കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയര്‍ പിടിയില്‍

Thursday 15 May 2014 10:13 pm IST

കൊച്ചി: കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പിടിയിലായി. ജല അതോറിട്ടിയുടെ വിവിധ കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ വകയില്‍ ലഭിക്കാനുളള ബില്ലുകള്‍ മാറിക്കിട്ടാന്‍ സമീപിച്ച കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പളളിമുക്ക്‌ ജല അതോറിറ്റി പി.എച്ച്‌ ഡിവിഷന്‍ ഓഫീസിലെ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ വര്‍ഗ്ഗീസ്‌ എം.സാമുവേലാണ്‌ വിജിലന്‍സിന്റെ പിടിയിലായത്‌. കരാറുകാരന്‍ എറണാകുളം സ്വദേശി ഗോപാലകൃഷ്ണനില്‍ നിന്ന്‌ വ്യാഴാഴ്ച രാവിലെ 25,000 രൂപ വാങ്ങുന്നതിനിടെയാണ്‌ ഇയാളെ അറസ്റ്റു ചെയ്തതെന്ന്‌ വിജിലന്‍സ്‌ ഡിവൈഎസ്പി എ.ഡി ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. വിജിലന്‍സ്‌ എസ്‌.പി: കെ.എം.ആന്റണിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ജല അതോറിട്ടിയുടെ വിവിധ കരാര്‍ ജോലികള്‍ ചെയ്തു തീര്‍ത്ത വകയില്‍ 35 ലക്ഷത്തോളം രൂപ ഗോപാലകൃഷ്ണന്‌ കിട്ടാനുണ്ട്‌. ജോലികള്‍ മാസങ്ങള്‍ക്ക്‌ മുമ്പേ തീര്‍ന്നിരുന്നു. തുക കിട്ടാനുളള മറ്റ്‌ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പണം കിട്ടാത്തിനെ തുടര്‍ന്ന്‌ കരാറുകാരന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിനാഫ്തലീന്‍ പൊടി വിതറിയ നോട്ട്‌ എഞ്ചിനീയര്‍ക്ക്‌ നല്‍കാനായി വിജിലന്‍സ്‌ കരാറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തി പണം കരാറുകാരന്‍ കൈമാറുന്നതിനിടെയാണ്‌ വിജിലന്‍സ്‌ സംഘത്തിന്റെ പിടിയിലാകുന്നത്‌.
എഞ്ചിനീയറെ ഇന്ന്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ്‌ ഇന്‍സ്പെക്ടര്‍മാരായ എം.കെ. ശാന്താറാം, കെ.വി. ബെന്നി, എസ്‌.ഐ മാരായ മോഹനന്‍, സത്യപ്പന്‍, അലി, സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ വര്‍ഗീസിനെ പിടികൂടിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.