മെഡിക്കല്‍ എന്‍ട്രന്‍സ്‌: ഒന്നാം റാങ്ക്‌ ബാസിലിന്‌

Thursday 15 May 2014 10:40 pm IST

തിരുവനന്തപുരം: 2014ലെ മെഡിക്കല്‍, എഞ്ചിനീയറിങ്‌ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക്‌ ലിസ്റ്റും എഞ്ചിനീയറിങ്‌ പ്രവേശന പരീക്ഷയ്ക്ക്‌ യോഗ്യത നേടിയ വിദ്യാര്‍ഥിക്ക്‌ ലഭിച്ച സ്കോറുമാണ്‌ പ്രസിദ്ധീകരിച്ചത്‌. മെഡിക്കല്‍ വിഭാഗത്തിലെ ആദ്യ എട്ടുറാങ്കുകളും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. എറണാകുളം കരിമ്പുംകാലായില്‍ ഹൗസില്‍ ബാസില്‍ കോശി സജീവിനാണ്‌ ഒന്നാംറാങ്ക്‌. 954.8936 സ്കോര്‍ നേടിയാണ്‌ ബാസില്‍ ഒന്നാമതെത്തിയത്‌. എറണാകുളം മൂവാറ്റുപുഴ ഓലക്കാട്ട്‌ ഹൗസില്‍ അരുണ്‍ അശോകന്‍ (സ്കോര്‍- 950) രണ്ടാം റാങ്കും പത്തനംതിട്ട കൈതമൂട്ടില്‍ ഹൗസില്‍ ആബിദ്‌ അലിഖാന്‍ (സ്കോര്‍- 949.8936) മൂന്നാം റാങ്കും നേടി.
മെഡിക്കല്‍ വിഭാഗത്തില്‍ 93,897 പേര്‍ പരീക്ഷയെഴുതിയതില്‍ 83,460 പേര്‍ യോഗ്യത നേടി. എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷയെഴുതിയ 1,03,398 വിദ്യാര്‍ഥികളില്‍ 74,307 പേരാണ്‌ യോഗ്യത നേടിയത്‌. വിവിധ കാരണങ്ങളാല്‍ എഞ്ചിനീയറിങ്‌ വിഭാഗത്തില്‍ 320 പേരുടെയും മെഡിക്കല്‍ വിഭാഗത്തില്‍ 297 പേരുടെയും ഫലം തടഞ്ഞുവച്ചതായി മന്ത്രി പി.കെ. അബ്്ദുറബ്‌ അറിയിച്ചു.
പത്തനംതിട്ട കൂടല്‍ വെട്ടത്തുപുരയിടത്തില്‍ എസ്‌. സ്നേഹ, കോഴിക്കോട്‌ പുരക്കാട്‌ നവനീതം ഹൗസില്‍ എന്‍. നവീന്‍ എന്നിവര്‍ പട്ടികജാതി വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ വീതം നേടി. ജനറല്‍ വിഭാഗത്തില്‍ യഥാക്രമം 724, 856 എന്നിങ്ങനെയാണ്‌ ഇവരുടെ റാങ്ക്‌. പട്ടികവര്‍ഗ വിഭാഗത്തില്‍ കാസര്‍കോഡ്‌ എന്‍ മകജെ വില്ലേജില്‍ ബി.ഐ. പ്രസീദ ഒന്നാം റാങ്കും വയനാട്‌ കൈതയ്ക്കല്‍ സുദര്‍ശന ഹൗസില്‍ ഭാവന രണ്ടാം റാങ്കും കരസ്ഥമാക്കി. 551, 1873 എന്നിങ്ങനെയാണ്‌ ജനറല്‍ വിഭാഗത്തില്‍ ഇവര്‍ക്ക്‌ ലഭിച്ച റാങ്ക്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.