ഓപ്പണ്‍ സ്കൂള്‍ ഷെഡ്യൂള്‍: പാഠപുസ്തക ഉള്ളടക്കം ചോര്‍ത്തി ഗൈഡ്‌ ലോബിയെ സഹായിക്കാന്‍ നീക്കം

Wednesday 14 May 2014 9:56 pm IST

തിരുവനന്തപുരം: ഓപ്പണ്‍ സ്കൂള്‍ ഷെഡ്യൂള്‍ നിര്‍മാണത്തിനിടെ പരിഷ്കരിച്ച പ്ലസ്‌ വണ്‍ പാഠപുസ്തക ഉള്ളടക്കം ചോര്‍ത്തി ഗൈഡ്‌ ലോബിയെ സഹായിക്കാന്‍ നീക്കം നടക്കുന്നു. ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പാഠപുസ്തകം പുറത്തിറങ്ങും മുമ്പ്‌ അതിന്റെ ഉള്ളടക്കം ഗൈഡ്‌ ലോബികളുടെ കൈകളിലെത്തിയത്‌ ഇതിന്റെ ഏറ്റവും നല്ല തെളിവാണ്‌. എസ്‌ഇആര്‍ടിയിലെ അക്കാദമിക്‌ ഉദ്യോഗസ്ഥരെ പൂര്‍ണമായും ഒഴിവാക്കി ഓപ്പണ്‍ സ്കൂളിന്റെ ഷെഡ്യൂള്‍ നിര്‍മാണമാണ്‌ നടക്കുന്നത്‌. ഇതിനായി എസ്‌ഇആര്‍ടി ഗൗസ്റ്റ്‌ ഹൗസുകളും പരിശീലന കേന്ദ്രവും ഒഴിവാക്കി തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ശില്‍പ്പശാല ആരംഭിച്ചിരിക്കുകയാണ്‌.
ഇത്തരത്തില്‍ ലക്ഷങ്ങളുടെ അഴിമതിക്കാണ്‌ അണിയറയില്‍ കളമൊരുങ്ങിയിരിക്കുന്നത്‌. അക്കാദമിക്‌ ഉദ്യോഗസ്ഥരെ പൂര്‍ണമായും ഒഴിവാക്കി പകരം സര്‍വീസില്‍ നിന്നു വിരമിച്ച ചിലരെയാണ്‌ പാഠപുസ്തക നിര്‍മാണത്തിന്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. സാധാരണ എസ്‌ഇആര്‍ടിയിലെ അക്കാദമിക്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്‌ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ വിതരണം ചെയ്യേണ്ട മൊഡ്യൂള്‍ നിര്‍മിക്കേണ്ടത്‌. എന്നാല്‍ ഇത്തവണ ഓപ്പണ്‍ സ്കൂള്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററാണ്‌ മൊഡ്യൂള്‍ നിര്‍മാണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ഇദ്ദേഹവും എസ്‌ഇആര്‍ടി ഡയറക്ടറുമായുള്ള പടല പിണക്കമാണ്‌ അക്കാദമി ഉദ്യോഗസ്ഥരെ ഒഴിവാക്കി സ്വന്തം നിലയ്ക്ക്‌ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ കാരണമായത്‌. ഇതിനെ എസ്‌ഇആര്‍ടി ഡയറക്ടര്‍ ആദ്യം എതിര്‍ത്തെങ്കിലും വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌ പ്രത്യേക അനുമതി നല്‍കുകയായിരുന്നെന്ന്‌ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.
പാഠപുസ്തക രചനയടക്കമുള്ള ആവശ്യങ്ങള്‍ക്കായി എട്ടുകോടി രൂപ മുടക്കി എസ്‌ഇആര്‍ടി ആസ്ഥാനത്തിന്‌ സമീപം പണി കഴിപ്പിച്ച ഗസ്റ്റ്‌ ഹൗസ്‌ കം ട്രെയിനിംഗ്‌ സെന്റര്‍ കഴിഞ്ഞ ഡിസംബറിലാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഉദ്ഘാടനം ചെയ്തത്‌. ഓപ്പണ്‍ സ്കൂളിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ടിഎ, ഡിഎ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനാണ്‌ വിപുലമായ സൗകര്യങ്ങളുള്ള ഈ ഗസ്റ്റ്‌ ഹൗസ്‌ ഉപേക്ഷിച്ച്‌ ഇരിങ്ങാലക്കുടയിലെ സ്വകാര്യസ്ഥാപനം തിരഞ്ഞെടുത്തതെന്നും ആക്ഷേപമുണ്ട്‌. ശില്‍പ്പശാലയില്‍ പങ്കെടുക്കേണ്ട 115 പ്രതിനിധികളുടെ വിവിധ ചെലവുകളിലേക്കായി പത്തു ലക്ഷം രൂപ മുന്‍കൂര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ ആദ്യ ദിനത്തില്‍ വെറും 56 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ. എസ്‌ഇആര്‍ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓപ്പണ്‍ സ്കൂള്‍ മൊഡ്യൂള്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചാല്‍ മതിയെന്ന ഭരണസമിതിയുടെ തീരുമാനത്തെയും ഡയറക്ടറുടെ എതിര്‍പ്പും കാറ്റില്‍പ്പറത്തിയാണ്‌ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ചതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
അഞ്ച്‌ ഘട്ടങ്ങളിലായി നടക്കുന്ന ശില്‍പ്പശാലയുടെ ചെലവിനായി ഒരു കോടി രൂപയാണ്‌ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്‌. രണ്ടുമാസം മുമ്പ്‌ ശില്‍പ്പശാല നടത്തിപ്പിനായി സംഘടിപ്പിച്ച ആലോചനയോഗത്തിന്‌ പൊടിച്ചത്‌ രണ്ടുലക്ഷം രൂപയാണ്‌. മൊഡ്യൂള്‍ നിര്‍മാണത്തിന്‌ പ്രതിനിധികളെ തെരഞ്ഞെടുത്തതില്‍ യാതൊരു മാനദണ്ഡവും പാലിച്ചിട്ടില്ല. പാഠപുസ്തക രചനയില്‍ മുന്‍ പരിചയമുള്ളവരെയോ അക്കാദമികമായി കഴിവ്‌ തെളിയിച്ചവരെയോ ഉള്‍പ്പെടുത്തി പാനല്‍ ഉണ്ടാക്കുന്നതിന്‌ പകരം കോ-ഓര്‍ഡിനേറ്റര്‍ ഭരണപക്ഷ അധ്യാപക സംഘടനയുടെ പ്രവര്‍ത്തകരെയാണ്‌ മൊഡ്യൂള്‍ നിര്‍മാണത്തിന്‌ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പരക്കെ ആരോപണമുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.