കുറവിലങ്ങാട്: എം സി റോഡില്‍ മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ട് പേര് മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മോനിപ്പള്ളിക്കും ആച്ചിക്കലിനുമിടയിലായിരുന്നു അപകടം. തൃശ്ശൂര്‍ കുന്നത്തൂര്‍ മേക്കാട്ടു കുളം റിന്സന് തോമസ് (26), മനുഷ്യാവകാശ പ്രവര്‍ത്തകനായ കുന്നത്തൂര്‍ രാജു കെ. മേനോന് (രാജു പുഴങ്കര-47) എന്നിവരാണ് മരിച്ചത്. കാര്‍ യാത്രക്കാരായ കുന്നത്ത് സുഭാഷ് (30), വെള്ളറക്കുന്ന് പള്ളിമേപ്പുറം തേക്കോട്ടയില് ഷിഹാബുദ്ദീന് (23) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ബിസ്സിനസ്സ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുപോയി തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. രാജു പുഴങ്കരയുടെ മകന് കഴക്കൂട്ടം സൈനിക സ്കൂളില്‍ പഠിക്കുന്ന അര്ജുന് മേനോന്റെ സ്കൂളിലും ചങ്ങനാശ്ശേരി പെരുന്നയിലുള്ള ഭാര്യവീട്ടിലും കയറിയശേഷമായിരുന്നു സംഘം യാത്ര തുടര്‍ന്നതെന്ന് പറയുന്നു.
ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയും ഞാങ്കട്ടരിദേവിക്ഷേത്രത്തിലെ ഓഫീസ് സ്റ്റാഫുമായ ശ്രീകലയാണ് മരിച്ച രാജുവിന്റെ ഭാര്യ. തോമസ് -ലിസി ദമ്പതികളുടെ മകനാണ് മരിച്ച റിന്സണ്. ആന്റോ ഏക സഹോദരനാണ്. റിന്‍സണിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് യാത്ര തിരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: