കലാമണ്ഡലത്തിന്റെ ഭൂമിയില്‍ വ്യാപക കയ്യേറ്റം; ആധാരങ്ങള്‍ കാണാനില്ല

Wednesday 21 September 2011 10:24 am IST

തൃശൂര്‍ : ലോകത്തിന്‌ മുന്നില്‍ കേരളത്തിന്റെ അടയാളങ്ങളിലൊന്നായ കേരള കലാമണ്ഡലത്തിന്റെ സ്ഥലങ്ങളുടെ ആധാരം കാണാനില്ല. കലാമണ്ഡലത്തിന്‌ യുജിസി അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ മൊത്തം ഭൂമിയുടെ രേഖകള്‍ സമര്‍പ്പിക്കാനായി ബന്ധപ്പെട്ടവര്‍ ആധാരം ആവശ്യപ്പെട്ടപ്പോഴാണ്‌ അവ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്‌. കലാമണ്ഡലത്തിന്റെ ഭൂമി പലസ്ഥലങ്ങളിലും വ്യാപകമായ രീതിയില്‍ കയ്യേറിയതായും പറയുന്നു. ഇത്‌ സംബന്ധിച്ച്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിട്ടും തിരിച്ചുപിടിക്കുന്നതിന്‌ യാതൊരു നടപടികളും കലാമണ്ഡലം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കലാമണ്ഡലത്തിന്‌ എത്ര ഭൂമി ഉണ്ടെന്ന്‌ പോലും ബന്ധപ്പെട്ടവരെ അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. ആധാരത്തിന്റെ പകര്‍പ്പ്‌ താലൂക്ക്‌ ഓഫീസുകളില്‍ നിന്നും ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചതായി രജിസ്ട്രാര്‍ പറയുന്നുണ്ടെങ്കിലും കൃത്യസമയത്ത്‌ ഇത്‌ ലഭിക്കാന്‍ ഇടയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വെട്ടിക്കാട്ടിരിയില്‍ കലാമണഡലം ഹോസ്റ്റലിനോട്‌ ചേര്‍ന്ന്‌ മുസ്ലീം മദ്രസ കലാമണ്ഡലത്തിലെ ഭൂമി കയ്യേറിയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ 2005-2006 കാലഘട്ടത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും എം.ബീന ജില്ലാകളക്ടറായിരിക്കെ ഭൂമി അളന്ന്‌ മദ്രസ നിര്‍മാണത്തിനായി ഭൂമികയ്യേറിയതായി കണ്ടെത്തുകയും ചെയ്തെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതിന്‌ പുറമെ കലാമണ്ഡലം സ്ഥിതിചെയ്യുന്ന ഭാഗങ്ങളിലും വ്യാപകമായ രീതിയില്‍ കയ്യേറ്റം നടന്നതായി പറയുന്നുണ്ട്‌. എന്നാല്‍ അളന്ന്‌ തിട്ടപ്പെടുത്തുവാന്‍ ആധാരം പോലും ഇല്ലാത്ത അവസ്ഥയാണ്‌ ഉള്ളത്‌. ഉദ്യോഗസ്ഥ തലത്തില്‍ വന്ന വന്‍വീഴ്ചയാണ്‌ ആധാരം നഷ്ടപ്പെടാന്‍ കാരണമായതെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഓരോ ഫയലുകള്‍ സൂക്ഷിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കലാമണ്ഡലത്തില്‍ ഉണ്ടെങ്കിലും ഗുരുതരമായ കൃത്യവിലോപമാണ്‌ ഇവര്‍ കാണിക്കുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. നേരത്തെ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ല എന്നത്‌ വിവാദമായിരുന്നു. കലാമണ്ഡലത്തിന്‌ യുജിസി അംഗീകാരം കിട്ടാന്‍ ഭൂമി കൈമാറ്റം ചെയ്യണമെന്നാണ്‌ നിയമം. എന്നാല്‍ ഭൂമിയുടെ ആധാരം നഷ്ടപ്പെട്ടതോടെ യുജിസി അംഗീകാരവും കലാമണ്ഡലത്തിന്‌ നഷ്ടപ്പെട്ടേക്കുമെന്നാണ്‌ പറയുന്നത്‌. കലാമണ്ഡലത്തിലെ ഫര്‍ണിച്ചറുകളുടെ സ്റ്റോക്ക്‌ രജിസ്റ്റര്‍ പോലും കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പറയപ്പെടുന്നു. ഇതിനിടയില്‍ അമൂല്യങ്ങളായ താളിയോലഗ്രന്ഥങ്ങളും കലാമണ്ഡലത്തില്‍ നിന്നും നഷ്ടപ്പെട്ടതായി സൂചനയുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.