈറസ്‌ വ്യാപനത്തിന്‌ ഏറെ സാദ്ധ്യതകളുള്ള രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്‌ ഇന്ത്യ. ഇതേ തുടര്‍ന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. പഞ്ചാബ് (വാഗ അതിര്‍ത്തി), ജമ്മു കശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വാഗാ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക്‌ ശേഷം ചൈനയില്‍ വീണ്ടും പോളിയോ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ ജാഗ്രതാ നിര്‍ദ്ദേശം ശക്തമാക്കിയത്‌. പാക്കിസ്ഥാനില്‍ നിന്ന്‌ പോളിയോ വൈറസ്‌ വ്യാപനം വഴി ചൈനയിലെ നാലു കുഞ്ഞുങ്ങള്‍ക്ക്‌ രോഗം പിടിപ്പെട്ടിരുന്നു. തുടര്‍ന്നാണ്‌ വാഗാ അതിര്‍ത്തിയില്‍ ഡോക്‌ടര്‍മാരുടെ സംഘം പരിശോധന നടത്തുന്നത്‌. ബസ്സുകള്‍ വഴിയും കാല്‍നടയായും അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക്‌ പ്രവേശിക്കുന്ന അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കെല്ലാം പോളിയോ മരുന്ന്‌ നല്‍കുന്നുമുണ്ട്‌. നാലു മാസത്തേക്കാണ്‌ കര്‍ശനമായ പരിശോധന. പോളിയോ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാത്ത നാലു രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ.