മെഡിക്കല്‍-എന്‍ജി. പ്രവേശന പരീക്ഷാ ഫലം ഇന്ന്‌

Thursday 15 May 2014 11:43 am IST

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. വൈകീട്ട്‌ നാലിനു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്‌ തിരുവനന്തപുരത്ത്‌ ഫലപ്രഖ്യാപനം നടത്തും. മെഡിക്കല്‍ പരീക്ഷയുടെ റാങ്ക്‌ ലിസ്റ്റും എന്‍ജിനീയറിങ്ങിന്റെ സ്കോറുമാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്കു ലഭിച്ചശേഷം അതുകൂടി ചേര്‍ത്തു സമീകരിച്ചാവും എന്‍ജിനീയറിങ്‌ റാങ്ക്‌ പട്ടിക പ്രസിദ്ധപ്പെടുത്തുക.

ഏപ്രില്‍ 21 മുതല്‍ 24 വരെയായിരുന്നു പ്രവേശന പരീക്ഷ. പരീക്ഷാഫലംwww.cee.kerala.gov.in, www.keralaresults.nic.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. 89.8 (1,06,885) ശതമാനം വിദ്യാര്‍ഥികളാണ്‌ എന്‍ജിനീയറിങ്‌ ഒന്നാം പേപ്പര്‍ ഫിസിക്സ്‌ ആന്‍ഡ്‌ കെമിസ്ട്രി പരീക്ഷ എഴുതിയത്‌. മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാം പേപ്പറായ കെമിസ്ട്രി ആന്‍ഡ്‌ ഫിസിക്സ്‌ പരീക്ഷ 93,957 (91.71%) പേരും രണ്ടാം പേപ്പറായ ബയോളജി പരീക്ഷ 93,957 (91.71%) പേരും എഴുതി.

സംസ്ഥാനത്ത്‌ 327 കേന്ദ്രങ്ങളിലും ദല്‍ഹിയിലെ രണ്ടു കേന്ദ്രങ്ങളിലും മുംബൈ, റാഞ്ചി, ദുബൈ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രത്തിലുമാണ്‌ പരീക്ഷ നടന്നത്‌. മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ കണക്ക്, ഫിസിക്സ് എന്നിവയിലെ നാല് ചോദ്യങ്ങളില്‍ പിഴവുണ്ടായതായി വിദഗ്ദ്ധസമിതി കണ്ടെത്തിയിട്ടുണ്ട്. കണക്കിന്റെ രണ്ടും രണ്ടു പരീക്ഷയിലേയും ഫിസിക്സിന്റെ ഓരോ ചോദ്യത്തിലുമാണ് പിഴവ്. ഈ ചോദ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.