മൈസൂരില്‍ വാഹനാപകടം: ഒമ്പത്‌ മലയാളികള്‍ മരിച്ചു

Wednesday 14 May 2014 10:22 pm IST

മൈസൂര്‍: മൈസൂരിനടുത്ത പിരിയപട്ടണത്ത്‌ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച്‌ സ്ത്രീകളും കുട്ടികളുമടക്കം ഒമ്പത്‌ മലയാളികള്‍ മരിച്ചു. മംഗലാപുരം ദെര്‍ളകട്ടയില്‍ സ്ഥിരതാമസമാക്കിയ ബന്ധുക്കളായ മലയാളികളും ഡ്രൈവറുമാണ്‌ മരിച്ചത്‌. 11 പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ നാല്‌ പേരുടെ നില ഗുരുതരമാണ്‌.
ദെര്‍ളകട്ടയിലെ അമീര്‍ഖാന്‍, ഭാര്യ സീനത്ത്‌, സീനത്തിന്റെ സഹോദരി ഹാജിറ, അമീര്‍ഖാന്റെ പേരമകന്‍ ഹിഷാം, ദെര്‍ളകട്ട മുഹമ്മദിന്റെ മക്കളായ സഫീന, സമൂന, ടെമ്പോ ഡ്രൈവര്‍ ബണ്ട്വാളിലെ ഷറഫുദ്ദീന്‍, ജന്നത്ത്ഖാന്‍, അയിഷുമ്മ എന്നിവരാണ്‌ മരിച്ചത്‌. പരിക്കേറ്റവരെ മൈസൂരിലെ അപ്പോളോ ആശുപത്രിയിലും കൊളംബോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 4.45 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. തമിഴ്‌നാട്ടിലെ മുത്തുപേട്ട ദര്‍ഗ്ഗയില്‍ സിയാറത്ത്‌ നടത്തി മടങ്ങുകയായിരുന്ന രണ്ട്‌ കുടുംബങ്ങളാണ്‌ ടെമ്പോ ട്രാവലറില്‍ ഉണ്ടായിരുന്നത്‌. ഗ്യാസ്‌ സിലിണ്ടറുകളുമായി മൈസൂരിലേക്ക്‌ പോവുകയായിരുന്ന ലോറിയുമായി ട്രാവലര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ തകര്‍ന്നു. ഇതിലുള്ളവരാണ്‌ മരിച്ചവരും പരിക്കേറ്റവരും. 21 പേരാണ്‌ ആകെ വാഹനത്തില്‍ ഉണ്ടായിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.