മമ്മൂട്ടിയുടെ സങ്കുചിത വര്‍ഗ്ഗീയ നിലപാടില്‍ വ്യാപക പ്രതിഷേധം

Wednesday 14 May 2014 10:23 pm IST

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ സങ്കുചിത വര്‍ഗ്ഗീയ- രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധം ശക്തമാകുന്നു. അമൃതാനന്ദമയി മഠത്തിനെതിരെ കൈരളി ടിവി നടത്തിയ പ്രചാരണം മമ്മൂട്ടിയുടെ താത്പര്യ പ്രകാരമായിരുന്നുവെന്ന്‌ വെളിപ്പെട്ടതോടെയാണ്‌ നടനെതിരെ പ്രതിഷേധമുയരുന്നത്‌. മമ്മൂട്ടിയുടെ സങ്കുചിത വര്‍ഗ്ഗീയ നിലപാടുകള്‍ തിരിച്ചറിയണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പ്രതിഷേധം ശക്തമായതോടെ മമ്മൂട്ടിയെ പ്രതിരോധിക്കാന്‍ ഫാന്‍സ്‌ അസോസിയേഷന്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളില്‍ സജീവമായിട്ടുണ്ട്‌.
മമ്മൂട്ടി വര്‍ഗ്ഗീയ വാദിയല്ലെന്ന്‌ തെളിയിക്കാന്‍ ചന്ദനക്കുറിയും കസവുമുണ്ടും ധരിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളും നെറ്റില്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ധര്‍മ്മരക്ഷാ വേദി പ്രവര്‍ത്തകരാണ്‌ മമ്മൂട്ടിയുടെ നിലപാടുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി രംഗത്തു വന്നിട്ടുള്ളത്‌. താരത്തിന്റെ മതവിശ്വാസമല്ല പ്രശ്നമല്ലെന്നും സങ്കുചിത വര്‍ഗ്ഗീയ- രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയാണ്‌ തങ്ങളുടെ പോരാട്ടമെന്നും ധര്‍മ്മരക്ഷാ വേദി പ്രവര്‍ത്തകര്‍ പറയുന്നു.
ഫാന്‍സ്‌ അസോസിയേഷന്‍ വഴി പ്രശ്നത്തെ വീണ്ടും വര്‍ഗ്ഗീയ വത്കരിക്കാനുള്ള ശ്രമമാണ്‌ താരം നടത്തുന്നതെന്നും വേദി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. മമ്മൂട്ടിയുടെ ഇസ്ലാമിക വിസ്വാസത്തിനെതിരല്ല തങ്ങള്‍. എന്നാല്‍ താരത്തിന്റെ വര്‍ഗ്ഗീയ നിലപാട്‌ തുറന്നുകാട്ടേണ്ടതാണ്‌. അമൃതാനന്ദമയിക്കെതിരായ പ്രചാരണം കൈരളി ടിവി നടത്തിയത്‌ മമ്മൂട്ടിയുടെ താത്പര്യപ്രകാരമാണെന്ന്‌ ജോണ്‍ ബ്രിട്ടാസ്‌ തന്നെ തുറന്നു പറഞ്ഞിരുന്നു. ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പുസ്തകരൂപത്തിലാണ്‌ ബ്രിട്ടാസ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇതോടെ താരം പ്രതിക്കൂട്ടിലാവുകയായിരുന്നു.
ഫാന്‍സ്‌ അസോസിയേഷനുകള്‍ വഴി നടത്തുന്ന പ്രചാരണം താരത്തിനു തന്നെ വിനയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചന്ദനക്കുറിയും മറ്റും അണിഞ്ഞ്‌ ചില സിനിമകളില്‍ അഭിനയിച്ച രംഗങ്ങളാണ്‌ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്‌. മത സഹിഷ്ണുതയുള്ളയാളാണെന്ന്‌ കാണിക്കാന്‍ ഇത്തരം തട്ടിപ്പുകളല്ല വേണ്ടതെന്നും നിലപാടുകളാണ്‌ തിരുത്തേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.