ഭരണമറിയാന്‍ മണിക്കൂറുകള്‍ മാത്രം

Thursday 15 May 2014 10:28 pm IST

ന്യൂദല്‍ഹി: അടുത്ത കേന്ദ്ര ഭരണം ആര്‍ക്കെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നുച്ചക്ക്‌ വ്യക്തമാകും.. ഇന്ത്യന്‍ ജനതയുടെ മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ പലതിന്റെയും ആകാംക്ഷക്ക്‌ അതോടെ അറുതിയാകും. 28 സംസ്ഥാനങ്ങളിലേയും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലേയും 81.4 കോടി വോട്ടര്‍മാരുടെ സമ്മതിദാനാവകാശം ആര്‍ക്ക്‌ അനുകൂലമെന്നാണ്‌ ഇന്നു സുവ്യക്തമാകുന്നത്‌. ബിജെപിയോ കോണ്‍ഗ്രസോ എന്ന സ്ഥിതിയില്‍നിന്ന്‌ ബിജെപി എത്രസീറ്റു നേടി അധികാരത്തില്‍ വരും എന്ന സ്ഥിതിയിലേക്കാണ്‌ അവസാന മണിക്കൂറുകളിലെ ചര്‍ച്ചകള്‍. നാടെങ്ങും വിജയമാഘോഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഉറക്കമിളച്ചു കാത്തിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മധുരം വിതരണം ചെയ്തും വാദ്യം മുഴക്കിയും വിജയവാര്‍ത്തയെ വരവേല്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും ആവേശം അടക്കി കാത്തിരിക്കുകയാണ്‌.
നരേന്ദ്രമോദി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിക്കനുകൂലമായ വിധിയെഴുത്താണ്‌ ഏവരും പ്രതീക്ഷിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ സര്‍വ്വേകളും എക്സിറ്റ്‌ പോള്‍ ഫലങ്ങളും പ്രവചിച്ചതു പോലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന്‌ ദേശീയ രാഷ്ട്രീയത്തില്‍ നടക്കുന്ന സഖ്യചര്‍ച്ചകളില്‍ നിന്നു വ്യക്തം. തെരഞ്ഞെടുപ്പ്‌ ഫലം എന്തായാലും പത്തുവര്‍ഷത്തെ അഴിമതി നിറഞ്ഞ ഭരണം അവസാനിപ്പിച്ച്‌ യുപിഎക്ക്‌ കേന്ദ്രത്തില്‍ നിന്നും പടിയിറങ്ങേണ്ടിവരുമെന്ന്‌ ഉറപ്പാണ്‌. ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണി, ഭരണത്തിലുള്ള കോണ്‍ഗ്രസ്‌ മുന്നണി എന്നല്ലാതെ മൂന്നാമതൊരു മുന്നണി ഭരണ സാധ്യത ആരും പ്രതീക്ഷിക്കുന്നതേയില്ല.
പതിനാറാം ലോക്സഭയെ തെരഞ്ഞെടുക്കുന്നതിനായി ഒന്‍പത്‌ ഘട്ടങ്ങളിലായി 39 ദിവസം നീണ്ട തെരഞ്ഞെടുപ്പ്‌ പ്രക്രിയയാണ്‌ രാജ്യത്തു നടന്നത്‌. നരേന്ദ്രമോദി, എല്‍.കെ അദ്വാനി, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ പ്രമുഖരുള്‍പ്പെടെ 8,251 സ്ഥാനാര്‍ത്ഥികള്‍ 543 ലോക്സഭാ സീറ്റുകളിലായി മത്സരിച്ചു. 18,78,306 ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന വോട്ടുകളെണ്ണാന്‍ പത്തുലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ്‌ 989 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിന്യസിച്ചിരിക്കുന്നത്‌.
കാലത്ത്‌ എട്ടു മണിക്ക്‌ രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും വോട്ടുകള്‍ എണ്ണിത്തുടങ്ങും. അര മണിക്കൂര്‍ ഇടവിട്ട്‌ ലീഡ്നില ഔദ്യോഗികമായി പുറത്തുവിടും. പത്തു റൗണ്ടുകള്‍ നീളുന്ന വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞ്‌ ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ റിസള്‍റ്റ്‌ പ്രഖ്യാപിക്കും. തുടര്‍ന്ന്‌ ഇലക്ഷന്‍ കമ്മീഷന്‌ തെരഞ്ഞെടുപ്പ്‌ ഫലം കൈമാറും. വൈകിട്ട്‌ അഞ്ചു മണിയോടെ 543 ലോക്സഭാ സീറ്റുകളിലേയും ഫലം പൂര്‍ണ്ണമായും അറിയിക്കാനാകുമെന്നാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കണക്കുകൂട്ടല്‍.
80 സീറ്റുകളുള്ള ഉത്തര്‍പ്രദേശിലേയും 40 സീറ്റുകളുള്ള ബീഹാറിലേയും 48 സീറ്റുകളുള്ള മഹാരാഷ്ട്രയിലേയും തെരഞ്ഞെടുപ്പ്‌ ഫലമാണ്‌ ബിജെപിക്ക്‌ നിര്‍ണ്ണായകമാകുന്നത്‌. മൂന്ന്‌ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറു സീറ്റിലധികം നേടാന്‍ ബിജെപിക്ക്‌ സാധിച്ചാല്‍ കേവലഭൂരിപക്ഷത്തിലേക്ക്‌ ഒറ്റയ്ക്ക്‌ എത്താന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌.
ഇന്ദിരാഗാന്ധി വധത്തിനു ശേഷം നടന്ന 1984ലെ പൊതു തെരഞ്ഞെടുപ്പിലുണ്ടായ 64 ശതമാനമെന്ന റെക്കോര്‍ഡ്‌ തകര്‍ത്താണ്‌ ഇത്തവണ വോട്ടിംഗ്‌ ശതമാനം 66.4%ത്തിലേക്ക്‌ ഉയര്‍ന്നത്‌. നരേന്ദ്രമോദിയും ബിജെപിയും രാജ്യത്തഴിച്ചുവിട്ട പ്രചാരണകൊടുങ്കാറ്റാണ്‌ വോട്ടിംഗ്‌ ശതമാനം ഇത്രയധികം ഉയര്‍ത്തിയത്‌. രാജ്യത്തിന്റെ മുക്കിലും മൂലയിലും അലയടിച്ച മോദിതരംഗം ബിജെപിയെ കേവല ഭൂരിപക്ഷത്തിലേക്കെത്തിക്കുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.