അമര്‍കാന്തിനും ശ്രീലാല്‍ ശുക്ലക്കും കമ്പാറിനും ജ്ഞാനപീഠം

Tuesday 20 September 2011 11:51 pm IST

ന്യൂദല്‍ഹി: ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. 2009 ലെ ജ്ഞാനപീഠ പുരസ്കാരത്തിന്‌ ഹിന്ദി സാഹിത്യകാരന്മാരായ അമര്‍കാന്തും ശ്രീലാല്‍ ശുക്ലയും അര്‍ഹരായി. 2010 ലെ ജ്ഞാനപീഠ പുരസ്കാരം കന്നഡ എഴുത്തുകാരന്‍ ചന്ദ്രശേഖര കമ്പാറിനാണ്‌. ദുരിതപൂര്‍ണമായ ജീവിതസാഹചര്യങ്ങളെ നേരിടുന്ന അമര്‍കാന്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നതും തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്‌. 2007 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ അമര്‍കാന്തിന്റെ 'ഇന്‍ഹിന്‍ ഹാതിയോരണ്‍ എന്ന നോവലിനായിരുന്നു. വ്യാസ സമ്മാന്‍, സോവിയറ്റ്‌ ലാന്റ്്‌ നെഹ്‌റു അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അമര്‍കാന്തിനെ തേടിയെത്തിയിട്ടുണ്ട്‌. ദാരിദ്ര്യംമൂലം തനിക്ക്‌ ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡ്‌ അമര്‍കാന്ത്‌ വില്‍ക്കാന്‍ തയ്യാറായത്‌ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സുഖംപട്ട, കാലേ ഉജാലേ, ബിച്ച്‌ കി ദീവാര്‍, ദേശ്‌ കെ ലോഗ്‌ എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളില്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ ശ്രീലാല്‍ ശുക്ലയുടെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ ഏറെയും ആക്ഷേപഹാസ്യമാണ്‌. 25 ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ശുക്ലക്ക്‌ പദ്മഭൂഷണ്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌, വ്യാസ സമ്മാന്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. സൂനി ഘാട്ട്‌ ക സൂരജ്‌, രാഗ്‌ ദര്‍ബാരി, ആദ്മി ക സഹര്‍, മക്കാന്‍, രാഗ്‌ വിരാഗ്‌ തുടങ്ങിയ നോവലുകളും അഗദ്‌ കി പര്‍വ്വ്‌, ആവോ ബേയ്ക്ക്‌ ലെയ്ന്‍ കച്ചി ദേര്‍, ഉമ്രാവോ നഗര്‍ മേം കച്ച്‌ ദിന്‍ തുടങ്ങിയ ആക്ഷേപഹാസ്യങ്ങളും യേ ഗര്‍ മേരാ നഹി, ഇസ്‌ ഉമൃ മേം തുടങ്ങിയ കഥാസമാഹാരങ്ങളും ശ്രീലാല്‍ ശുക്ലയുടേതായിട്ടുണ്ട്‌. 74-കാരനായ ചന്ദ്രശേഖര കമ്പാര്‍ കവി, നോവലിസ്റ്റ്‌, ഫോക്ലോറിസ്റ്റ്‌, നാടകകൃത്ത്‌, സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്‌. വടക്കന്‍ കന്നഡഭാഷയും ശൈലിയും കഥകളിലും നോവലുകളിലും നാടകത്തിലും പ്രയോഗിച്ച കമ്പാര്‍ ഭാരതത്തിലെ പ്രാദേശിക അനുഷ്ഠാനങ്ങളോടും ആചാരങ്ങളോടുമാണ്‌ അഭിനിവേശം പുലര്‍ത്തിയത്‌. 1937ല്‍ ബെല്‍ഗാവി ജില്ലയിലെ ഗോദഗേരി ഗ്രാമത്തിലാണ്‌ ചന്ദ്രശേഖരകമ്പാര്‍ ജനിച്ചത്‌. പത്മശ്രീ, കബീര്‍ സമ്മാനം, കാളിദാസ സമ്മാനം, പമ്പ അവാര്‍ഡ്‌, കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കമ്പാറിനെ തേടിയെത്തിയിട്ടുണ്ട്‌. 1975 ല്‍ രാജ്യത്തെ ഏറ്റവും മികച്ച നാടകമായി കമ്പാറിന്റെ നാട്യസംഘ്‌ തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.