ആലുവ റെയില്‍വേസ്റ്റേഷനെ അധികൃതര്‍ അവഗണിക്കുന്നു

Tuesday 20 September 2011 11:57 pm IST

ആലുവ: വരുമാനത്തില്‍ സംസ്ഥാനത്തു മൂന്നാം സ്ഥാനമുള്ള ആലുവ റെയില്‍വേസ്റ്റേഷനെ അധികൃതര്‍ അവഗണിക്കുന്നു. എക്ലാസ്‌ സ്റ്റേഷനുകളില്‍ റയില്‍വേനിഷ്കര്‍ഷിച്ചിട്ടുള്ള പലസൗകര്യങ്ങളും ആലുവയ്ക്ക്‌ അന്യമാണ്‌. ഇവിടെ തല്‍സമയ ടിക്കറ്റ്‌ കൗണ്ടറുകള്‍ അഞ്ചെണ്ണം ഉണ്ടെങ്കിലും രണ്ടോ മൂന്നോ എണ്ണമേ പലപ്പോഴും പ്രവര്‍ത്തിക്കാറുള്ളു. ടിക്കറ്റ്‌ എടുക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ നിരപ്ലാറ്റ്‌ ഫോമിലേക്കും മുറ്റത്തേക്കും നീളുന്നതുമൂലം സ്റ്റേഷനില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്‌. ഏക്ലാസ്സ്റ്റേഷനുകളില്‍ അഞ്ചുകൗണ്ടുറുകള്‍ നിര്‍ബന്ധമാണെങ്കിലും ജീവനക്കാര്‍ ഇല്ലെന്ന പേരിലാണ്‌ അടച്ചിടുന്നത്‌. നേരത്തെ കൗണ്ടറില്‍ 20 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 13 പേരെയുള്ളു. റിസര്‍വേഷന്‍ കൗണ്ടറിനു പുതിയ കെട്ടിടം തുറന്നപ്പോള്‍ ഏഴുപേരെ അങ്ങോട്ടുമാറ്റി പകരം നിയമനം ഇതുവരെ നടന്നിട്ടില്ല. 200 കിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്കു രണ്ടോ മൂന്നോദിവസം മുന്‍പു ടിക്കറ്റ്‌ നല്‍കുന്ന സമ്പ്രദായം നിര്‍ത്തിയതും തല്‍സമയയടിക്കറ്റ്‌ കൗണ്ടറില്‍ തിരക്കുകൂട്ടാന്‍ കാരണമായിട്ടുണ്ട്‌. പ്രതിവര്‍ഷം 30 കോടി രൂപ വരുമാനവും പ്രതിദിനം 15,000 യാത്രക്കാരുമുള്ള സ്റ്റേഷനാണ്‌ ആലുവ ഇടുക്കിജില്ലയുടെ കവാടമായ ഇവിടെ ഇരുചക്രവാഹനങ്ങള്‍ വച്ചുനിത്യേനട്രെയിനില്‍ ദൂരസ്ഥലങ്ങളില്‍ ജോലിക്കുപോകുന്നവര്‍ നിരവധി. കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ നിന്നും മോചനം തേടി ഇടപ്പള്ളിക്ക്‌ ഇപ്പുറത്തേക്കുള്ള ഒട്ടേറെയാത്രക്കാരും ആലുവ റെയില്‍വേസ്റ്റേഷനെ ആശ്രയിക്കുന്നു. ആലുവായില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ ഓര്‍ഡിനറി ബസില്‍ 13 രൂപയാണ്‌ ചര്‍ജ്‌. ട്രയിനിലാകട്ടെ ഇത്രയും ദൂരം പോകാന്‍ മൂന്നുരൂപ മതി. രാവിലെയുള്ള പാസഞ്ചര്‍ട്രയിനുകളില്‍ ആളുകള്‍ ജനല്‍ കമ്പികളില്‍വരെ തൂങ്ങിനിന്നാണ്‌ യാത്രചെയ്യുന്നത്‌. അതിനാല്‍ പാസഞ്ചര്‍ട്രെയിനുകളില്‍ ടിക്കറ്റ്‌ എടുക്കാന്‍ എത്തുന്നവരെജീവനക്കാര്‍ നിരുല്‍സാഹപ്പെടുത്തുകയാണു പതിവ്‌. ടിക്കറ്റ്‌ കിട്ടാനുള്ള കാലതാമസം മൂലം പലര്‍ക്കും ഈ ട്രെയിനുകള്‍കിട്ടാറുമില്ല. ഈ സമയത്ത്‌ എക്സ്പ്രസ്‌ ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഇതിലെ കടന്നുപോകുന്നതും സ്റ്റേഷനില്‍ തിരക്കുവര്‍ദ്ധിപ്പിക്കുന്നു. മേല്‍കൂര ഇല്ലാത്ത ഫ്ലാറ്റ്ഫോമുകളും ഭോജനശാലയുടെ അഭാവവും യാത്രക്കാര്‍ക്കു പ്രയാസങ്ങള്‍ ഉണ്ടാകുന്നു. തിരുവനന്തപുരം- കോഴിക്കോട്‌ ജനശതാബ്ദി ട്രെയിനുകള്‍ക്ക്‌ ഇവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ അതില്‍ പോകാനുള്ളവര്‍ വേറെ ട്രെയിനില്‍ തൃശൂരിലും മറ്റും പോയാണു കയറുന്നത്‌. കേരളത്തിലൂടെ കടന്നുപോകുന്ന 16 പ്രധാനപ്പെട്ടട്രെയിനുകള്‍ക്ക്‌ ഇന്നും ആലുവായില്‍ സ്റ്റോപ്പില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.