മോദി ഫലം കണ്ടു; അമ്മയോടൊപ്പം

Friday 16 May 2014 3:21 pm IST

ഗാന്ധിനഗര്‍: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി തെരഞ്ഞെടുപ്പ്‌ ഫലം വീക്ഷിച്ചത്‌ ഗാന്ധിനഗറിലെ സ്വന്തം വീട്ടിലിരുന്നു കൊണ്ടാണ്‌. എല്ലാ ദിവസത്തെയും പോലെ തന്നെയായിരുന്നു മോദിക്ക്‌ ഇന്നും. പതിവ്‌ ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‌ ശേഷം അമ്മ ഹീരാ ബായ്ക്കൊപ്പം ടെലിവിഷന്റെ മുന്നില്‍ രാവിലെ തന്നെ സാധാരണ രാഷ്ട്രീയപ്രവര്‍ത്തകനെ പ്പോലെ വന്നിരുന്നു. ഫലം പുറത്തുവന്നത്‌ മുതല്‍തന്നെ ബിജെപിയുടെ നില ഭദ്രമായിരുന്നു. വ്യക്തമായ ഭൂരിപക്ഷം പുലര്‍ത്തി ബിജെപി ആധിപത്യം ഉറപ്പാക്കിയാണ്‌ ഫലപ്രഖ്യാപനത്തിന്റെ ഓരോ മണിക്കൂറും കടന്ന്‌ പോയത്‌. ബിജെപിക്ക്‌ ആഘോഷിക്കത്തക്കവണ്ണമുള്ള ലീഡ്‌ വന്നപ്പോഴും കോണ്‍ഗ്രസ്‌ തകര്‍ന്നടിയുമ്പോഴും മുഖത്ത്‌ ഒരു ഭാവമാറ്റവുമില്ലാതെ ടെലിവിഷനില്‍ നിന്ന്‌ കണ്ണെടുക്കാതെ മൗനമായി വീക്ഷിക്കുക മാത്രമാണ്‌ നരേന്ദ്ര മോദി ചെയ്തത്‌. ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ലീഡിനു പിന്നില്‍ നില്‍കുമ്പോഴും മുന്നില്‍ നില്‍ക്കുമ്പോഴും മോദിയുടെ മുഖത്ത്‌ ഭാവവ്യത്യാസങ്ങള്‍ വിരിയുന്നില്ല. ഇങ്ങനെ വേണം നമ്മുടെ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെന്ന്‌ കണ്ടുനിന്നവര്‍ക്ക്‌ തോന്നിപ്പോകും. വിജയിക്കുമ്പോള്‍ അമിതമായി സന്തോഷിക്കാതെയും പരാജയപ്പെടുമ്പോള്‍ തളരാതെ അടുത്ത വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന നേതാവ്‌, അതാണ്‌ നരേന്ദ്രമോദി. ആഘോഷങ്ങള്‍ ഉച്ചസ്ഥായിയിലെത്തുന്നതോടെ വഡോദരയിലെ തന്റെ വോട്ടര്‍മാരുടെ ആഹ്ലാദത്തില്‍ പങ്ക്‌ ചേരാന്‍ ഉച്ചയോടെ മോദി എത്തും. മറ്റ്‌ രണ്ട്‌ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ വിജയാഹ്ലാദത്തിലും മോദി ഒപ്പം ചേരും. ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയാഘോഷത്തിനായി സംഘടിപ്പിച്ച അഹമ്മദാബാദിലെ റാലിയില്‍ ഏഴ്‌ മണിയോടെ മോദി എത്തിച്ചേരും. തുടര്‍ന്ന്‌ അര്‍ദ്ധരാത്രിയോളം അണികളുടെ ആഘോഷങ്ങള്‍ അലതല്ലും. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ വിജയാഘോഷം ആഴ്ച്ചകളോളം നീണ്ടുനില്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.