തലയറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ ജഡം കടലില്‍

Tuesday 20 September 2011 11:19 pm IST

കാസര്‍കോട്‌: തലയറുത്തുമാറ്റിയ യുവതിയുടെ ജഡം കടലില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം ൩ മണിയോടെയാണ്‌ യുവതിയുടെ തലയില്ലാത്ത ജഡം കസബ കടപ്പുറത്ത്‌ കടലില്‍ കണ്ടെത്തിയത്‌. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരാണ്‌ പൂര്‍ണ്ണ നഗ്നാവസ്ഥയിലായിരുന്ന യുവതിയുടെ തലയറ്റ ജഡം കടലില്‍ ഒഴുകുന്നത്‌ കണ്ടത്‌. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ തീരദേശവാസികളുടെ സഹായത്തോടെ ഫൈബര്‍ ബോട്ടില്‍ കടലിലിറങ്ങുകയും മൃതദേഹത്തിനായി തിരച്ചില്‍ നടത്തുകയുമായിരുന്നു. ജഡം കണ്ടെത്തി ബോട്ടിലേക്ക്‌ അടുപ്പിക്കുന്നതിനിടെ ശക്തമായ തിരമാലകളില്‍പ്പെട്ട്‌ ജഡം കടലിണ്റ്റെ അടിത്തട്ടിലേക്ക്‌ മറഞ്ഞു. തുടര്‍ന്ന്‌ ജഡം കണ്ടെത്താനുള്ള പോലീസിണ്റ്റെയും നാട്ടുകാരുടെയും ശ്രമം വിഫലമായി. ഏകദേശം മുപ്പത്‌ വയസ്‌ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ്‌ കടലില്‍ കണ്ടത്‌. ജഡത്തിലെ ഇരു കാലുകളിലും കൊലുസുകള്‍ ഉണ്ടായിരുന്നുവത്രെ. ദേഹമാസകലം മുറിവുകളും കാണപ്പെട്ടിരുന്നുവെന്ന്‌ പറയുന്നു. ദിവസങ്ങളുടെ പഴക്കമുള്ളതിനാല്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കാസര്‍കോട്‌ ടൌണ്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ കാണാതായ യുവതികളുടെ വിവരങ്ങള്‍ പോലീസ്‌ ശേഖരിക്കുന്നുണ്ട്‌.