ലിബിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടെന്ന്‌

Tuesday 20 September 2011 8:15 pm IST

ട്രിപ്പോളി: ലിബിയയുടെ അതിര്‍ത്തിപ്രദേശത്തെ ആയിരക്കണക്കിന്‌ അഭയാര്‍ത്ഥികളെ സഹായിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന്‌ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. ലിബിയയിലെ നാറ്റോ ആക്രമണത്തില്‍ പങ്കാളികളായ ഏതെങ്കിലും രാഷ്ട്രങ്ങള്‍ ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന്‌ ആംനെസ്റ്റി ആവശ്യപ്പെട്ടു. ബ്രിട്ടണ്‍ ഈ വിമര്‍ശനം നിഷേധിച്ചു. മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. ഇതിനിടെ, ലിബിയയില്‍ സര്‍ക്കാര്‍ സേന രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും അധീനതയിലാക്കിയിട്ടുണ്ട്‌. ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ട്ടെയിലേക്ക്‌ സര്‍ക്കാര്‍ സേനയുടെ മുന്നേറ്റം ദിവസങ്ങളായി തുടരുകയാണ്‌. ലിബിയയിലെ നാറ്റോ നീക്കങ്ങളില്‍ കൂടുതല്‍ പേര്‍ ഭവനരഹിതരായി അലയുന്നു. ആയിരത്തോളം അഭയാര്‍ത്ഥികള്‍ ഈജിപ്തിലെ സലോമിലും 3800 പേര്‍ ടുണീഷ്യയിലെ ചൗചാ ക്യാമ്പിലും അഭയാര്‍ത്ഥികളായി കഴിയുകയാണ്‌. അഭയാര്‍ത്ഥികളുടെ ജീവിതം അത്യന്തം ക്ലേശകരമായ ചുറ്റുപാടുകളിലാണെന്നും അവര്‍ക്ക്‌ അഭയം നല്‍കാന്‍ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ലിബിയക്ക്‌ സാധിക്കുകയില്ലെന്നും ആംനെസ്റ്റിയുടെ യൂറോപ്യന്‍ ഓഫീസുകളുടെ ഡയറക്ടറായ നിക്കോളാസ്‌ ബിഗര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ മനംമടുത്ത അഭയാര്‍ത്ഥികള്‍ ലിബിയയിലേക്ക്‌ തിരിച്ചുവന്ന്‌ യൂറോപ്പിലേക്ക്‌ ബോട്ടുകളില്‍ കയറി രക്ഷപ്പെടുവാന്‍ ശ്രമിക്കുകയാണ്‌. ഇത്തരം ദീര്‍ഘമായ ബോട്ട്‌ യാത്രകളില്‍ 1500 ജീവനെങ്കിലും ലിബിയയിലെ അക്രമങ്ങള്‍ക്കുശേഷം പൊലിഞ്ഞിട്ടുണ്ട്‌. ഇതുവരെ 27 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനിലെ ബെല്‍ജിയം, ഡെന്‍മാര്‍ക്ക്‌, ഫിന്‍ലന്‍ഡ്‌, നെതര്‍ലാന്‍ഡ്‌, അയര്‍ലന്റ്‌, നോര്‍വെ, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ എട്ട്‌ രാഷ്ട്രങ്ങള്‍ മാത്രമേ സഹായവാഗ്ദാനം നല്‍കിയിട്ടുള്ളൂ. പക്ഷേ ഈ രാഷ്ട്രങ്ങളില്‍നിന്നും തുലോം തുച്ഛമായ സഹായമാണ്‌ ലഭിച്ചത്‌. എന്നാല്‍ ലിബിയന്‍ പ്രശ്നത്തില്‍ തങ്ങളാണ്‌ മനുഷ്യത്വപരമായ സഹായങ്ങള്‍ ആദ്യം ചെയ്തതെന്ന്‌ ബ്രിട്ടീഷ്‌ വക്താവ്‌ അറിയിച്ചു. താല്‍ക്കാലിക താവളങ്ങളും ഭക്ഷണവും നല്‍കിയശേഷം അഭയാര്‍ത്ഥികളെ തങ്ങള്‍ വീടുകളിലേക്ക്‌ വിമാനങ്ങളില്‍ എത്തിച്ചതായി വക്താവ്‌ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി ക്യാമ്പുകളില്‍നിന്നും 12700 പേരെ തങ്ങള്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ തങ്ങള്‍ ലിബിയന്‍ അഭയാര്‍ത്ഥികളെ ബ്രിട്ടനില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ വക്താവ്‌ വെളിപ്പെടുത്തി. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്ന രാജ്യത്തുതന്നെയോ അല്ലെങ്കില്‍ അവര്‍ ആദ്യമെത്തുന്ന സുരക്ഷിത രാജ്യത്തോ പരിഹരിക്കപ്പെടണമെന്നാണ്‌ ഞങ്ങളുടെ വീക്ഷണം, വക്താവ്‌ തുടര്‍ന്നു.