പാക്കിസ്ഥാനില്‍ ഫെയ്സ്ബുക്ക് നിരോധിക്കണം - ലാഹോര്‍ ഹൈക്കോടതി

Tuesday 20 September 2011 4:47 pm IST

ലാഹോര്‍: പാക്കിസ്ഥാനില്‍ ഫെയ്‌സ്ബുക്ക്‌ ഉള്‍പ്പെടെയുള്ള മുഴുവന്‍ വെബ്‌സൈറ്റുകളും നിരോധിക്കണമെന്ന്‌ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു. വെബ്സൈറ്റുകള്‍ മതസ്പര്‍ദ്ധ പ്രചരിപ്പിക്കുന്നുവെന്ന ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. വെബ്സൈറ്റുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ ഒക്‌ടോബര്‍ ആറിന് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ്‌ ഷെയ്ഖ്‌ അസ്‌മത്ത്‌ സയീദ്‌ ആണ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോട്‌ ഫെയ്‌സ്‌ ബുക്ക്‌ നിരോധിക്കാന്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച്‌ എന്‍ജിനുകളെ നിരോധിക്കരുതെന്നും ജഡ്ജി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. യു.എസ്‌ ആസ്ഥാനമായ ഫെയ്‌സ്‌ ബുക്കില്‍ പ്രവാചകനായ മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഉത്തരവ്. ലോകമെങ്ങുമുള്ള മുസ്‌ലിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും മുസ്‌ലിം മൂല്യങ്ങളെ അപമാനിക്കുകയും ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ അഡ്വ. മുഹമ്മദ്‌ അഷര്‍ സിദ്ദീഖായിരുന്നു പരാതി നല്‍കിയത്‌. നേരത്തെ ഹൈക്കോടതി ഇത്തരത്തില്‍ ഉത്തരവ്‌ നല്‍കിയിരുന്നെങ്കിലും വെബ്‌സൈറ്റുകളെ നിരോധിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാ‍രന്‍ ആരോപിച്ചു.