ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിലേക്ക്‌

Thursday 15 May 2014 10:08 pm IST

തൊടുപുഴ: വനഭൂമി കൈയ്യേറി വാള്‍കുരിശ്‌ സ്ഥാപിക്കുകയും അതിന്റെ മറവില്‍ വനഭൂമി കൈയ്യേറുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹിന്ദു ഐക്യവേദി പ്രക്ഷോഭം ആരംഭിക്കുന്നു. മെയ്‌ 19ന്‌ നഗരമ്പാറ ഫോറസ്റ്റ്‌ റെയിഞ്ച്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും പിക്കറ്റിംഗും നടത്തുമെന്ന്‌ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്‌ സ്വാമി ദേവചൈതന്യ, ജനറല്‍ സെക്രട്ടറി എസ്‌. പത്മഭൂഷണ്‍, പ്രകൃതി സംരക്ഷണവേദി സംസ്ഥാന ചെയര്‍മാന്‍ എം.എന്‍. ജയചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാല്‍ക്കുളംമേട്‌ വനഭൂമിയിലെ വാള്‍വച്ച കുരിശ്‌ സ്ഥാപിച്ച സ്ഥലം ഹിന്ദു ഐക്യവേദി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്‌ സ്വാമി ദേവചൈതന്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‌ കുരിശ്‌ സ്ഥാപിച്ചതു മാത്രമല്ല സമീപ വനം കൈയ്യേറ്റവും കാണാന്‍ സാധിച്ചു. ഹിന്ദു ഐക്യവേദി ചീഫ്‌ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുരിശില്‍ നിന്നും വാള്‍ മാത്രം വനംവകുപ്പ്‌ മാറ്റുകയും, കൈയ്യേറ്റത്തിന്‌ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ വനം വകുപ്പ്‌ കുരിശ്‌ അവിടെ നിലനിര്‍ത്തുകയും ചെയ്തിരിക്കുകയാണ്‌.
വനംവകുപ്പിന്റെ നിയമവിരുദ്ധമായ നടപടി കൈയ്യേറ്റത്തിന്‌ പ്രോത്സാഹനം നല്‍കുമെന്ന ഹിന്ദു ഐക്യവേദിയുടെ ആശങ്ക ശരിവയ്ക്കുന്നതാണ്‌ കുരിശിന്റെ സമീപത്ത്‌ നടക്കുന്ന വനം കൈയ്യേറ്റം. ഇതിന്‌ ഒരു പഞ്ചായത്ത്‌ അംഗം നേതൃത്വം കൊടുക്കുന്നതായും തൊഴിലുറപ്പിന്റെ ഫണ്ട്‌ ഉപയോഗിച്ചതായും സൂചനയുണ്ട്‌. ഇടുക്കിയിലെ കാടുകള്‍ വെളുപ്പിക്കുകയും മേടുകള്‍ നികത്തുകയും ചെയ്യുന്നവരെ കര്‍ഷകരായി ചിത്രീകരിച്ച്‌ അവരെ ന്യായീകരിക്കുകയും യഥാര്‍ത്ഥ കര്‍ഷകരുടെ മണ്ണും കൃഷിയും സംരക്ഷിച്ച്‌ നിലനിര്‍ത്തുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്നത്‌ സ്വയം നാശത്തിലേക്ക്‌ നടക്കുന്ന നടപടിയാണെന്ന്‌ ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.